എംഐ–17 വി5 എങ്ങനെ ഇന്ത്യയിലെത്തി, ഇതിൽ എത്ര പേർക്ക് കയറാം?

Mail This Article
എംഐ-17വി-5 ( റഷ്യയിലെ പേര് എംഐ-8MTV-5) ഹെലികോപ്റ്ററുകളുടെ എംഐ-8/17 സീരീസിലെ ഒരു സൈനിക ഗതാഗത പതിപ്പാണ്. റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്ററാണ് ഇത് നിർമിക്കുന്നത്. ക്യാബിനിനകത്തും ബാഹ്യ സ്ലിങ്ങിലും ചരക്ക് കൊണ്ടുപോകാൻ രൂപകൽപന ചെയ്തിട്ടുള്ള എംഐ-17വി-5 ലോകത്തിലെ തന്നെ ഏറ്റവും നൂതന ഗതാഗത ഹെലികോപ്റ്ററുകളിൽ ഒന്നാണ്. സൈനിക ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്കോർട്ട്, പട്രോളിങ്, സെർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) ദൗത്യങ്ങളിലും ഇത് വിന്യസിക്കാം.
എംഐ–17 വി5 എങ്ങനെ ഇന്ത്യയിലെത്തി?
∙ 2013 ഫെബ്രുവരിയിൽ നടന്ന എയ്‌റോ ഇന്ത്യ ഷോയിൽ വച്ചാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയം (MoD) 12 എംഐ-17വി5 ഹെലികോപ്റ്ററുകൾക്ക് ഓർഡർ നൽകിയത്.
∙ 2008 ഡിസംബറിൽ 80 ഹെലികോപ്റ്ററുകൾക്കായി റഷ്യയുമായി 130 കോടി ഡോളറിന്റെ കരാർ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചു.
∙ 2011 ൽ 36 ഹെലികോപ്റ്ററുകൾ ഡെലിവറി ചെയ്തു.
∙ 2012-ലും 2013-ലും 71 എംഐ-17വി-5 ഹെലികോപ്റ്ററുകൾക്കായുള്ള കരാറുകളിൽ റോസോബോറോനെക്‌സ്‌പോർട്ടും ഇന്ത്യൻ പ്രതിരോധ മന്ത്രലയവും ഒപ്പുവച്ചു. 2008-ൽ ഒപ്പുവച്ച കരാറിന്റെ ഭാഗമായിരുന്നു പുതിയ ഓർഡറുകൾ.
∙ 2018 ജൂലൈയിൽ എംഐ-17വി-5 മിലിട്ടറി ട്രാൻസ്പോർട്ട് ഹെലികോപ്റ്ററുകളുടെ അവസാന ബാച്ച് റോസോബോറോനെക്‌സ്‌പോർട്ട് ഇന്ത്യയിലേക്ക് എത്തിച്ചു.
∙ 2019 ഏപ്രിലിൽ എംഐ-17വി-5 ഹെലികോപ്റ്ററുകളുടെ അറ്റകുറ്റപ്പണികളും ഓവർഹോൾ സൗകര്യവും ഇന്ത്യ തന്നെ ഏറ്റെടുത്തു.
എംഐ-17വി-5 ന് മറ്റു രാജ്യങ്ങളുമായുള്ള ബന്ധം
∙ 2011-ൽ അഫ്ഗാൻ നാഷണൽ ആർമിക്ക് (ANA) 63 എംഐ-17വി-5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനായി റോസോബോറോനെക്‌സ്‌പോർട്ടുമായി യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസ് കരാർ ഉറപ്പിച്ചു.
∙ 2015 ജൂണിൽ 12 എംഐ-8MTV-5 ഹെലികോപ്റ്ററുകൾ വിതരണം ചെയ്യുന്നതിനായി ബെലാറഷ്യൻ പ്രതിരോധ മന്ത്രാലയവുമായി റഷ്യ കരാർ ഒപ്പിട്ടു. 2017 ഏപ്രിലിൽ ഡെലിവറികൾ അവസാനിച്ചു.

∙ സവിശേഷതകൾ
എംഐ-17വി-5 മീഡിയം-ലിഫ്റ്റർ രൂപകൽപന ചെയ്തത് എംഐ-8 എയർഫ്രെയിമിനെ അടിസ്ഥാനമാക്കിയാണ്. ഹെലികോപ്റ്റർ അതിന്റെ മുൻപതിപ്പുകളേക്കാൾ മികച്ച പ്രകടന സവിശേഷതകൾ നിലനിർത്തുന്നു. കൂടാതെ ഉഷ്ണമേഖലാ, സമുദ്ര കാലാവസ്ഥയിലും മരുഭൂമിയിലും പറക്കാൻ കഴിയും.
ഹെലികോപ്റ്ററിന്റെ വലിയ ക്യാബിൻ 12.5 ചതുരശ്ര മീറ്റർ തറ വിസ്തീർണവും 23 ചതുരശ്ര മീറ്റർ എഫക്റ്റീവ് സ്പെയ്സും ഉണ്ട്. സ്റ്റാൻഡേർഡ് പോർട്ട്സൈഡ് വാതിലും പിൻവശത്തുള്ള റാമ്പും സൈനികരുടെയും ചരക്കുകളുടെയും പെട്ടെന്നു അകത്തേക്ക് പ്രവേശിക്കുന്നതിനും പുറത്തുകടക്കുന്നതിനും അനുവദിക്കുന്നു. വിപുലീകരിച്ച സ്റ്റാർബോർഡ് സ്ലൈഡിങ് ഡോർ, റാപ്പല്ലിങ്, പാരച്യൂട്ട് ഉപകരണങ്ങൾ, സേർച്ച്‌ലൈറ്റ്, എഫ്എൽഐആർ സിസ്റ്റം, എമർജൻസി ഫ്ലോട്ടേഷൻ സിസ്റ്റം എന്നിവ ഹെലികോപ്റ്ററിൽ ഘടിപ്പിക്കാം.
ഹെലികോപ്റ്ററിന് 13,000 കിലോഗ്രാം ഭാരമുണ്ട്. ഇതിന് ഒരേസമയം 36 സായുധ സൈനികരെ കൊണ്ടുപോകാം, അല്ലെങ്കിൽ 4,500 കിലോഗ്രാം ഭാരം റോപ്പിൽ കെട്ടിവലിച്ച് കൊണ്ടുപോകാനും കഴിയും.
∙ കോക്ക്പിറ്റും ഏവിയോണിക്സും
എംഐ-17വി-5 ന്റെ ഗ്ലാസ് കോക്ക്പിറ്റിൽ അത്യാധുനിക ഏവിയോണിക്സ് സജ്ജീകരിച്ചിരിക്കുന്നു. ഇതിൽ നാല് മൾട്ടിഫങ്ഷൻ ഡിസ്പ്ലേകൾ (എംഎഫ്ഡികൾ), നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഒരു ഓൺ-ബോർഡ് വെതർ റഡാർ, ഒരു ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. വിപുലമായ കോക്ക്പിറ്റ് സംവിധാനങ്ങൾ പൈലറ്റുമാരുടെ ജോലിഭാരം കുറയ്ക്കുന്നു.
ഇന്ത്യയുടെ ആവശ്യങ്ങൾക്കനുസരിച്ച് നിർമിച്ചിട്ടുള്ള എംഐ-17വി-5 ഹെലികോപ്റ്ററുകളിലെ പ്രത്യേകം നാവിഗേഷൻ സംവിധാനം, ഇൻഫർമേഷൻ-ഡിസ്‌പ്ലേകൾ, ക്യൂയിങ് സിസ്റ്റങ്ങൾ എല്ലാം KNEI-8 ഏവിയോണിക്‌സ് സ്യൂട്ടുമായി സംയോജിപ്പിച്ചിരിക്കുന്നു.
∙ എംഐ-17വി-5 ലെ ആയുധ സംവിധാനങ്ങൾ
എംഐ-17വി-5 ന് ഷ്ടൂർം -വി (Shturm-V) മിസൈലുകൾ, എസ്-8 റോക്കറ്റുകൾ, 23 എംഎം മെഷീൻ ഗൺ, പികെടി മെഷീൻ ഗൺ, എകെഎം സബ് മെഷീൻ ഗൺ എന്നിവയുണ്ട്. ആയുധങ്ങൾ ലക്ഷ്യമാക്കിയുള്ള എട്ട് ഫയറിങ് പോസ്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു.
ശത്രു സൈനികർ, കവചിത വാഹനങ്ങൾ, കരയെ അടിസ്ഥാനമാക്കിയുള്ള ലക്ഷ്യങ്ങൾ, മറ്റ് സ്ഥിരവും ചലിക്കുന്നതുമായ ലക്ഷ്യങ്ങൾ എന്നിവയെ ലക്ഷ്യംവയ്ക്കാൻ ഓൺബോർഡ് ആയുധങ്ങൾ പ്രയോഗിക്കാൻ ക്രൂവിന് സാധിക്കും.

∙ ട്രാൻസ്പോർട്ട് ഹെലികോപ്റ്ററായും എംഐ-17വി-5
ഹെലികോപ്റ്ററിന്റെ കോക്ക്പിറ്റും സുപ്രധാന ഘടകങ്ങളും കവചിത പ്ലേറ്റുകളാൽ സംരക്ഷിച്ചിരിക്കുന്നു. തോക്കുധാരിയുടെ സംരക്ഷണത്തിനായി പിൻവശത്തെ മെഷീൻ ഗൺ സ്ഥാനവും കവചിത പ്ലേറ്റുകളാൽ ഘടിപ്പിച്ചിരിക്കുന്നു.
സ്ഫോടനങ്ങളിൽ നിന്ന് സംരക്ഷിക്കാനായി ഇന്ധന ടാങ്കുകളിൽ പ്രത്യേക സംവിധാനവും ഈ ഹെലികോപ്റ്ററിലുണ്ട്. ഹെലികോപ്റ്ററിൽ എൻജിൻ-എക്‌സ്‌ഹോസ്റ്റ് ഇൻഫ്രാറെഡ് (ഐആർ) സപ്രസ്സറുകൾ, ഒരു ഫ്ലെയേഴ്സ് ഡിസ്പെൻസർ, ഒരു ജാമർ എന്നിവ ഉൾപ്പെടുന്നു.
∙ എംഐ-17വി-5 ന്റെ എൻജിനും പ്രകടനവും
എംഐ-17വി-5-ന്റെ പവർപ്ലാന്റ് ഒരു ക്ലിമോവ് ടിവി3-117വിഎം അല്ലെങ്കിൽ വികെ-2500 ടർബോ-ഷാഫ്റ്റ് എൻജിനിലാണ് പ്രവർത്തിക്കുന്നത്. ടിവി3-117വിഎം പരമാവധി 2,100എച്ച്പി പവർ വികസിപ്പിക്കുന്നു, അതേസമയം വികെ-2500 2,700എച്ച്പി പവർ ആണ് ഔട്ട്പുട്ട് നൽകുന്നത്. ടിവി3-117വിഎം എൻജിൻ സീരീസിലെ നവീകരിച്ച പതിപ്പാണ് വികെ-2500. ഇത് ഒരു പുതിയ ഫുൾ-അതോറിറ്റി ഡിജിറ്റൽ കൺട്രോൾ സിസ്റ്റം (FADEC) കൊണ്ട് സജ്ജീകരിച്ചിരിക്കുന്നതാണ്.
എംഐ-17വി-5 ന് പരമാവധി വേഗം മണിക്കൂറിൽ 250 കിലോമീറ്റർ ആണ്. കൂടാതെ 580 കിലോമീറ്റർ സ്റ്റാൻഡേർഡ് റേഞ്ചും ഉണ്ട്. രണ്ട് സഹായ ഇന്ധന ടാങ്കുകൾ കൂടി ഘടിപ്പിക്കുമ്പോൾ അത് 1,065 കിലോമീറ്റർ വരെ കൂടുതൽ പറക്കാൻ സാധിക്കും. ഇതിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയും.
English Summary: Mi-17v-5 Military transport helicopter