ലോകമാകെ സ്തംഭിച്ച ക്രൗഡ്സ്ട്രൈക്, അപ്ഡേറ്റാകാത്ത ഫെയ്സ്ബുക്ക്, യാത്രക്കാരെ കുഴക്കിയ ഐർസിടിസി വെബ്സൈറ്റ്!
Mail This Article
2024 ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമ്പോൾ ടെക് ലോകത്ത് നല്ലതും ചീത്തയുമായ നിരവധി കാര്യങ്ങൾ സംഭവിച്ച വർഷമാണ് കടന്നുപോകുന്നത്. ഏറ്റവും വേഗമേറിയ ക്വാണ്ടം ചിപ്പും എഐയുടെ വളർച്ചയ്ക്കുമൊക്കെ സാക്ഷ്യം വഹിച്ചപ്പോൾ കോഡിലെ ചെറിയ മാറ്റങ്ങളാൽ, പടുത്തുയർത്തിയ ഡിജിറ്റൽ സൗധങ്ങൾ തകർന്നടിയുന്നതും നാം കണ്ടു. ഇത്തരം ചില സംഭവങ്ങൾ പരിശോധിക്കാം.
ക്രൗഡ്സ്ട്രൈക്
മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ രാജ്യാന്തര തലത്തില്‍ താളം തെറ്റിച്ചതായിരുന്നു ക്രൗഡ് സ്ട്രൈക് അപ്ഡേറ്റ്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബാങ്കുകള്‍, ടെലഫോണ്‍ കമ്പനികള്‍, സ്ട്രീമിങ് സേവനങ്ങള്‍, ഐടി കമ്പനികള്‍, ടിവി ചാനലുകള്‍ എന്നു തുടങ്ങി ഓഹരി വിപണികളുടേയും ആശുപത്രികളുടേയും വിമാനത്താവളങ്ങളുടേയും റെയില്‍വേ സ്റ്റേഷനുകളുടേയും പ്രവര്‍ത്തനങ്ങളെ വരെ ഈ പ്രതിസന്ധി നേരിട്ടു ബാധിച്ചു.
2024 ജൂലൈ 19-ന് 04:09 UTC-ന് ഒരു സ്ഥിരം അപ്ഡേറ്റിന്റെ ഭാഗമായി, ക്രൗഡ്സ്ട്രൈക് വിൻഡോസ് സിസ്റ്റങ്ങളിലേക്ക് ഒരു സെൻസർ കോൺഫിഗറേഷൻ അപ്‌ഡേറ്റ് പുറത്തിറക്കി. ഫാൽക്കൺ പ്ലാറ്റ്‌ഫോമുപയോഗിക്കുന്നവർക്കു ലഭിക്കുന്ന സംരക്ഷണ സംവിധാനങ്ങൾ തുടർച്ചയായി അപ്ഡേറ്റു ചെയ്യുന്നതിന്റെ ഭാഗമായിരുന്നു ഈ സെൻസർ കോൺഫിഗറേഷൻ അപ്‌ഡേറ്റുകളും. പക്ഷേ അവസാനം അവതരിപ്പിച്ച കോൺഫിഗറേഷൻ അപ്‌ഡേറ്റ് ചില ലോജിക് പിശകിന് കാരണമായി, അതിന്റെ ഫലമായി സിസ്റ്റം ക്രാഷും ബ്ലൂ സ്ക്രീനും (BSOD) സംഭവിച്ചു. ലോകം സ്തംഭിച്ചു.
മെറ്റാ പ്ലാറ്റ്‌ഫോമുകൾ
ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്, മെസഞ്ചർ എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ ഈ വർഷം നിരവധി തകരാറുകൾ നേരിട്ടു. പല പ്രശ്‌നങ്ങളും വേഗത്തിൽ പരിഹരിച്ചെങ്കിലും, 2024 മാർച്ച് 5ന് ഒരു സെർവർ പ്രശ്‌നത്താൽ, ഉപയോക്താക്കൾക്ക് ഏകദേശം നാല് മണിക്കൂറോളം ഈ പ്ലാറ്റ്‌ഫോമുകളൊന്നും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. അതിനുശേഷം നിരവധി തവണ, ഡിസംബർ 10ന് ഉൾപ്പെടെ ഇത്തരത്തിൽ തകരാറുകൾ നേരിട്ടു.
ഗൂഗിൾ സേവന തടസങ്ങൾ
സെപ്റ്റംബർ 18ന്, ഗൂഗിൾ ക്ലൗഡ് സേവനങ്ങൾ ഏകദേശം ആറുമണിക്കൂറോളം പ്രവർത്തനരഹിതമായി, ഒക്ടോബർ 18ന്, ഐഓഎസ് ഉപകരണങ്ങളിൽ ഉപയോക്താക്കൾക്ക് അവരുടെ ജിമെയിൽ ഏകദേശം ആറുമണിക്കൂറോളം തടസ്സം നേരിട്ടു. ഇത്തരത്തിൽ നിരവധി തടസങ്ങളാണ് ഈ വര്‍ഷമുണ്ടായത്.
ഐആർസിടിസി
ഇന്ത്യൻ റെയിൽവേയുടെ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ഐആർസിടിസി ഡിസംബർ 9ന് സെർവർ തകരാറിലായപ്പോൾ പ്രശ്‌നങ്ങൾ നേരിട്ടു. അവസാന നിമിഷം ടിക്കറ്റുകൾ, പ്രത്യേകിച്ച് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാർക്ക് ഇത് കാര്യമായ വെല്ലുവിളികൾ സൃഷ്ടിച്ചു, എന്നിരുന്നാലും കുറച്ച് മിനിറ്റുകൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചു.
സാങ്കേതികവിദ്യയുമായി നമ്മുടെ ജീവിതം എത്രത്തോളം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഈ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധികളുമാണ് ഇത്തരത്തിലുള്ള ഉദാഹരണങ്ങൾ കാണിക്കുന്നത്.