അധ്യാപികയോട് 30 വർഷം മുൻപ് പറഞ്ഞ വാക്കു പാലിച്ച് ‘ക്യാപ്റ്റന് റോഹൻ ബാസിൻ’

Mail This Article
ഡൽഹിയിൽ നിന്നു ചിക്കാഗോയിലേക്കു പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ ഇരിക്കുകയായിരുന്നു സുധ സത്യൻ. വിമാനം യാത്രയ്ക്കു തയാറാകുന്നു. അതിനിടയിൽ പൈലറ്റിന്റെ പേര് അനൗൺസ് ചെയ്തു. ‘ക്യാപ്റ്റൻ റോഹൻ ബാസിൻ’. ആ പേര് സുധയുടെ ഓർമകളെ 30 വർഷങ്ങൾ പിന്നിലേക്കു കൊണ്ടുപോയി.
അന്ന് സുധ അധ്യാപിക ആയിരുന്ന പ്ലേസ്കൂളില്‍ ചേരാനായി അമ്മയുടെ കൈപിടിച്ച് ഒരു മൂന്നു വയസ്സുകാരൻ എത്തി. പേര് ചോദിച്ചപ്പോൾ ക്യാപ്റ്റൻ റോഹൻ ബാസിൻ എന്നാണ് ആ കൊച്ചു മിടുക്കൻ പറഞ്ഞത്. ആത്മവിശ്വാസത്തോടു കൂടിയുള്ള അന്നത്തെ അവന്റെ വാക്കുകൾ യാഥാർഥ്യമായിരിക്കുന്നു എന്നു സുധ തിരിച്ചറിഞ്ഞു.
അവൻ പൈലറ്റായ വിമാനത്തിലാണു താൻ ഇന്നു ചിക്കാഗോയിലേക്കു പറക്കുന്നത് എന്ന കാര്യം അവരെ സന്തോഷിപ്പിച്ചു. പൈലറ്റിനെ കാണാൻ അവസരമൊരുക്കണമെന്ന് എയർഹോസ്റ്റസിനോട് അഭ്യർഥിച്ചു. അങ്ങനെ സുധയെ കാണാൻ ക്യാപ്റ്റൻ റോഹൻ എത്തി. നിറകണ്ണുകളോടെ സുധ അവനെ കെട്ടിപ്പിടിച്ചു.
റോഹന്റെ അമ്മ നിവേദിത ബാസിനാണ് ഇക്കാര്യം ട്വീറ്റിലൂടെ അറിയിച്ചത്. വിമാനത്തിനുള്ളിൽ നിന്ന് എടുത്ത ചിത്രത്തിനൊപ്പം ഇരുവരും ഒന്നിച്ചുള്ള പഴയ ചിത്രവും പങ്കുവച്ചിട്ടുണ്ട്.
റോഹന്റെ മുത്തച്ഛനും മാതാപിതാക്കളും പൈലറ്റുമാരാണ്. ഇവരെ കണ്ടു വളർന്ന റോഹൻ ചെറുപ്പം മുതലേ പൈലറ്റ് ആവാൻ കൊതിച്ചു. പേരിനൊപ്പം ക്യാപ്റ്റൻ എന്നു പറഞ്ഞു ശീലിച്ചു. പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ പൈലറ്റ് ആകാനുള്ള പരിശീലനം തുടങ്ങി. ഒടുവിൽ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്തു. റോഹന്റെ സഹോദരി നിഹാരികയും പൈലറ്റാണ്.