യോ–യോ മോദിക്ക് യോ–യോ കോലി; ചോദ്യവും ഉത്തരവുമായി പ്രധാനമന്ത്രിയും ക്യാപ്റ്റനും!
Mail This Article
ന്യൂഡൽഹി ∙ ക്രിക്കറ്റ് താരങ്ങളെ ‘ഓടിച്ചിട്ട്’ കായികക്ഷമത അളക്കുന്ന യോ–യോ ടെസ്റ്റിനെക്കുറിച്ചുള്ള ചോദ്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി; യോ–യോ സ്റ്റൈലിൽ മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. കേന്ദ്ര സർക്കാരിന്റെ ‘ഫിറ്റ് ഇന്ത്യ ചാലഞ്ചി’ന്റെ ഒന്നാം വാർഷികത്തിനു നടത്തിയ സംവാദത്തിലാണു മോദിയും കോലിയും സംസാരിച്ചത്. യോ യോ ടെസ്റ്റിനെക്കുറിച്ചു പറഞ്ഞു തരാമോ, ഇന്ത്യൻ നായകന് ഈ പരിശോധനയിൽ ഇളവുണ്ടോ എന്നിങ്ങനെയായിരുന്നു മോദിയുടെ ചോദ്യങ്ങൾ. യോ യോ ടെസ്റ്റിനെന്നല്ല, പരിശീലനത്തിനുപോലും തനിക്കടക്കം ആർക്കും ഇളവില്ലെന്നായിരുന്നു കോലിയുടെ മറുപടി.
ഇതിനൊക്കെ ആദ്യം മുന്നിട്ടിറങ്ങാനാണു താൻ ശ്രമിക്കാറുള്ളതെന്നു കോലി പറഞ്ഞു. ശാരീരികക്ഷമതയിൽ പരാജയപ്പെട്ടാൽ തന്നെയും ടീമിലേക്കു പരിഗണിക്കില്ല. ഈ ടെസ്റ്റ് വളരെ പ്രധാന്യമർഹിക്കുന്നതാണ്. മറ്റു ടീമുകളുമായുള്ള താരതമ്യത്തിൽ ഇന്ത്യൻ താരങ്ങളുടെ കായികക്ഷമത അൽപം താഴെയാണ്. അതുയർത്താനാണു ശ്രമം. ക്രിക്കറ്റിനു വേണ്ട പ്രാഥമിക ഗുണങ്ങളിലൊന്നാണു ഫിറ്റ്നസെന്നും കോലി മറുപടി നൽകി.
കായികക്ഷമത അളക്കാനുള്ള ശാസ്‌ത്രീയ രീതിയാണു യോ–യോ െടസ്റ്റിലേത്. 20 മീറ്റർ അങ്ങോട്ടും അത്രയും ദൂരം തിരിച്ചും ഓടി, സെക്കൻഡുകൾ മാത്രം വിശ്രമിച്ചു വീണ്ടും ഓട്ടം ആവർത്തിക്കുന്നതാണു ടെസ്‌റ്റിന്റെ രീതി.
English Summary: Narendra Modi and Virat Kohli