ആശ്വാസ മുന്നേറ്റം നേടി ഇന്ത്യൻ വിപണി, അമേരിക്കൻ പ്രതികാരതീരുവകൾ ഇന്നറിയാം

Mail This Article
അമേരിക്കൻ പ്രസിഡന്റ് ഇന്ന് പ്രതികാരതീരുവകൾ പ്രഖ്യാപിക്കാനിരിക്കെ മറ്റ് ഏഷ്യൻ വിപണികൾക്കൊപ്പം ഇന്ത്യൻ വിപണിയും മുന്നേറ്റം നേടി. രൂപയുടെ മുന്നേറ്റവും, മികച്ച മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റയും, ഒപ്പം ബ്രോക്കിങ് സ്ഥാപനങ്ങളുടെ അപ്‌ഗ്രേഡിങ് ഓഹരികൾക്ക് മുന്നേറ്റം നൽകിയതുമാണ് ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് അടിസ്ഥാനമിട്ടത്.
നിഫ്റ്റി 23,150 പോയിന്റിൽ പിന്തുണ നേടി 23350 പോയിന്റ് വരെ മുന്നേറിയ ശേഷം 166 പോയിന്റ് നേട്ടത്തിൽ 23332 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ സെൻസെക്സ് 0.78% നേട്ടത്തിൽ 76617 പോയിന്റിലും ക്ളോസ് ചെയ്തു. ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറി ബാങ്ക് നിഫ്റ്റി 51348 പോയിന്റിലും ക്ളോസ് ചെയ്തു.

നിഫ്റ്റി റിയൽറ്റി സൂചിക 3.61% മുന്നേറിയപ്പോൾ എഫ്എംസിജി, ബാങ്കിങ്, നിഫ്റ്റി മിഡ് ക്യാപ്പ് , സ്‌മോൾ ക്യാപ്, കൺസ്യൂമർ ഡ്യൂറബിൾസ് മുതലായ സൂചികകളും ഇന്ന് ഓരോ ശതമാനത്തിൽ കൂടുതൽ മുന്നേറി.
മാനുഫാക്ച്ചറിങ് പിഎംഐ
ഇന്ത്യയുടെ മാനുഫാക്ച്ചറിങ് പിഎംഐ ഡേറ്റ മാർച്ചിൽ അനുമാനത്തിനും മുകളിൽ എട്ട് മാസത്തെ ഏറ്റവും മികച്ച നില കൈവരിച്ചത് വിപണിക്ക് അനുകൂലമായി. പിഎംഐ ഡേറ്റയിലെ മുന്നേറ്റം മികച്ച വ്യവസായികോല്പാദന വളർച്ചയും ആഭ്യന്തര ഉല്പാദന വളർച്ചയുമാണ് സൂചിപ്പിക്കുന്നത്.
എസ്&പി ഗ്ലോബൽ അവതരിപ്പിച്ച പർച്ചേസ് മാനേജേഴ്സ് ഇൻഡക്സ് (പിഎംഐ) മാർച്ചിൽ 58.1 കുറിച്ചു. ഫെബ്രുവരിയിൽ 56.3 കുറിച്ച പിഎം ഐ ഡേറ്റ മാർച്ചിൽ 57.6 കുറിക്കുമെന്നായിരുന്നു വിപണിയുടെ അനുമാനം.
ആർബിഐ വീണ്ടും ഇടപെടുന്നു
അടുത്ത ആഴ്ച ആർബിഐയുടെ പണനയാവലോകനയോഗം നടക്കാനിരിക്കെ, വീണ്ടും 80000 കോടി രൂപ കൂടി ഓപ്പൺ മാർക്കറ്റ് ഓപ്പറേഷനിലൂടെ വിപണിയിലെത്തിക്കുമെന്ന് ആർബിഐ ഇന്നലെ പ്രഖ്യാപിച്ചത് വിപണിക്ക് അനുകൂലമായി. ആദ്യ ഗഡുവായി 20000 കോടി രൂപയുടെ സെക്യൂരിറ്റികൾ ആർബിഐ നാളെ വാങ്ങും. തുടർന്ന് ഏപ്രിൽ എട്ട്, ഏപ്രിൽ 22, 29 തിയതികളിലും വിപണിയിൽ 20000 കോടി വീതമെത്തിക്കുന്ന ആർബിഐ മോണിറ്ററി പോളിസി കമ്മിറ്റി യോഗത്തിൽ കൂടുതൽ വിപണി അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന പ്രതീക്ഷയിലാണ് രൂപയും വിപണിയും.
അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്ന് വീണ്ടും മുന്നേറ്റം നേടി 85.40/-ൽ താഴെയെത്തിയതും ഇന്ത്യൻ വിപണിക്ക് അനുകൂലമാണ്.
റെസിപ്രോക്കൽ താരിഫ് ഇന്ന്
ഇന്ന് രാത്രി അമേരിക്കൻ സമയം നാല് മണിക്ക് പ്രസിഡന്റ് പ്രതികാരതീരുവ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നത് ലോക വിപണിക്ക് നിർണായകമാണ്. ഇന്നത്തെ പ്രഖ്യാപനങ്ങളോടെ താരിഫ് ഭീഷണിക്ക് അറുതി വരുമെന്നും വിപണി മറ്റ് സ്വാഭാവികവിഷയങ്ങളിലേക്ക് മടങ്ങിപ്പോകുമെന്നും കരുതുന്നു.
അമേരിക്കൻ ഫ്യൂച്ചറുകൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഏഷ്യൻ വിപണികളുടെ മിക്സഡ് ക്ളോസിങ്ങിന് ശേഷം യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്നലെ നാസ്ഡാക്കിന് മുന്നേറ്റം നൽകിയ ടെസ്‌ലയും, മെറ്റയും അടക്കമുള്ള അമേരിക്കൻ ടെക്ക് ഓഹരികൾ ഇന്ന് പ്രീ-മാർക്കറ്റിൽ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.
നോൺഫാം പേറോൾ ഡേറ്റ
വെള്ളിയാഴ്ച വരാനിരിക്കുന്ന അമേരിക്കയുടെ നോൺഫാം പേറോൾ ഡേറ്റയും, ഫെഡ് നിരക്ക് കുറയ്ക്കൽ സാധ്യതകളുമാകും അമേരിക്കൻ വിപണിയെ രണ്ടാം പാദ ഏണിങ് വരെ നയിക്കുക.
മാർച്ചിൽ അമേരിക്കയിൽ ലഭ്യമായ തൊഴിൽ ഫെബ്രുവരിയിലേക്കാൾ കുറവായിരിക്കാമെന്നാണ് അനുമാനം. കൂടാതെ ഫെഡ് ചെയർമാൻ വെള്ളിയാഴ്ച സംസാരിക്കാനിരിക്കുന്നതും വിപണിക്ക് പ്രതീക്ഷയാണ്.

സ്വർണം റെക്കോർഡിനടുത്ത്
അമേരിക്കൻ ബോണ്ട് യീൽഡ് വീണ്ടും വീണപ്പോൾ രാജ്യാന്തര സ്വർണവില വീണ്ടും 3164 ഡോളറിലേക്ക് കയറി. കഴിഞ്ഞ ഒരു മാസത്തിനിടയിൽ സ്വർണം 10% നേട്ടമാണ് കൈവരിച്ചത്. അമേരിക്കൻ നോൺ ഫാം പേ റോൾ ഡേറ്റ വരാനിരിക്കെ സ്വർണം വീണ്ടും പ്രതീക്ഷയിലാണ്.
ഇന്ത്യൻ സ്വർണ ഓഹരികളും ഇന്ന് വിപണിയിൽ നേട്ടമുണ്ടാക്കി. കല്യാൺ ജ്വല്ലേഴ്സ് 11% മുന്നേറിയപ്പോൾ ടൈറ്റാൻ ഓഹരി 3% നേട്ടമുണ്ടാക്കി.
ക്രൂഡ് ഓയിൽ
അമേരിക്കൻ താരിഫ് തീരുമാനങ്ങൾ ഇന്ന് വരാനിരിക്കെ ഏഷ്യൻ വിപണി സമയത്ത് ക്രൂഡ് ഓയിൽ വില വീഴ്ച നേരിട്ടു. ബ്രെന്റ് ക്രൂഡ് ഓയിൽ വില 74 ഡോളറിലേക്ക് വീണു. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖരത്തിലെ വളർച്ചയും ഇറാൻ പ്രശ്നങ്ങളും ഈയാഴ്ച ഒപെകിന്റെ യോഗം നടക്കാനിരിക്കുന്നതും പ്രധാനമാണ്.
ഐടി റിസൾട്ടുകൾ മുൻപിൽ
ഗോൾഡ്മാൻ സാക്‌സ് ഇന്ത്യൻ ഐടി കമ്പനികളെ ഡീഗ്രേഡ് ചെയ്തത് ഐടി ഓഹരികൾക്ക് തിരുത്തൽ നൽകിയിരുന്നു. ജെപി മോർഗൻ നാലാം പാദഫലങ്ങൾക്ക് മുൻപായി ഈ കമ്പനികളെ അപ്ഗ്രേഡ് ചെയ്തത് ഓഹരികൾക്ക് പ്രതീക്ഷയാണ്. എങ്കിലും ഇന്നത്തെ താരിഫ് പ്രഖ്യാപനങ്ങൾ ഐടി സെക്ടറിനെ എത്രമാത്രം സ്വാധീനിക്കുമെന്ന് കാത്തിരിക്കുകയാണ് വിപണി.
ഏപ്രിൽ പത്തിനാണ് ടിസിഎസിന്റെ റിസൾട്ട് വരുന്നത്. ഇൻഫോസിസ് ഏപ്രിൽ പതിനേഴിനും എച്ച്സിഎൽ ടെക്ക് ഏപ്രിൽ 22നും നാലാം പാദ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
മുന്നേറി എഫ്എംസിജി
ടാറ്റ കൺസ്യൂമറിന് ഗോൾഡ്മാൻ സാക്‌സ് 1200 രൂപ വിലയിട്ടതോടെ ഓഹരി ഇന്ന് 7% നേട്ടമുണ്ടാക്കിയത് എഫ്എംസിജി സെക്ടറിനിത് അനുകൂലമായി. എഫ്എംസിജി സെക്ടർ ഇന്ന് 1.1% മുന്നേറ്റം നേടി. ഐടിസിക്ക് ജെപി മോർഗൻ 475 രൂപയാണ് ലക്‌ഷ്യം കാണുന്നത്.
കാർ വില്പനയിൽ രണ്ടാമൻ ഹ്യുണ്ടായി
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പാസഞ്ചർ വാഹന വില്പനയിൽ മാരുതിക്ക് പിന്നിൽ 598,666 വാഹങ്ങൾ വിറ്റു കൊണ്ട് ഹ്യുണ്ടായി രണ്ടാം സ്ഥാനത്തെത്തിയപ്പോൾ ടാറ്റ മോട്ടോഴ്‌സ് 553,585 കാറുകളോടെ മൂന്നാം സഥാനത്തും, 551,487 കാറുകൾ വിറ്റു കൊണ്ട് മഹിന്ദ്ര നാലാം സ്ഥാനത്തും എത്തി.
വാട്സാപ് : 8606666722
Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക