ADVERTISEMENT

റെക്കോർഡുകൾ അനുദിനം തകർത്തുള്ള മുന്നേറ്റത്തിന് സഡൻ ബ്രേക്കിട്ട് രാജ്യാന്തര സ്വർണവില കുത്തനെ താഴേക്ക്. ഏതാനും നാളുകൾക്ക് മുമ്പ് ഔൺസിന് 2,685 ഡോളർ എന്ന സർവകാല റെക്കോർഡ് ഉയരംതൊട്ട വില ഇന്നൊരുവേള 2,634 ഡോളറിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 2,642.5 ഡോളറിൽ. യുഎസ് ഡോളറിന്റെയും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ (ബോണ്ട്) ആദായനിരക്കിന്റെയും മുന്നേറ്റമാണ് സ്വർണത്തിന് തിരിച്ചടിയാകുന്നത്. നിലവിലെ ട്രെൻഡ് തുടർന്ന് വില 2,630 ഡോളറിന് താഴെയെത്തിയാൽ ആ വീഴ്ച 2,600 ഡോളറിലേക്കുവരെ തുടരുമെന്നാണ് നിരീക്ഷകരുടെ വാദം. അങ്ങനെയെങ്കിൽ കേരളത്തിലും വില ഇടിയും.

അതോ കുതിച്ചു കയറുമോ വില?
 

ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തിയായ അമേരിക്കയുടെ കേന്ദ്രബാങ്കായ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ചതും ഇറാൻ-ഇസ്രയേൽ സംഘർഷവും ഇന്ത്യയിലും ചൈനയിലും ആഭരണ ഡിമാൻഡ് ഉയർന്നതും റിസർവ് ബാങ്ക് അടക്കമുള്ള കേന്ദ്ര ബാങ്കുകൾ സ്വർണം വൻതോതിൽ വാങ്ങിക്കൂട്ടിയതുമാണ് കഴിഞ്ഞയാഴ്ചകളിൽ സ്വർണത്തെ റെക്കോർഡ് ഉയരത്തിലെത്തിച്ചത്.

gold1
(Photo by DIBYANGSHU SARKAR / AFP)

നിലവിൽ സാഹചര്യം മാറി. പലിശനിരക്ക് കുറഞ്ഞതോടെ ദുർബലമായ യുഎസ് ഡോളറും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും ഇപ്പോൾ‌ ഉണർവിന്റെ ട്രാക്കിലാണ്. യൂറോ, യെൻ തുടങ്ങിയ 6 സുപ്രധാന കറൻസികൾക്കെതിരെ 100.38 വരെ താഴ്ന്ന യുഎസ് ഡോളർ ഇൻഡെക്സ് 102.5ന് മുകളിലെത്തി. 3.62% വരെ കൂപ്പുകുത്തിയ യുഎസ് സർക്കാരിന്റെ 10-വർഷ ട്രഷറി യീൽഡ് (കടപ്പത്ര ആദായനിരക്ക്) 4 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയർന്നു.

പലിശയിൽ ഇനി ബംപർ വെട്ട് ഇല്ല!
 

കഴിഞ്ഞമാസം പലിശനിരക്ക് അരശതമാനം വെട്ടിക്കുറച്ച യുഎസ് ഫെഡറൽ റിസർവ്, അടുത്തയോഗത്തിൽ പരമാവധി 0.25% പലിശയിളവ് നൽകാനേ സാധ്യതയുള്ളൂ എന്ന വിലയിരുത്തലും സ്വർണത്തിന് തിരിച്ചടിയാണ്. നേരത്തേ ഡോളറും ബോണ്ടും ദുർബലമായപ്പോൾ ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപ പദ്ധതികളിലേക്ക് ചുവടുമാറ്റിയ നിക്ഷേപകർ ഇപ്പോൾ ഡോളറിലേക്കും ബോണ്ടിലേക്കും തിരിച്ചെത്തുകയാണ്. ഇതും സ്വർണ നിക്ഷേപ പദ്ധതികളിൽ നിന്ന് ലാഭമെടുത്തുള്ള പിന്മാറ്റവും സർണവിലയെ താഴേക്ക് നയിക്കുന്നു. അമേരിക്കയിൽ തൊഴിലവസരങ്ങൾ ഉയർന്നതും വേതനനിരക്ക് മെച്ചപ്പെട്ടതും സമ്പദ്‍വ്യവസ്ഥ കരകയറുന്നതിന്റെ സൂചനയാണ് നൽകുന്നത്. അതായത്, പലിശയിൽ ഇനിയൊരു ബംപർ വെട്ടിക്കുറയ്ക്കൽ അനിവാര്യതയല്ലെന്ന് ഫെഡറൽ റിസർവ് കരുതുന്നുണ്ട്.

Image : Shutterstock
Image : Shutterstock

ഇറാൻ-ഇസ്രയേൽ സംഘർഷം, ഇന്ത്യയിലെയും ചൈനയിലെയും ആഭരണ ഡിമാൻഡ് എന്നീ അനുകൂലഘടകങ്ങൾ കൂടി ഇല്ലായിരുന്നെങ്കിൽ സ്വർണവില കൂടുതൽ താഴ്ചയിലേക്ക് വീഴുമായിരുന്നു. എന്നാൽ, അമേരിക്കയിൽ പണപ്പെരുപ്പക്കണക്ക് നിരാശപ്പെടുത്തുകയാണെങ്കിൽ സ്വർണവില വീണ്ടും ഉയർന്നേക്കാം. അങ്ങനെയെങ്കിൽ അടുത്ത പ്രതിരോധ നിരക്ക് 2,700 ഡോളറാണെന്നും നിരീക്ഷകർ പറയുന്നു. അതായത്, കേരളത്തിൽ വില പുതിയ ഉയരത്തിലേക്ക് നീങ്ങാം.

കേരളത്തിൽ ഇന്ന് വില മാറ്റമില്ല
 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 7,100 രൂപയിലും പവന് 56,800 രൂപയിലുമാണ് വ്യാപാരം. ഇന്നലെ ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. ഈ മാസം 4ന് രേഖപ്പെടുത്തിയ ഗ്രാമിന് 7,120 രൂപയും പവന് 56,960 രൂപയുമാണ് സംസ്ഥാനത്തെ റെക്കോർഡ് വില. 18 കാരറ്റ് സ്വർണവിലയും ഇന്ന് ഗ്രാമിന് മാറ്റമില്ലാതെ 5,870 രൂപയിൽ തുടരുന്നു. അതേസമയം, വെള്ളിവില കുറഞ്ഞു. ഗ്രാമിന് 2 രൂപ കുറഞ്ഞ് വില 98 രൂപയായി.

English Summary:

Gold Slips on Bond Rally; Prices Steady in Kerala, Silver Dips, All Eyes on the US. Interest Rates, Geopolitics, and Gold: Decoding the Price Puzzle.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com