കപാലീശ്വരാർ ക്ഷേത്ര യാത്ര, ചിത്രങ്ങളുമായി പൊന്നിയൻ സെൽവൻ താരം
Mail This Article
യാത്രകൾ ചിലർക്ക് പുതിയ സ്ഥലങ്ങൾ കാണാനും അവിടുത്തെ ജനങ്ങളെ മനസ്സിലാക്കാനും സംസ്കാരത്തെ അടുത്തറിയാനും തനതു വിഭവങ്ങളുടെ രുചിയറിയാനുമൊക്കെയുള്ള വഴികളാണ്. എന്നാൽ ചിലരാകട്ടെ യാത്രകൾക്കു തിരഞ്ഞെടുക്കുന്നത് പുണ്യസ്ഥലങ്ങളും ക്ഷേത്രങ്ങളുമൊക്കെയാകും. അത്തരമൊരു യാത്രയിലാണ് തെന്നിന്ത്യയ്ക്കും ബോളിവുഡിനുമൊക്കെ സുപരിചിതയായ ശോഭിത ധൂലിപാല. ദുൽഖർ സൽമാൻ നായകനായ കുറുപ്പ് സിനിമയിലൂടെയാണ് ശോഭിത ധൂലിപാല മലയാളികൾക്ക് സുപരിചിതയാകുന്നത്. മണിരത്നത്തിന്റെ ബ്രഹ്മാണ്ഡചിത്രം പൊന്നിയൻ സെൽവനിലൂടെ ഇന്ത്യൻ സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി. ചെന്നൈയിലെ കപാലീശ്വരാർ ക്ഷേത്രത്തിലേക്കായിരുന്നു താരത്തിന്റെ യാത്ര. ക്ഷേത്രത്തിന്റെ ചിത്രവും അവിടെ നിന്നും ലഭിച്ച നിവേദ്യവും പുഷ്പമാലയും ഒരു കൂട്ടം സ്ത്രീ ഭക്തരുടെ ഭജനയുമൊക്കെ ശോഭിത പങ്കുവെച്ച ചിത്രങ്ങളിലുണ്ട്.
ചെന്നൈയിലെ മൈലാപൂരിലാണ് കപാലീശ്വരാർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പരമശിവനാണ് ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ. ദക്ഷിണ ഭാരത വാസ്തുവിദ്യയിൽ ഏഴാം നൂറ്റാണ്ടിൽ നിർമിച്ചതാണിതെന്നു കരുതപ്പെടുന്നു. പുരാണങ്ങളിലെ കഥകൾ പ്രകാരം പാർവതി ദേവി ഭർത്താവായ ശിവനെ മയിലിന്റെ രൂപത്തിൽ ആരാധിച്ചെന്നും ക്ഷേത്രത്തിനു ചുറ്റുമുള്ള നാട് മയിലായ് എന്നറിയപ്പെടാനും തുടങ്ങി എന്നാണ് പറയപ്പെടുന്നത്. കപാലീശ്വരനായാണ് ഇവിടെ ശിവനെ ആരാധിക്കുന്നത്. പാർവതി ദേവിയ്ക്ക് കർപ്പകാംബാൾ എന്ന പേരിലാണ് ആരാധന.
നിരവധി വലിയ മുറികൾ ക്ഷേത്രത്തിന്റെ അകത്തളത്തിലുണ്ട്. കാലത്ത് 5.30 ആരംഭിക്കുന്ന ആരാധന രാത്രി 10 മണി വരെയാണ്. ബ്രഹ്മോത്സവമാണ് ഇവിടുത്തെ പ്രധാന ആഘോഷങ്ങളിലൊന്ന്. അറുപതിമൂവർ എന്നൊരു ഉത്സവവും ഇവിടെ വർഷാവർഷം ആഘോഷിക്കാറുണ്ട്. ഏഴാം നൂറ്റാണ്ടിൽ പല്ലവ രാജാക്കന്മാരാണ് കപാലീശ്വരാർ ക്ഷേത്രത്തിന്റെ നിർമിതിക്കു പുറകിൽ. പന്ത്രണ്ടാം നൂറ്റാണ്ടിലെ ലിഖിതങ്ങളും ക്ഷേത്രത്തിൽ കാണുവാൻ കഴിയും. 120 അടി ഉയരത്തിലാണ് ക്ഷേത്ര ഗോപുരം. 1906 ലാണ് ഈ ഗോപുരത്തിന്റെ പണി പൂർത്തീകരിച്ചത്. നിരവധി ശില്പങ്ങളും ഇവിടെയുണ്ട്. ദ്രാവിഡ വാസ്തുവിദ്യയിലാണ് ക്ഷേത്രത്തിന്റെ ഘടന. കിഴക്ക്, പടിഞ്ഞാറ് ദിശകളിലായി രണ്ടു പ്രവേശന കവാടങ്ങളുണ്ട്. ഇതിൽ കിഴക്കേ ഗോപുരത്തിന് 40 മീറ്റർ ഉയരമുള്ളപ്പോൾ പടിഞ്ഞാറേ ഗോപുരം താരതമ്യേന ചെറുതാണ്.
ക്ഷേത്രത്തിനു പടിഞ്ഞാറു ഭാഗത്തായി ഒരു വലിയ ജലസംഭരണി ഉണ്ട്. കപാലീശ്വരാർ ടാങ്ക് എന്നാണ് ഇതറിയപ്പെടുന്നത്. നഗരത്തിലെ ഏറ്റവും പഴയതും മികച്ച രീതിയിൽ സംരക്ഷിക്കുന്നതുമായ ടാങ്കിനു 190 മീറ്റർ നീളവും 143 മീറ്റർ വീതിയുമുണ്ട്. 119000 ക്യൂബിക് മീറ്റർ വെള്ളം ഉൾക്കൊള്ളുന്ന, വർഷം മുഴുവൻ ജലം ലഭ്യമാകുന്ന ഒന്നാണിത്. 16 സ്തംഭങ്ങളിൽ, ഗ്രാനൈറ്റ് കൊണ്ട് നിർമിച്ച മേൽക്കൂരയുള്ള ഒരു മണ്ഡപവും ഇതിനു മധ്യത്തിലായുണ്ട്.
പങ്കുനി എന്ന തമിഴ് മാസത്തിലാണ് ഇവിടുത്തെ പ്രധാനോത്സവം കൊടിയേറുന്നത്. ബ്രഹ്മോത്സവം എന്നാണിതിനു പേര്. പതിനായിരക്കണക്കിന് ജനങ്ങളെത്തുന്ന, ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന പങ്കുനി പെരുവിളയിൽ ആദ്യത്തെ ചടങ്ങ് ധ്വജാരോഹണമാണ്. അതിനെ തുടർന്ന് തേരോത്സവവും അറുപത്തിമൂവർ ആഘോഷവുമുണ്ട്. ഉത്സവം അവസാനിക്കുന്നത് തിരുകല്യാണത്തോടെയാണ്. ശിവ - പാർവതിമാരുടെ വിവാഹമാണ് തിരുക്കല്യാണം.