ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രേറിയൻ: 24 വർഷമായിട്ടും തസ്തികയുമില്ല, നിയമനവുമില്ല

Mail This Article
ഹയർ സെക്കൻഡറി സ്കൂളുകളിലെ ലൈബ്രേറിയൻ തസ്തികയിൽ നിയമനം നടന്നിട്ട് 24 വർഷം! വായനയെ പ്രോത്സാഹിപ്പിക്കാനായി ഗ്രേസ് മാർക്ക് സംവിധാനം കൊണ്ടു വരുമെന്ന് പ്രഖ്യാപിക്കുമ്പോഴും, ലൈബ്രേറിയൻ തസ്തിക സൃഷ്ടിച്ച് ഉദ്യോഗാർഥികളെ നിയമിക്കണമെന്ന നിർദേശത്തിൽ സർക്കാർ നിസ്സംഗത തുടരുകയാണ്.
ഏതെങ്കിലും അധ്യാപകർക്ക് ലൈബ്രറിയുടെ ചുമതല നൽകിയാണ് നിലവിൽ സ്‌കൂളുകളിലെ ലൈബ്രറികളുടെ പ്രവർത്തനം. ഇത് ലൈബ്രറി പ്രവർത്തനം സജീവമല്ലാതാകാനും അധ്യാപകരുടെ ജോലിഭാരം വർധിക്കാനും ഇടയാക്കുന്നുണ്ട്. ലൈബ്രറി സയൻസിൽ ഉന്നത പഠനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളുടെ ജോലിസാധ്യതകളും ഇല്ലാതാവുകയാണ്.
1991 ൽ ആണ് സംസ്ഥാനത്ത് ഹയർ സെക്കൻഡറി വിഭാഗം തുടങ്ങിയത്. 2001ൽ നിയമസഭ അംഗീകരിച്ച ഹയർ സെക്കൻഡറി സ്പെഷൽ റൂൾസിൽ ലൈബ്രേറിയൻ തസ്തികയുണ്ട്. കേരള വിദ്യാഭ്യാസ ചട്ടം 32–ാം അധ്യായത്തിലും 2001ലെ സ്പെഷൽ റൂളിലും ഹയർ സെക്കൻഡറി സ്കൂളുകളിൽ ഗ്രേഡ് 3, 4 വിഭാഗത്തിലുള്ള ലൈബ്രേറിയൻമാരെ നിയമിക്കണമെന്ന് പറഞ്ഞിട്ടുണ്ട്. 2014 ലെ ലബ്ബ കമ്മിറ്റിയും 2019 ലെ ഖാദർ കമ്മിഷനും ലൈബ്രേറിയന്റെ ആവശ്യകതയെക്കുറിച്ച് സർക്കാരിനു റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരത്തിൽ സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും ബാലാവകാശ കമ്മിഷന്റെയും നിർദേശങ്ങളുണ്ട്. സെക്കൻഡറി സ്കൂളുകളിലെല്ലാം ലൈബ്രേറിയനെ നിയമിക്കണമെന്ന് സ്കൂൾ പരിഷ്കരണ റിപ്പോർട്ട് പഠിച്ച കോർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു.
എന്നാൽ ചട്ടമില്ലെന്ന കാരണം പറഞ്ഞു സർക്കാരുകൾ ലൈബ്രേറിയൻമാരുടെ നിയമനം ആരംഭിച്ചിട്ടില്ല. സാമ്പത്തികസ്ഥിതി മോശമായതിനാൽ പൂർണസമയം പ്രവർത്തിക്കുന്ന ലൈബ്രറികൾ ആരംഭിക്കാനും ലൈബ്രേറിയൻ തസ്തികകൾ സൃഷ്ടിക്കാനും കഴിയില്ലെന്നാണ് സർക്കാർ നൽകുന്ന മറുപടി. ഇത്തരത്തിൽ സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്കൂളുകളിൽ രണ്ടായിരത്തോളം തസ്തികകൾ സൃഷ്ടിക്കപ്പെടാതെയുണ്ടെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്.
പഠനാവശ്യത്തിന് സ്‌കൂൾ ലൈബ്രറികൾ ഉപയോഗിക്കണമെന്ന് സിലബസിൽ ഉൾപ്പെടെ പറയുന്നുണ്ടെങ്കിലും നിയമനങ്ങൾ നടത്താൻ സർക്കാർ ഇനിയും സന്നദ്ധമായിട്ടില്ല. പത്രവായന, പുസ്തക വായന എന്നിവ വിലയിരുത്തി ഗ്രേസ് മാർക്കുകൾ നിശ്ചയിക്കുമെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞിരുന്നത്. ഇതിനെ അടിസ്ഥാനമാക്കിയെങ്കിലും ലൈബ്രേറിയൻ തസ്തികയുടെ നിയമനം ആരംഭിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
മറ്റു സംസ്ഥാനങ്ങളിൽ സ്‌കൂൾ തലത്തിൽ ലൈബ്രറിയും ലൈബ്രേറിയനുമുണ്ട്. സംസ്ഥാനത്തു സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, നവോദയ സ്കൂളുകൾ എന്നിവിടങ്ങളിൽ ലൈബ്രേറിയനുണ്ട്. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകൾക്ക് അംഗീകാരം ലഭിക്കാൻ ലൈബ്രേറിയൻ നിയമനം ആവശ്യമാണ്. അതേസമയം സംസ്ഥാനത്തെ ഒട്ടുമിക്ക ഹയർ സെക്കൻഡറി സ്കൂളുകളിലും ശരാശരി 25 രൂപ ലൈബ്രറി ഫീസായി ഈടാക്കുന്നുണ്ട്. ലൈബ്രേറിയൻ സേവനം നൽകാതെ ലൈബ്രറി ഫീസ്‍ ഈടാക്കുന്നതിലും വിമർശനം ഉയരുന്നുണ്ട്.