HSST കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ്: തത്തുല്യ യോഗ്യത മതിയോ?

Mail This Article
എംഎ ഇംഗ്ലിഷ്, ബിഎഡ്, സെറ്റ് യോഗ്യതകൾ നേടിയിട്ടുണ്ട്. എംഎയ്ക്ക് ഇലക്ടീവ് വിഷയമായി ഇംഗ്ലിഷ് ലാംഗ്വേജ് ടീച്ചിങ് പഠിച്ചിരുന്നു. എച്ച്എസ്എസ്ടി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തികയിൽ അപേക്ഷിക്കാൻ കഴിയുമോ? എന്റെ യോഗ്യത കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് പിജിക്കു തുല്യമായി പരിഗണിക്കാൻ സാധ്യതയുണ്ടോ? തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണോ?
ഈ തസ്തികയുടെ യോഗ്യത ഇങ്ങനെയാണ്: യുജിസി അംഗീകൃത സർവകലാശാലയിൽനിന്ന് 50% മാർക്കോടെ ഇംഗ്ലിഷിൽ നേടിയ ബിരുദാനന്തര ബിരുദവും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജിൽനിന്നു നേടിയ ബി ഗ്രേഡിൽ കുറയാത്ത ഇംഗ്ലിഷ് അധ്യാപന ബിരുദാനന്തര ഡിപ്ലോമ അല്ലെങ്കിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷിലോ ഇംഗ്ലിഷ് ഫോർ കമ്യൂണിക്കേഷനിലോ നേടിയ ബിരുദാനന്തര ഡിപ്ലോമ, റഗുലർ പഠനത്തിലൂടെ ഇംഗ്ലിഷ് വിഷയത്തിൽ നേടിയ ബിഎഡ്, സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്).
വിജ്ഞാപനത്തിൽ പറയുന്ന തത്തുല്യ യോഗ്യതയും പിഎസ്‌സി സ്വീകരിക്കും. ഈ തസ്തികയ്ക്കു നിശ്ചയിച്ചിരിക്കുന്ന യോഗ്യതയുടെ തത്തുല്യ യോഗ്യതയാണ് താങ്കൾക്കുള്ളതെന്നു തെളിയിക്കാൻ കേരളത്തിലെ ഏതെങ്കിലും സർവകലാശാലയിൽനിന്ന് തുല്യതാ സർട്ടിഫിക്കറ്റ് വാങ്ങി പിഎസ്‌സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി.