അതീവ സെക്സിയായി എത്തുന്നതല്ല പ്രശ്നം; ഉടുതുണിയുടെ നിറത്തെച്ചൊല്ലിയും കലഹം; തലയുയർത്തി ദീപിക
![deepika-1 Screen grab from pathan video](https://img-mm.manoramaonline.com/content/dam/mm/mo/women/features/images/2022/12/20/deepika-1.jpg?w=1120&h=583)
Mail This Article
ഷാറുഖ് ഖാന്‍ - ദീപിക പദുക്കോണ്‍ ജോഡി ഒന്നിക്കുന്ന ‘പഠാന്‍’ സിനിമ റിലീസിനു മുൻപുതന്നെ വലിയ വിവാദമായിരിക്കുകയാണ്. നായികമാരുടെ ബിക്കിനി സീനുകൾ സാധാരണമായ ബോളിവുഡിൽ പഠാനിലെ ദീപികയുടെ ബിക്കിനി രംഗങ്ങൾക്കെതിരെ ഇത്രയും രൂക്ഷമായ വിമർശനങ്ങളുയരാൻ കാരണമെന്താണ്?
![deepika3 deepika3](https://img-mm.manoramaonline.com/content/dam/mm/mo/women/features/images/2022/12/20/deepika3.jpg)
ചിത്രത്തിലെ ഗാനരംഗത്തിൽ ദീപിക ധരിച്ച ബിക്കിനികളിൽ കാവിനിറവും ഉൾപ്പെട്ടു. ഇത് ഹിന്ദുത്വത്തെ അപമാനിക്കുന്നതാണെന്ന് ഒരു വാദം. ബെഷ്റം രംഗ് എന്നാൽ നാണം കെട്ട നിറം എന്നാണ് അർഥം. അത് കാവിയുമായി ചേർത്തു പറഞ്ഞിരിക്കുന്നത് മനഃപൂർവമാണെന്നു മറ്റൊന്ന്. ഗാനരംഗത്തിലെ നഗ്നതാപ്രദർശനം അതിരു കടക്കുന്നതാണ്, അത് വലിയൊരു പ്രശ്നം തന്നെയാണെന്ന് ഇനി ചിലർ.
![deepika6 deepika6](https://img-mm.manoramaonline.com/content/dam/mm/mo/women/features/images/2022/12/20/deepika6.jpg)
ചുരുക്കത്തിൽ, നായികയുടെ അൽപവസ്ത്രം അതിന്റെ നിറവും ശരീര പ്രദർശനവും ചലനങ്ങളുമാണ് ചിത്രത്തെ വിമർശിക്കുന്നവരുടെ പ്രധാന പ്രശ്നം. സ്വന്തം ശരീരം ജീവിതകാലം മുഴുവൻ കെട്ടിപ്പൊതിഞ്ഞു സൂക്ഷിച്ച് രഹസ്യമാക്കി കൊണ്ടുനടക്കേണ്ട ഒന്നാണെന്ന് എല്ലാ സ്ത്രീകളും വിശ്വസിക്കണമെന്നുണ്ടോ? പ്രത്യേകിച്ചും ബോളിവുഡിൽ, അതെത്ര സാധ്യമാകുമെന്നു കൂടി ചിന്തിക്കണം.
ഏതു പ്രത്യയശാസ്ത്ര വിശ്വാസികളും അംഗീകരിക്കേണ്ട ഒന്നുണ്ട്, ലോകം ഒരുപാട് മാറിയിരിക്കുന്നു എന്നത്. ഇന്റർനെറ്റും മൊബൈൽ ഫോണുമില്ലാതെ ജീവിതം സാധ്യമല്ലാത്ത മനുഷ്യരുടെ കാലമാണിത്. ഇ-ലോകത്ത് സ്വകാര്യമായി അവർ കാണുന്നതെന്തൊക്കെയാണെന്ന് ആർക്കാണ് നിശ്ചയം. അപ്പോൾ ദീപിക അൽപവസ്ത്രധാരിയായി, അതീവ സെക്സിയായി എത്തുന്നതല്ല പ്രശ്നം, അത് എവിടെ, എങ്ങനെ, ഏതു സാഹചര്യത്തിൽ എന്നതാണ് പ്രശ്നം.
![deepika2 deepika2](https://img-mm.manoramaonline.com/content/dam/mm/mo/women/features/images/2022/12/20/deepika2.jpg)
അവിടേക്കാണ് ദീപിക പദുക്കോണിനെ കൊണ്ടുവരേണ്ടത്. ദീപികയ്ക്കും ഷാറുഖിനും പകരം മറ്റേതെങ്കിലും നടിയോ നടനോ ആയിരുന്നു ഈ ചിത്രത്തിൽ ഇതേ സീനിൽ അഭിനയിച്ചതെങ്കിൽ ഇത്രമാത്രം വിവാദമുണ്ടാകുമായിരുന്നോ എന്ന ചർച്ചയും ഉയരുന്നു. നിലപാടുകളുടെ പേരിൽ മുൻപേ വിമർശിക്കപ്പെട്ടവരാണ് ഷാറുഖ് ഖാനും ദീപിക പദുക്കോണും. രാജ്യത്തെ അസഹിഷ്ണുതയെക്കുറിച്ച് പറഞ്ഞ ഷാറുഖ് വലതു തീവ്രനിലപാടുകാരാൽ വിമർശിക്കപ്പെടുന്ന ബോളിവുഡ് താരമാണ്. 2020 ജനുവരിയിൽ എബിവിപിയുടെ മർദനം നേരിടേണ്ടി വന്ന വിദ്യാർഥികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദീപിക ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെത്തിയിരുന്നു. ഭരിക്കുന്നവരുടെ രാഷ്ട്രീയത്തിന് അനുകൂലമായും പ്രതികൂലമായും ശബ്ദമുയർത്തുന്നവരുടെ ഒരു വലിയ സംഘം ഇവിടെയുണ്ട്. അവരവരുടെ പക്ഷമനുസരിച്ച് അവർ അംഗീകരിക്കപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യും. ആ അംഗീകാരവും തിരസ്കാരവും അവരുടെ ചിത്രങ്ങൾക്കു നേരെയുമുണ്ടാകും.
നാണമില്ലാത്ത നിറം എന്നർഥമുള്ള ‘ബെഷ്റം രംഗ്’ എന്ന ഗാനരംഗം കണ്ടവർക്കറിയാം, നായിക പല നിറത്തിലുള്ള വസ്ത്രം ധരിക്കുന്നുണ്ട്. അതിലൊന്നു മാത്രമാണ് കാവിനിറത്തിലുള്ളത്. ഉടുത്തിരിക്കുന്ന തുണിയുടെ പേരിൽ ദീപികയെ വിമർശിക്കുന്നവരും ഒരു വനിതാ കേന്ദ്രമന്ത്രിയുടെ, വർഷങ്ങൾക്കു മുൻപുള്ള ചിത്രമുയർത്തിക്കൊണ്ടു വന്ന് ആളാകാൻ നോക്കുന്നവരും ഒരേ തൂവൽപക്ഷികൾ തന്നെയല്ലേ. രണ്ട് പേർക്കും വിഷയം സ്ത്രീയുടെ വസ്ത്രം തന്നെ. അതവളുടെ സ്വാതന്ത്ര്യവും തീരുമാനവുമാണെന്നു തിരിച്ചറിയാത്ത കാലത്തോളം ഇത്തരം വിവാദങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കും.
എന്തായാലും ഈ വിമർശനങ്ങളിൽ ദീപിക കലുങ്ങുന്നില്ല എന്നത് ആശ്വാസകരം. തനിക്കെതിരെ ഉയരുന്ന തരംതാണ കമന്റുകൾക്കും വിമർശനങ്ങൾക്കും ചെവി കൊടുക്കാതെ അവർ കൂസലില്ലാതെ കടന്നു ചെന്നത് ലോകത്തിനു മുന്നിലേക്കാണ്. ഫിഫ ലോകകപ്പ് ട്രോഫി അനാച്ഛാദനം ചെയ്ത് വിമർശകർക്ക് ദീപിക മറുപടി കൊടുത്തുകഴിഞ്ഞു. ഖത്തർ ക്ഷണിച്ചിട്ടോ ഇന്ത്യ അയച്ചിട്ടോ ആയിരുന്നില്ല അവർക്ക് ആ അവസരം ലഭിച്ചത്. ലോകകപ്പ് കൊണ്ടുവന്ന പെട്ടി സ്പോണ്‍സര്‍ ചെയ്ത ലൂയി വിറ്റൺ എന്ന ആഡംബര ബ്രാൻഡിന്‍റെ അംബാസഡറായിരുന്നു ദീപിക. അത് അവരുടെ സ്വന്തം നേട്ടമാണ്. ലോകമെമ്പാടുമുള്ള സൂപ്പർമോഡലുകളെ തഴഞ്ഞ് ദീപികയെ ലൂയി വിറ്റൺ അംബാസഡറാക്കിയെങ്കിൽ അത് അവരിലുള്ള വിശ്വാസം കൊണ്ടായിരുന്നു. അങ്ങനെയാണ് ചില വിമർശനങ്ങൾക്കു മറുപടി പറയേണ്ടത്. മറ്റുള്ളവർക്ക് അസാധ്യമായത് സാധ്യമാക്കി വെറുതേ പുഞ്ചിരിച്ചു നിൽക്കുക.
ഒപ്പം ഇത്രയും കൂടി പറയാതെ വയ്യ. വംശത്തിന്റെയും വർണത്തിന്റെയും ജാതിയുടെയും മതത്തിന്റെയും പേരിലാണ് മനുഷ്യകുലം ഇതുവരെ പരസ്പരം പോരടിച്ചുകൊണ്ടിരുന്നതെങ്കിൽ ഇപ്പോഴത് ഉടുതുണിയുടെ പേരിൽ വരെയായിരിക്കുന്നു. സന്തോഷത്തിനും സമാധാനത്തിനും ചില ഓർമപ്പെടുത്തലുകൾക്കും സൂചനകൾക്കുമായി നിറങ്ങളെ മനുഷ്യൻ തരംതിരിച്ചു. ക്രമേണ നിറങ്ങളിൽ അവകാശമുറപ്പിച്ച് അത് അധികാരത്തിന്റെയും അവകാശത്തിന്റെയും പ്രതീകങ്ങളാക്കി. ഇപ്പോൾ അതേ നിറങ്ങൾ നമ്മെ പേടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. നാളെ അടിയുടുപ്പിന്റെയും ചെരിപ്പിന്റെയും ചവിട്ടി നടക്കേണ്ട കാർപ്പറ്റിന്റെയും പേരിൽ തർക്കങ്ങളും വിമർശനങ്ങളും പോരാട്ടങ്ങളുമുണ്ടാകില്ലെന്ന് ആരു കണ്ടു. അതും ഒരു പെണ്ണിന്റെ പേരിലായില്ലെങ്കിലേ അദ്ഭുതമുള്ളൂ.
English Summary: Deepika Padukone Controversy Story