പുതിയ പങ്കാളിയോട് പഴയ കാര്യങ്ങൾ തുറന്നു പറയണോ, സ്നേഹം പ്രകടിപ്പിക്കേണ്ടത് എങ്ങനെ?

Mail This Article
പ്രണയത്തകർച്ചയിൽനിന്നു കരകയറുന്നവരിൽ പലരും പിന്നീടു പുതിയ പങ്കാളികളെ തേടാറുണ്ട്. പഴയ കാര്യങ്ങൾ ഓർക്കുന്നത് വേദനാജനകമായതുകൊണ്ടും പഴയ കാര്യങ്ങൾ പറഞ്ഞാൽ പുതിയ പങ്കാളി എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടും പലരും ഭൂതകാല അനുഭവങ്ങളെക്കുറിച്ച് പുതിയ പങ്കാളിയോടു പറയാറില്ല. പക്ഷേ, പഴയ കാര്യങ്ങൾ പുതിയ പങ്കാളി കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് റിലേഷൻഷിപ്പ് വിദഗ്ധർ പറയുന്നു. പഴയ അനുഭവങ്ങൾ നൽകിയ ട്രോമകളെ ഓർമിപ്പിക്കുന്ന തരത്തിൽ പെരുമാറാതിരിക്കാനും അത്തരം ദുരനുഭവങ്ങൾ ആവർത്തിക്കാതിരിക്കാനുമുള്ള മുൻകരുതലുകൾ പങ്കാളികൾക്കെടുക്കാനും അത്തരം തുറന്നു പറച്ചിലുകൾ സഹായിക്കും. പുതിയ പങ്കാളികളെ തേടുന്നവർ ബന്ധങ്ങൾ ആജീവനാന്തം നിലനിർത്താൻ ചില കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം.
മനസ്സു തുറക്കാൻ മടിവേണ്ട
ജീവിതത്തിൽ സംഭവിച്ച നല്ല കാര്യങ്ങളെക്കുറിച്ചു മാത്രമല്ല, മോശം കാര്യങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും പങ്കാളിയോട് തുറന്നു സംസാരിക്കുന്നതാണ് നല്ലത്. കഴിഞ്ഞ കാലത്ത് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതിനെപ്പറ്റി ഉറപ്പായും സൂചിപ്പിക്കണം. ബന്ധങ്ങളിൽ വിശ്വസ്തത വളർത്താൻ ഇതുപകരിക്കും. ജീവിതത്തിൽ മുന്നോട്ട് വെല്ലുവിളികൾ ഉണ്ടായാലും ഒരുമിച്ചു നിന്ന് നേരിടാൻ തുറന്ന ആശയവിനിമയം സഹായിക്കും. ഭൂതകാലത്തിലെ ചില തെറ്റുകൾ വർത്തമാനകാല ജീവിതത്തെയും മോശമായി ബാധിക്കാൻ ഇടയുണ്ട്. അതുകൊണ്ട് ഭൂതകാലത്തിൽ സംഭവിച്ച കാര്യങ്ങളും പങ്കാളിയോട് തുറന്നു സംസാരിക്കണം.
സ്നേഹം പ്രകടിപ്പിക്കണം
പങ്കാളിയുമായുള്ള വഴക്കുകൾക്കിടയിൽ മിക്കവരും സ്ഥിരം പറയുന്ന ഒരു ഡയലോഗ് ഉണ്ട്– ‘എനിക്ക് നിന്നെ വളരെ ഇഷ്ടമാണ് പക്ഷേ അതെങ്ങനെ പ്രകടിപ്പിക്കണമെന്ന് എനിക്കറിയില്ല’. ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് കേൾക്കുന്നതിനേക്കാൾ പങ്കാളികൾക്ക് ഇഷ്ടം ആ സ്നേഹം അനുഭവിക്കാനാണ്. പങ്കാളിയെ സ്നേഹിക്കുന്നുണ്ടെന്ന് വാക്കുകളിലൂടെ അവർക്ക് തോന്നിപ്പിക്കുമ്പോഴല്ല ആ സ്നേഹം അനുഭവിക്കാൻ അവസരം നൽകുമ്പോഴാണ് ഒരു ബന്ധം മനോഹരമാവുന്നത്. സ്നേഹമുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കാൻ ശ്രമിക്കാതെ പ്രവൃത്തികളിലും പെരുമാറ്റത്തിലും ആ സ്നേഹം പ്രതിഫലിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാകേണ്ടത്.
മുൻഗണന പങ്കാളിക്ക് നൽകാം
‘എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും നിനക്കൊപ്പം ഉണ്ടാകും’ എന്ന ഉറപ്പ് പരസ്പരം നൽകാൻ കഴിയണം. പ്രണയത്തിനപ്പുറം ജീവിതത്തിൽ മറ്റ് ഉത്തരവാദിത്തങ്ങളും ഉറപ്പായും ഉണ്ടാകും. ജോലിത്തിരക്ക് , മറ്റ് കുടുംബാംഗങ്ങളോടുള്ള ഉത്തരവാദിത്തം എന്നിവയൊക്കെ നിറവേറ്റുന്നതിനിടയ്ക്ക് പങ്കാളിയെ മറക്കരുത്. ജീവിതത്തിൽ എപ്പോഴും മുൻഗണന പങ്കാളിക്കു നൽകാൻ ശ്രദ്ധിക്കണം.