റെയിൽവേ വിജ്ഞാപനം: ഒഴിവുകൾ പൂഴ്ത്തിവയ്ക്കരുത്

Mail This Article
32,438 ഒഴിവുകളിലേക്കുള്ള റെയിൽവേ റിക്രൂട്മെന്റ് ബോർഡിന്റെ മെഗാവിജ്ഞാപനം ഉദ്യോഗാർഥികൾക്ക് ഏറെ പ്രതീക്ഷ പകരുന്നതാണെങ്കിലും ലെവൽ–1 തസ്തികകളിലെ ഒഴിവുകൾ വൻതോതിൽ വെട്ടിക്കുറച്ച നടപടി പുനഃപരിശോധിക്കാൻ ബോർഡ് തയാറാകണം. മുൻപ് ഗ്രൂപ്പ് ഡി എന്ന പേരിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്നപ്പോൾ റിപ്പോർട്ട് ചെയ്തിരുന്ന ഒഴിവുകളുടെ പകുതി പോലും പേരുമാറ്റി വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ ഉണ്ടായിട്ടില്ല എന്നതു ഖേദകരമാണ്. ഉയർന്ന തസ്തികകളിലെ ഒഴിവുകൾ വെട്ടിക്കുറച്ച റെയിൽവേ പത്താം ക്ലാസ് യോഗ്യതയുള്ളവർക്കുള്ള ഒഴിവുകളും വൻതോതിൽ ഒഴിവാക്കുന്നത് ഈ മേഖലയിലെ തൊഴിലന്വേഷകരെ നിരാശപ്പെടുത്തുന്നു.
കോവിഡിനു ശേഷം ആദ്യമായാണ് ലെവൽ–1 തസ്തികകളിലേക്കു റെയിൽവേ റിക്രൂട്മെന്റ് ബോർഡ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2019ൽ പ്രസിദ്ധീകരിച്ച മുൻ വിജ്ഞാപനത്തിൽ ഒരു ലക്ഷത്തിലധികം ഒഴിവുകളുണ്ടായിരുന്നപ്പോൾ ജനുവരി 22ന് പ്രസിദ്ധീകരിച്ച പുതിയ വിജ്ഞാപനത്തിൽ 32,438 ഒഴിവുകൾ മാത്രമാണുള്ളത്. കേരളം ഉൾപ്പെടുന്ന സതേൺ റെയിൽവേയിൽ അന്ന് പതിനായിരത്തോളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നു, എന്നാൽ പുതിയ വിജ്ഞാപനപ്രകാരം 2694 ഒഴിവുകൾ മാത്രമേ നിലവിലുള്ളൂ. 14 തസ്തികകളിലേക്കാണ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിൽ 12 എണ്ണവും വിവിധ ട്രേഡുകളിൽ അസിസ്റ്റന്റ് തസ്തികയുടേതാണ്. പോയിന്റ്സ്മാൻ, ട്രാക്ക് മെയിന്റനർ എന്നിവയാണ് മറ്റു തസ്തികകൾ.
അപേക്ഷ നൽകുന്നതിനുള്ള ഉയർന്ന പ്രായപരിധി 33ൽ നിന്ന് 36 ആക്കി ഉയർത്തിയെന്നതു മാത്രമാണ് കോവിഡിനു ശേഷം പുറത്തിറക്കിയ ലെവൽ–1 വിജ്ഞാപനത്തിൽ ഉദ്യോഗാർഥികൾക്ക് അനുകൂലമായ ഘടകം. 2019നു ശേഷം 5 വർഷത്തിലേറെയായി നിയമനമൊന്നും നടക്കാതിരുന്ന സാഹചര്യത്തിൽ ഒഴിവുകൾ വർധിക്കുമെന്നായിരുന്നു തൊഴിലന്വേഷകരുടെ കണക്കുകൂട്ടൽ. എന്നാൽ ഒരൊഴിവുപോലും വർധിച്ചില്ലെന്നു മാത്രമല്ല കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഒഴിവുകൾ മൂന്നിലൊന്നായി കുറയുകയും ചെയ്തു.
റെയിൽവേ റിക്രൂട്മെന്റ് ബോർഡ് മുൻപ് വിജ്ഞാപനം പ്രസിദ്ധീകരിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നിഷ്യൻ തസ്തികകളിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഒഴിവുകൾ കുറവാണെന്ന പരാതിയെത്തുടർന്ന് പിന്നീട് ഒഴിവുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്തികയിൽ ആദ്യം റിപ്പോർട്ട് ചെയ്തത് 5696 ഒഴിവുകളായിരുന്നു. പിന്നീട് ഒഴിവുകൾ 18,799 ആയി വർധിപ്പിച്ചു. ടെക്നിഷ്യൻ തസ്തികയിൽ ആദ്യം ഉണ്ടായിരുന്ന 9144 ഒഴിവുകൾ 14,298 ആയും വർധിപ്പിച്ചിരുന്നു. ഇതേ രീതിയിൽ ലെവൽ–1 തസ്തികകളിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകളിലും ആനുപാതികമായ വർധനയാണ് തൊഴിലന്വേഷകർ പ്രതീക്ഷിക്കുന്നത്.
ലെവൽ–1 തസ്തികകളിലേക്ക് 2019നു ശേഷം ആദ്യമായി വിജ്ഞാപനം വരുമ്പോൾ ഒരു ലക്ഷത്തോളം ഒഴിവുകൾ ഉറപ്പായും ഉണ്ടാകേണ്ടതാണ്. അതിനാൽ നിലവിലുള്ളതും അടുത്ത ഒരു വർഷത്തിനകം പ്രതീക്ഷിക്കുന്നതുമായ എല്ലാ ഒഴിവുകളും റിപ്പോർട്ട് ചെയ്ത് ഇപ്പോൾ പ്രസിദ്ധീകരിച്ച വിജ്ഞാപനം പുതുക്കാൻ റെയിൽവേ റിക്രൂട്മെന്റ് ബോർഡ് തയാറാകണം.