‘നല്ലോണം കലക്കി ഒരു ഗ്ലാസ്സൂടെ തരട്ടെ മോനേ?’; സഞ്ജുവിന്റെ ടിക്ടോക് വൈറൽ

Mail This Article
തിരുവനന്തപുരം∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായ മലയാളി താരം സഞ്ജു സാംസണിന്റെ ടിക്ടോക് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. അമ്മ ലിജി വിശ്വനാഥിനൊപ്പമുള്ള ടിക്ടോക് വിഡിയോയാണ് ആരാധകർക്കിടയിൽ തരംഗമായത്. മോഹൻലാലും ജഗതി ശ്രീകുമാറും തകർത്തഭിനയിച്ച ‘യോദ്ധ’ എന്ന മലയാള ചിത്രത്തിലെ ഒരു രംഗമാണ് ഇരുവരും ചേർന്ന് ടിക്ടോക്കിലൂടെ അനുകരിച്ചത്. ടിക്ടോക്കിലെ ജനകീയമായ ഒരു രംഗമാണിത്.
ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തെ തോൽപ്പിക്കാൻ ജഗതിയുടെ കഥാപാത്രം ഉറക്കമിളച്ചിരുന്ന് ചെസ് പഠിക്കുന്ന രംഗമുണ്ട്. ഇതിനിടെ നടി മീന അവതരിപ്പിക്കുന്ന അമ്മ കഥാപാത്രം ഒരു ഗ്ലാസുമായെത്തി മകന് നൽകുന്ന രംഗമാണ് ഇരുവരും ചേർന്ന് അഭിനയിച്ചിരിക്കുന്നത്. തന്റെ ഔദ്യോഗിക ടിക്ടോക് അക്കൗണ്ടിലാണ് ഈ രസകരമായ വിഡിയോ സഞ്ജു പങ്കുവച്ചിരിക്കുന്നത്. ഇതിനു മുൻപ് ഇത്തരം ഡയലോഗുകൾ അനുകരിക്കുന്ന വിഡിയോ താരം പങ്കുവച്ചിട്ടില്ല. ‘അമ്മയോടൊപ്പം തമാശയ്ക്കുള്ള സമയം’ എന്ന ചെറു വാചകത്തോടെയാണ് സഞ്ജു വിഡിയോ ആരാധകർക്കായി പങ്കുവച്ചത്.
ന്യൂസീലൻഡിൽ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമിൽ അംഗമായിരുന്ന സഞ്ജു, മുതിർന്ന താരം ശിഖർ ധവാനു പരുക്കേറ്റപ്പോൾ സീനിയർ ടീമിലും ഇടംപിടിച്ചിരുന്നു. ട്വന്റി20 പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങളിൽ അവസരം ലഭിച്ചെങ്കിലും അതു മുതലാക്കാനായില്ല. അതേസമയം, ഉജ്വല ഫീൽഡിങ്ങുമായി കരുത്തുകാട്ടുകയും ചെയ്തു.
English Summary: Sanju Samson's Tiktok video with mother Lijo Vishwanath is viral in social media