മരണഭീതി, മോക്ഷകാംക്ഷ; വെള്ളിപ്പുള്ളികളും നീലക്കണ്ണുകളും ഉള്ള സുന്ദര മൃഗവേഷത്തിൽ മാരീചൻ
Mail This Article
ഖരദൂഷണത്രിശിരാക്കളുടെ മരണവാർത്ത മുനിമാരെ അറിയിക്കാനുള്ള ചുമതല ലക്ഷ്മണനാണ്. രാക്ഷസനാശം അടുത്തിരിക്കുന്നെന്ന് താപസർ മനസ്സിലാക്കുന്നു. അവർ കൊടുത്തയയ്ക്കുന്നതിൽ അംഗുലീയം തനിക്കും ചൂഡാരത്നം സീതയ്ക്കും കവചം ലക്ഷ്മണനും എന്നാണ് ശ്രീരാമചന്ദ്രന്റെ നിശ്ചയം. സോദരിക്കു വന്നുഭവിച്ച വൈരൂപ്യത്തിനു കാരണം തേടുന്ന രാവണന്, മൂന്നേമുക്കാൽ നാഴികകൊണ്ട് ഖരനും ദൂഷണനും ത്രിശിരസ്സും പതിനാലായിരം രാക്ഷസപ്പടയും ഇല്ലാതായ കഥയാണ് കേൾക്കേണ്ടിവരുന്നത്. അവനെ ഞാൻ അന്തകനു നൽകുമെന്നാണ് രാവണപ്രതിജ്ഞ.
കാമദേവനുപോലും ദേവതയാകുന്ന സീതയുടെ സൗന്ദര്യത്തെപ്പറ്റി പറഞ്ഞ് രാവണനെ മോഹിപ്പിക്കാനും മറക്കുന്നില്ല ശൂർപ്പണഖ. സീതയെ സോദരനുവേണ്ടി പിടിച്ചുകൊണ്ടുവരാൻ ഒരുമ്പെട്ടപ്പോഴാണ് തനിക്ക് ഈ ഗതി വന്നത്. ജാനകീദേവി ഭാര്യയായാൽ രാവണനു ജന്മസാഫല്യം നിശ്ചയമാണെന്നാണ് സഹോദരി പറയുന്നത്. രാത്രിശയ്യയിൽ രാവണൻ നിദ്രാവിഹീനനാണ്. ഇത്രയുംപേരെ ഒറ്റയ്ക്ക് യമപുരിക്കയച്ച രാമൻ കേവലം മനുഷ്യനല്ലെന്നു നിശ്ചയം. എന്നെക്കൊല്ലാൻ വന്ന ദേവനാണെങ്കിൽ ആ കൈകൾകൊണ്ട് വൈകുണ്ഠം പൂകാം. അല്ലെങ്കിൽ രാക്ഷസരാജ്യം അടക്കിവാഴാം. രണ്ടായാലും ഖേദം വേണ്ടെന്നു മനോഗതം. ഒടുവിൽ തീരുമാനം ഉറയ്ക്കുന്നു:
‘‘ വിദ്വേഷബുദ്ധ്യാ രാമൻതന്നെ പ്രാപിക്കേയുള്ളൂ
ഭക്തികൊണ്ടെന്നിൽ പ്രസാദിക്കയില്ലഖിലേശൻ’’.
രാമനാമജപത്താൽ ശാന്തനായി വാഴുമ്പോഴാണ് മാരീചനു മുന്നിലേക്ക്‘ലോകോപദ്രവകാരിയായ’ രാവണന്റെ വരവ്. സീതയെ അപഹരിക്കാൻ രാമലക്ഷ്മണന്മാരെ സ്ഥലത്തുനിന്നകറ്റി സഹായിക്കണമെന്നാണ് ആവശ്യം. വംശം നശിപ്പിക്കുന്ന ഇക്കാര്യം ഉപദേശിച്ചത് ആരായാലും അയാൾ രാവണന്റെ ശത്രുവാണെന്നാണ് മാരീചന്റെ പക്ഷം. രാമൻ സാക്ഷാൽ നാരായണനാണെന്നറിഞ്ഞ് ഭക്തിയോടെ കഴിഞ്ഞുകൂടാനാണ് തേടിയെത്തിയ സുഹൃത്തിനോടുള്ള ഉപദേശം. സ്വർണമാനിന്റെ വേഷം ധരിച്ച് സീതയെ മോഹിപ്പിച്ച് രാമലക്ഷ്മണന്മാരെ ദൂരേക്കു നയിക്കുന്നോ അതോ എന്റെ വാളിനു ഭക്ഷണമാകുന്നോ എന്നേ അറിയേണ്ടൂ രാവണന്. മാരീചന് ഏതായാലും മരണം ഉറപ്പ്. എങ്കിൽപിന്നെ എന്തിനു ദുഷ്ടായുധമേറ്റ് നരകത്തിൽ പോകണം? ഭഗവാന്റെ കൈകൗണ്ട് സ്വർഗലോകം പ്രാപിക്കാമല്ലോ. വെള്ളിപ്പുള്ളികളും നീലക്കണ്ണുകളും ഉള്ള സുന്ദരമൃഗവേഷത്തിൽ മാരീചൻ സീതയ്ക്കരികിലേക്ക്.
Content Summary: The Golden Deer Maricha Lures Rama Away From Sita