ADVERTISEMENT

നേട്ടത്തോടെ ഇന്ന് വ്യാപാരം തുടങ്ങിയ ഇന്ത്യൻ ഓഹരി സൂചികകളെ പൊടുന്നനേ കനത്ത നഷ്ടത്തിലേക്ക് വീഴ്ത്തി വൈറസ് പേടിയും ഡോളറിന്റെ മുന്നേറ്റവും. കോർപ്പറേറ്റ് കമ്പനികളുടെ ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിലെ പ്രവർത്തനഫലം പ്രതീക്ഷയ്ക്കൊത്ത് ഉയരില്ലെന്ന വിലയിരുത്തലുകളും ശക്തമായതോടെ നിഫ്റ്റിയും സെൻസെക്സും വിൽപനസമ്മർദത്തിൽ മുങ്ങി.

കഴിഞ്ഞ വെള്ളിയാഴ്ച അവസാനിപ്പിച്ച 79,223ൽ നിന്ന് നേട്ടത്തോടെ 79,281ൽ ഇന്ന് വ്യാപാരം തുടങ്ങിയ സെൻസെക്സ് ഉച്ചയ്ക്കു മുമ്പുള്ള സെഷനിലാണ് 77,959 വരെ നിലംപൊത്തിയത്. ഒരുവേള നേരിട്ടത് 1,500 പോയിന്റിലേറെ നഷ്ടമെങ്കിലും വ്യാപാരം ഉച്ചയ്ക്കത്തെ സെഷനിലേക്ക് പ്രവേശിച്ചപ്പോൾ അത് 1,043 പോയിന്റ് നിലവാരത്തിലേക്ക് കുറച്ചിട്ടുണ്ട്. 1.32% നഷ്ടവുമായി 78,179ലാണ് വ്യാപാരം പുരോഗമിക്കുന്നത്.

24,000 ഭേദിച്ച് വ്യാപാരം ആരംഭിച്ച നിഫ്റ്റിയും 23,601 വരെ ഇടിഞ്ഞു. ഇപ്പോൾ വ്യാപാരം പുരോഗമിക്കുന്നത് 328 പോയിന്റ് (-1.37%) താഴ്ന്ന് 23,676ൽ. സെൻസെക്സിൽ ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, പവർഗ്രിഡ്, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, സൊമാറ്റോ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവ 2-3.83% ഇടിഞ്ഞ് നഷ്ടത്തിന് നേതൃത്വം നൽകുന്നു. റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബാങ്ക്, എൽ ആൻഡ് ടി, മാരുതി സുസുക്കി, എസ്ബിഐ, ഐടിസി, നെസ്‍ലെ, ഭാരതി എയർടെൽ തുടങ്ങിയ വമ്പന്മാരും രണ്ടുശതമാനം വരെ നഷ്ടത്തിൽ തുടരുന്നത് സെൻസെക്സിനെ തളർത്തുകയാണ്. 

ടൈറ്റൻ, ഇൻഫോസിസ്, ടിസിഎസ്, എച്ച്സിഎൽ ടെക്, ഐസിഐസിഐ ബാങ്ക് എന്നിവയാണ് നേട്ടത്തിലുള്ളത് (0.03-1.47%). ബിഎസ്ഇയിൽ 4,147 കമ്പനികളുടെ ഓഹരികൾ വ്യാപാരം ചെയ്യുന്നതിൽ 766 എണ്ണമേ നേട്ടത്തിലുള്ളൂ. 395 കമ്പനികളുടെ ഓഹരികൾ ലോവർ-സർക്യൂട്ടിലുമാണുള്ളത്. നിഫ്റ്റി50ൽ‌ 9 കമ്പനികൾ നേട്ടത്തിലും 41 എണ്ണം നഷ്ടത്തിലുമാണ്. ടാറ്റാ സ്റ്റീൽ, കൊട്ടക് ബാങ്ക്, കോൾ ഇന്ത്യ, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ് എന്നിവ 2.6-3.85% ഇടിഞ്ഞ് നഷ്ടത്തിൽ മുന്നിലെത്തി.

ടൈറ്റൻ, അപ്പോളോ ഹോസ്പിറ്റൽസ്, ടാറ്റ കൺസ്യൂമർ, ടിസിഎസ്, ഇൻഫോസിസ് എന്നിവ 0.27-1.57% ഉയർന്ന് നേട്ടത്തിലും മുന്നിലാണ്. ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണിമൂല്യത്തിൽ നിന്നൊരുവേള ഇന്ന് 10 ലക്ഷം കോടിയിലധികം രൂപ ചോർന്നിരുന്നു. നിലവിൽ നഷ്ടം 8 ലക്ഷം കോടി രൂപയോളം.

വിശാല വിപണിയിൽ നിഫ്റ്റി ഐടി (+0.18%) ഒഴികെയുള്ള സൂചികകളെല്ലാം ഇന്ന് ചോരപ്പുഴയായി. നിഫ്റ്റി പൊതുമേഖലാ ബാങ്ക് 3.30% തകർന്നു. നിഫ്റ്റി മെറ്റൽ 2.43%, റിയൽറ്റി 1.94%, ഓയിൽ ആൻഡ് ഗ്യാസ് 1.85%, മീഡിയ 1.9%, സ്വകാര്യബാങ്ക് 1.89%, ബാങ്ക് നിഫ്റ്റി 1.77% എന്നിങ്ങനെയും നഷ്ടത്തിലാണ്. ചാഞ്ചാട്ടത്തിന്റെ സൂചികയായ ഇന്ത്യ വിക്സ് 12.35% കുതിച്ചുയർന്നത് വിപണിയിൽ ആശങ്ക ശക്തമാണെന്ന് വ്യക്തമാക്കുന്നു.

ഐടിസിയിൽ ഇന്ന് ഉപകമ്പനിയായ ഐടിസി ഹോട്ടൽസിനെ വേർപെടുത്തിയശേഷമുള്ള, ഐടിസിയുടെ ഓഹരിവില നിശ്ചയിക്കാനായി ഇന്ന് നടത്തിയ പ്രത്യേക വ്യാപാരത്തിൽ 455 രൂപയാണ് നിശ്ചയിച്ചത്. 5.6% നഷ്ടമാണിത്. ഐടിസി ഹോട്ടൽസിന്റെ ‘ഡമ്മി വ്യാപാരം’ നടന്നെങ്കിലും നിക്ഷേപകർക്ക് പങ്കെടുക്കാൻ അവസരമില്ല.

നിലയില്ലാക്കയത്തിൽ കേരള ഓഹരികളും

വിൽപനസമ്മർദ്ദത്തിന്റെ തരംഗത്തിൽ നിന്ന് രക്ഷപ്പെടാൻ കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾക്കും ഇന്ന് കഴിഞ്ഞിട്ടില്ല. ഈസ്റ്റേൺ ട്രെഡ്സ്, സെല്ല സ്പേസ്, ആസ്റ്റർ എന്നിവ (1.26-3.29%) ഒഴികെയുള്ള ഓഹരികളെല്ലാം ചുവന്നു. കേരള ആയുർവേദ 9.13%, സ്റ്റെൽ ഹോൾഡിങ്സ് 5.94%, ജിയോജിത് 5.12%, കിറ്റെക്സ് 5%, ന്യൂമലയാളം സ്റ്റീൽ 5%, കൊച്ചിൻ ഷിപ്പ്‍യാർഡ് 4.65%, സ്കൂബിഡേ 5%, കിങ്സ് ഇൻഫ്ര 4%, ഇസാഫ് 4%, ധനലക്ഷ്മി ബാങ്ക് 4% എന്നിങ്ങനെ താഴ്ന്നിട്ടുണ്ട്.

ഡോളറിന്റെ കുതിപ്പും ‘ചൈനീസ്’ വൈറസും

ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിലും സ്ഥിരീകരിച്ചതാണ് ഓഹരി നിക്ഷേപകരെ ആശങ്കയിലാക്കിയത്. ബെംഗളൂരുവിൽ രണ്ട് പിഞ്ചുകുഞ്ഞുങ്ങൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ജനുവരി 9 മുതലാണ് ഇന്ത്യയിൽ ലിസ്റ്റഡ് കമ്പനികൾ ഡിസംബർപാദ പ്രവർത്തനഫലം പുറത്തുവിട്ടു തുടങ്ങുന്നത്. ആദ്യഫലം ടിസിഎസ് പ്രഖ്യാപിക്കും. ഇക്കുറി പ്രവർത്തനഫലങ്ങൾ ആശാവഹമാകില്ലെന്ന വിലയിരുത്തലുകളും വിപണിക്ക് തിരിച്ചടിയായി. മറ്റൊന്ന് ഡോളറിന്റെ അപ്രമാദിത്തമാണ്. ഏഷ്യൻ കറൻസികളെല്ലാം ഡോളറിന് മുന്നിൽ തളരുകയാണ്. ചൈനീസ് യുവാൻ 16-മാസത്തെ താഴ്ചയിലായി. ഇന്ത്യൻ റുപ്പി 85.82 എന്ന എക്കാലത്തെയും താഴ്ചയിലേക്ക് പതിച്ചു. ഡിസംബർ അവസാനവാരം കുറിച്ച 85.80 എന്ന മൂല്യം പഴങ്കഥയായി.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

STOCK MARKET ANALYSIS - Sensex Slides Over 1,100 Points, Nifty below 23,650, rupee hits all-time low

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com