ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് ഉൾപ്പെടുത്തണമെന്ന് ആവശ്യം; ഈ ഘട്ടത്തിൽ നടക്കില്ലെന്ന് ഹൈക്കോടതി
![Kalari Kalari](https://img-mm.manoramaonline.com/content/dam/mm/mo/district-news/new-delhi/images/2023/2/4/kalaripayattu.jpg?w=1120&h=583)
Mail This Article
കൊച്ചി ∙ ഉത്തരാഖണ്ഡിൽ നടക്കുന്ന ദേശീയ ഗെയിംസിൽ കളരിപ്പയറ്റ് മത്സര ഇനമായി ഉൾപ്പെടുത്തണമെന്ന ആവശ്യം ഈ ഘട്ടത്തിൽ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. മത്സരക്രമം വന്ന സമയത്ത് അധികൃതരെ സമീപിക്കേണ്ടതായിരുന്നുവെന്നും ഗെയിംസ് തുടങ്ങിയതിനുശേഷം പങ്കെടുക്കണമെന്ന് ആവശ്യപ്പെടാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ഇടക്കാല ഉത്തരവ് ആവശ്യം നിരസിച്ചത്.
കളരിപ്പയറ്റ് ഇത്തവണ പ്രദർശന ഇനം മാത്രമാണെന്നും മത്സരയിനമാക്കണണെന്നും ആവശ്യപ്പെട്ട് 2023ലെ സ്വർണമെഡൽ ജേതാവ് മലപ്പുറം സ്വദേശി വി.സൂര്യശങ്കറാണ് കോടതിയെ സമീപിച്ചത്. എന്നാൽ വിഷയം മുൻപ് ഡൽഹി ഹൈക്കോടതി പരിഗണിച്ചതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹർജിക്കാരൻ ഈ സമയം കേസിൽ കക്ഷി ചേർന്നിട്ടില്ലെന്നും കോടതി നിലപാടെടുത്തു. ഹർജിയിൽ ഇന്ത്യൻ ഒളിംപിക് അസോസിയേഷനും മറ്റ് എതിർകക്ഷികൾക്കും നോട്ടിസയയ്ക്കാനും കോടതി നിർദേശം നല്‍കി. നാലാഴ്ചയ്ക്കകം എതിർസത്യവാങ്മൂലം സമർപ്പിക്കണം.