വിദേശത്ത് നിന്ന് അന്വേഷണങ്ങൾ, പുതിയ പാക്കേജുകള്; രാജ്യാന്തര തലത്തിലേക്ക് അയ്മനം

Mail This Article
മനം നിറയ്ക്കാൻ കോട്ടയത്തെ അയ്മനം ഒരുങ്ങുന്നു, രാജ്യാന്തര അംഗീകാരം അടക്കം നേടി പുതിയ സീസണെ പ്രതീക്ഷയോടെ സമീപിക്കുകയാണ് അയ്മനം. മാർച്ച് മുതൽ പുതിയ പാക്കേജുകളും അയ്മനത്തുണ്ടാകും. പ്രതീക്ഷ നൽകി വിദേശത്ത് നിന്ന് അടക്കം അന്വേഷണങ്ങൾ വന്നു തുടങ്ങിയതോടെ അയ്മനം ആവേശത്തിലാണ്.
∙ അയ്മനത്ത് ഇപ്പോഴുള്ള കാഴ്ചകൾ
അനുഭവേദ്യ വിനോദ സഞ്ചാരമാണ് (എക്സ്പീരിയൻഷ്യൽ ടൂറിസം) അയ്മനത്തിന്റെ മാതൃക. ഗ്രാമീണ കാഴ്ചകളെ തൊട്ടറിഞ്ഞ് അനുഭവിക്കാമെന്നതാണ് അയ്മനം ടൂറിസം പാക്കേജിന്റെ പ്രത്യേകത. ഇപ്പോൾ വഞ്ചിയാത്രയും ഗ്രാമത്തെ അടുത്തറിയാനുമുള്ള പാക്കേജാണ് അയ്മനത്ത് ഉത്തരവാദിത്ത ടൂറിസം മിഷൻ നൽകുന്നത്. കോട്ടയം–ചേർത്തല റോഡിൽ കവണാറ്റിൻകരയിൽ നിന്നു ശിക്കാര വള്ളത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷന്റെ പാക്കേജ് ആരംഭിക്കുന്നത്. കവണാറ്റിൻ കരയ്ക്ക് അടുത്ത് തന്നെ ആദ്യ സ്റ്റോപ്പ്. ഇവിടെ കയറുപിരി, തെങ്ങുകയറ്റം എന്നിവ മനസ്സിലാക്കാം.

ഇതിനു ശേഷം മാഞ്ചിറ എന്ന ഭാഗത്താണ് ഇടുത്ത സ്റ്റോപ്പ് ഇവിടെ ഓലമെടയൽ, പാ നെയ്ത്ത്, മീൻപിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാം. നാടൻ ഭക്ഷണം ഉണ്ടാക്കുന്നതു കാണാനും ആസ്വദിക്കാനും സാധിക്കും.
മാർച്ച് ആദ്യം മുതൽ അയ്മനത്തിന്റെ പാരമ്പര്യ ഭംഗി കൂടി പാക്കേജിന്റെ ഭാഗമാക്കാനുള്ള ശ്രമം അവസാന ഘട്ടത്തിലാണ്. അയ്മനം പഞ്ചായത്തിന്റെ ഭാഗമായ പാണ്ഡവം പ്രദേശത്തെ മനകളും ക്ഷേത്രങ്ങളും അടക്കം പാക്കേജിന്റെ ഭാഗമാകും. നാടൻ ഭക്ഷണം ആസ്വദിക്കാനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി വരും.
∙ വിദേശത്ത് നിന്ന് അന്വേഷണങ്ങൾ
നിലവിൽ ആഭ്യന്തര വിനോദ സഞ്ചാരികളാണ് കുമരകം, അയ്മനം പ്രദേശത്തേക്ക് എത്തുന്നത്. ഒമിക്രോൺ വ്യാപനത്തിന് തൊട്ടുമുന്‍പ് വരെ ആഭ്യന്തര സഞ്ചാരികൾ കാര്യമായി എത്തിയിരുന്നു. ഒമിക്രോൺ വ്യാപനം ഒന്ന് പിന്നോട്ട് അടിച്ചെങ്കിലും അന്വേഷണങ്ങൾ വീണ്ടും എത്തിത്തുടങ്ങിയത് പ്രതീക്ഷ നൽകുന്നു. ഇംഗ്ലണ്ട്, യുഎസ് എന്നിവിടങ്ങളിൽ നിന്ന് അടുത്ത മാസത്തേക്ക് അന്വേഷണം എത്തിയതായി ഉത്തരവാദിത്ത ടൂറിസം മിഷൻ ജില്ലാ കോഓർഡിനേറ്റർ വി.എസ്.ഭഗത്സിങ് പറഞ്ഞു.

∙ അരുന്ധതി റോയിയുടെ അയ്മനം
അരുന്ധതി റോയിയുടെ ബുക്കർ സമ്മാനം നേടിയ പ്രശസ്തമായ ‘ദ് ഗോഡ് ഓഫ് സ്മോൾ തിങ്സി’ലൂടെ രാജ്യാന്തര തലത്തിൽ അയമ്നത്തിന്റെ പേര് സുപരിചിതമായി. ബേബി കൊച്ചമ്മയും റാഹേലും എസ്തയ്ക്കും എല്ലാം ഒപ്പം അയ്മനവും വായനക്കാരുടെ മനം നിറച്ചു.
∙ രാജ്യാന്തര അംഗീകാരം
അയ്മനം മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം പദ്ധതിക്ക് വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ഇന്ത്യൻ റെസ്പോൺസിബ്ൾ ടൂറിസം വൺ ടു വാച്ച് പുരസ്കാരം ലഭിച്ചിട്ടുണ്ട്. ടൂറിസം മേഖലയിലെ അതിവേഗ വൈവിധ്യവൽക്കരണം എന്ന വിഭാഗത്തിലായിരുന്നു നേട്ടം. ഈ വർഷം സന്ദർശിക്കേണ്ട ലോകത്തെ 30 വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ അയ്മനം മാതൃകാ ടൂറിസം ഗ്രാമം ഇടംപിടിച്ചിട്ടുണ്ട്. ട്രാവൽ മാഗസിനായ കൊണ്ടേ നാസ്റ്റ് ട്രാവലർ തയാറാക്കിയ പട്ടികയിലാണിത്. ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളെ സമ്പൂർണമായി ഗ്രാമപ്പഞ്ചായത്ത് പദ്ധതികളായി സംയോജിപ്പിച്ച് നടപ്പിലാക്കുന്ന മാതൃകാ ഉത്തരവാദിത്ത ഗ്രാമം പദ്ധതി സംസ്‌ഥാനത്ത് ആദ്യമായി നടപ്പാക്കിയ പഞ്ചായത്താണ് അയ്മനം.
∙ തുടക്കം 2018ൽ
2018ലാണ് മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമങ്ങൾ പദ്ധതി തയാറാക്കിയത്. ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ കെ.രൂപേഷ് കുമാറാണ് ഇതിനു ചുക്കാൻ പിടിച്ചത്. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എ.കെ. ആലിച്ചന്റെയും ജില്ലാ കോഓർഡിനേറ്റർ വി.എസ്. ഭഗത് സിങ്ങിന്റെയും നേതൃത്വത്തിൽ പ്രവർത്തനം മുന്നോട്ടുനീങ്ങി. സബിതാ പ്രേംജിയാണ് ഇപ്പോൾ പഞ്ചായത്ത് പ്രസിഡന്റ്.

പഞ്ചായത്ത് പ്രസിഡന്റ് സബിത പ്രേംജി ചെയർപഴ്സനും ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓർഡിനേറ്റർ കെ.രൂപേഷ് കുമാർ കൺവീനറുമായ സമിതിയാണ് ഇപ്പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
English Summary: Kerala Aymanam village is in world tourism map