ട്രംപ് ചരിതം രണ്ടാംനാളിൽ ഏശിയില്ല! ഉയിർത്തെണീറ്റ് സ്വർണം; ഇന്ന് പവന് ഒറ്റയടിക്ക് 650 രൂപയിലധികം കൂടി
Mail This Article
യുഎസ് പ്രസിഡന്റ് പദത്തിലേക്ക് ഡോണൾഡ് ട്രംപ് തിരിച്ചെത്തിയ പശ്ചാത്തലത്തിൽ ഇന്നലെ ആഗോളതലത്തിൽ തകർന്നടിഞ്ഞ സ്വർണവില ഇന്ന് മികച്ച നേട്ടത്തിലേക്ക് ഉയിർത്തെണീറ്റു. കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 680 രൂപ തിരിച്ചുകയറി വില 58,280 രൂപയായി. 85 രൂപ വർധിച്ച് 7,285 രൂപയാണ് ഗ്രാം വില. ഗ്രാമിന് 70 രൂപ ഉയർന്ന് 18 കാരറ്റ് സ്വർണവില 6,000 രൂപയായി. വെള്ളിവില ഒരു രൂപ വർധിച്ച് ഗ്രാമിന് വീണ്ടും 100 രൂപയിലുമെത്തി.
രാജ്യാന്തര വിലയിലെ തകർച്ചയുടെ ചുവടുപിടിച്ച് കേരളത്തിൽ ഇന്നലെ പവന് ഒറ്റദിവസം 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞിരുന്നു. 18 കാരറ്റിന് 140 രൂപയുമാണ് ഇന്നലെ കുറഞ്ഞത്; വെള്ളിക്ക് 3 രൂപയും. രാജ്യാന്തര വില ഔൺസിന് 2,760 ഡോളർ നിലവാരത്തിൽ നിന്ന് 2,640 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതായിരുന്നു കേരളത്തിലെ വിലയേയും ഇന്നലെ വീഴ്ത്തിയത്.
ഇന്ന് എന്തുകൊണ്ട് സ്വർണം കുതിച്ചു?
വീണ്ടും യുഎസ് പ്രസിഡന്റ് ആകുന്ന ട്രംപിന്റെ നയങ്ങൾ യുഎസിന്റെ പണപ്പെരുപ്പം, സർക്കാരിന്റെ സാമ്പത്തികച്ചെലവുകൾ എന്നിവ വർധിക്കാനും സർക്കാരിന്റെ കടമെടുപ്പ് കൂടാനും ഇടവരുത്തുമെന്നാണ് വിലയിരുത്തലുകൾ. ഇതോടെ ഡോളറിന്റെ മൂല്യവും യുഎസ് സർക്കാരിന്റെ കടപ്പത്രങ്ങളുടെ ആദായനിരക്കും (ട്രഷറി യീൽഡ്) കുതിച്ചുയർന്നതും യുഎസ് ഓഹരി വിപണിയും ക്രിപ്റ്റോകറൻസികളും മുന്നേറ്റത്തിലേറിയതും സ്വർണത്തിന്റെ തിളക്കം മായ്ക്കുകയായിരുന്നു.
ട്രംപ് വീണ്ടും വരുന്നത് പണപ്പെരുപ്പം കൂടാനിടയാക്കുമെന്നതിനാൽ യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കുകയെന്ന നിലപാടിൽ നിന്ന് പിന്നാക്കം പോയേക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാൽ, ഇന്നലെ പ്രഖ്യാപിച്ച പണനയത്തിൽ അടിസ്ഥാന പലിശനിരക്ക് യുഎസ് ഫെഡറൽ റിസർവ് കാൽ ശതമാനം (0.25%) കുറച്ചു. ഇത് ഏറെക്കുറേ പ്രതീക്ഷിച്ചിരുന്നതുമാണ്. എന്നാൽ, യുഎസ് ഫെഡറൽ റിസർവ് നയംമാറ്റം പ്രഖ്യാപിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കിയത്.
എന്നാൽ, അതുണ്ടായില്ലെന്ന് മാത്രമല്ല; പണപ്പെരുപ്പം ആശ്വാസതലത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്നും യുഎസിൽ തൊഴിൽ വിപണി ഊർജം വീണ്ടെടുക്കുകയാണെന്നും ഫെഡ് ചെയർമാൻ ജെറോം പവൽ പറഞ്ഞതോടെ ബോണ്ടും ഡോളറും വീണു; സ്വർണം തിരിച്ചുകയറി. ഔൺസിന് 2,709 ഡോളർ വരെ തിരികെക്കയറിയ വില, ഇപ്പോഴുള്ളത് 2,694ൽ. ഇതിനുപുറമേ ഡോളറിനെതിരെ രൂപയുടെ മൂല്യം കൂടുതൽ ദുർബലമാകുന്നതും കേരളത്തിലെ വിലയെ ഇന്ന് മേലോട്ട് നയിച്ചു.
ഇന്നൊരു പവന് നികുതിയുൾപ്പെടെ വിലയെന്ത്?
മൂന്ന് ശതമാനമാണ് സ്വർണത്തിന്റെ ജിഎസ്ടി. സ്വർണാഭരണത്തിന് 53.10 രൂപയാണ് (45 രൂപ+18% ജിഎസ്ടി) ഹോൾമാർക്ക് ഫീസ്. പുറമേ പണിക്കൂലിയുമുണ്ട്. പണിക്കൂലി മിനിമം 5% കണക്കാക്കിയാൽ ഇന്നൊരു പവൻ ആഭരണത്തിന് കേരളത്തിൽ 63,085 രൂപ നൽകണം. ഒരു ഗ്രാം ആഭരണത്തിന് 7,885 രൂപയും. ഇന്നലെ വില പവന് 62,350 രൂപയും ഗ്രാമിന് 7,794 രൂപയുമായിരുന്നു.