'എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്, ഞാന്‍ നിന്റെ കൂടെയുണ്ട്'; മക്കളോട് ദിവസവും പറയേണ്ട നാല് കാര്യങ്ങള്‍
Mail This Article
മാതാപിതാക്കള്‍ കുട്ടികളോട് നടത്തുന്ന പ്രസ്താവനകള്‍ കുട്ടികളുടെ ജീവിതത്തില്‍ സാരമായ സ്വാധീനം ചെലുത്താറുണ്ട്. കുട്ടികളുടെ വൈകാരികവും മാനസികവുമായ ഉന്നമനത്തിനായി മാതാപിതാക്കള്‍ ദിവസവും അവരോട് പറയേണ്ട ചില കാര്യങ്ങള്‍ നോക്കാം.
സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്, അത് സുരക്ഷാബോധത്തിന്റെ അടിത്തറയാണ്
ജോണ്‍ ബൗള്‍ബിയുടെ അറ്റാച്ച്മെന്റ് തിയറിയില്‍ പറയുന്നത് മാതാപിതാക്കള്‍ അവരുടെ നിരുപാധികമായ സ്‌നേഹം പ്രകടിപ്പിക്കുന്നത് കുട്ടിയുടെ വൈകാരിക വികാസത്തിന്റെ അടിത്തറ പാകാന്‍ കാരണമാകുന്നുവെന്നാണ്. ചില മാതാപിതാക്കളെങ്കിലും മക്കളോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്ക് കാണിക്കുന്നവരാണ്. എന്നാല്‍ പഠനങ്ങള്‍ പറയുന്നത് വാക്കിലൂടെയും പ്രവര്‍ത്തിയിലൂടെയും സ്‌നേഹം കുട്ടികളോട് പ്രകടിപ്പിക്കണമെന്നാണ്. മാതാപിതാക്കളുടെ ഈ സ്‌നേഹപ്രകടനം കുട്ടികളില്‍ സുരക്ഷിതബോധത്തിന്റെ അടിത്തറ പാകുകയും പരസ്പര ബന്ധത്തിന്റെ അടിസ്ഥാനമായി മാറുകയും ചെയ്യും.
നീ വിലപ്പെട്ടവനാണ്
ഒരു കുട്ടിക്ക് താന്‍ വിലപ്പെട്ടവനാണെന്ന് മാതാപിതാക്കള്‍ നല്‍കുന്ന സ്ഥിരീകരണം അവരുടെ ആത്മാഭിമാനം വളര്‍ത്തുന്നതിന് നിര്‍ണ്ണായകമാണെന്ന് എബ്രഹാം മസ്ലോയുടെ ഹയരാര്‍ക്കി ഓഫ് നീഡ്സ് (1954) പറയുന്നു. തനിക്ക് വിലയുണ്ടെന്ന് തിരിച്ചറിയുന്ന കുട്ടിക്ക് മാത്രമേ നിലവാരമുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ. മാതാപിതാക്കള്‍ യാതൊരു വിലയും കൊടുക്കാത്ത കുട്ടിയെങ്ങനെയാണ് സമൂഹത്തില്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നത്, അവര്‍ക്കെങ്ങനെയാണ് സ്വാഭാവികമായ രീതിയില്‍ ഉയര്‍ന്ന കാഴ്ചപ്പാടുകളുണ്ടാകുന്നത്. തന്റെ മാതാപിതാക്കള്‍ക്ക് താന്‍ വിലയുള്ളവനാണെന്ന ബോധ്യം, ആ ബോധ്യത്തിനു മാതാപിതാക്കള്‍ നല്‍കുന്ന സ്ഥിരീകരണം കുട്ടിയുടെ ആത്മാഭിമാനവും വ്യക്തിത്വവും രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു.
എനിക്ക് നിന്നില്‍ വിശ്വാസമുണ്ട്
ആല്‍ബര്‍ട്ട് ബന്ദുറയുടെ സോഷ്യല്‍ കോഗ്‌നിറ്റീവ് തിയറി (1986) പറയുന്നത് മാതാപിതാക്കള്‍ക്ക് കുട്ടികളിലുള്ള വിശ്വാസത്തെപ്പറ്റി അവരോട് പറയുന്നത് കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുമെന്നാണ്. മാതാപിതാക്കള്‍ കുട്ടിയുടെ കഴിവുകളിലുള്ള വിശ്വാസം അടിക്കടി സ്ഥിരീകരിക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കുട്ടികളെ സഹായിക്കും.
ഞാന്‍ നിന്റെ കൂടെയുണ്ട്
ഒരു കുട്ടിക്ക് ജീവിതത്തില്‍ ലഭിക്കാവുന്ന ഏറ്റവും വലിയ ബലം അവന്റെ അല്ലെങ്കില്‍ അവളുടെ മാതാപിതാക്കള്‍ ഏതു അവസ്ഥയിലും കൂടെയുണ്ട് എന്ന ബോധ്യമാണ്. ഒരു ഉദാഹരണം നോക്കാം. കുട്ടികള്‍ തെറ്റ് ചെയ്യുമ്പോള്‍ മാതാപിതാക്കള്‍ പിണങ്ങുന്നത് ഒരു സാധരണ കാര്യമാണ്. ഈ സമയത്ത് ചില കുട്ടികള്‍ സങ്കടത്തോടെ തന്നെ അവരുടെ മാതാപിതാക്കളുടെ അടുത്തേയ്ക്ക് വരും. അങ്ങനെ വരുന്ന കുട്ടികളുടെ നേരെ വീണ്ടും പരുഷമായി പെരുമാറുന്ന ചില മാതാപിതാക്കളുണ്ട്. അതൊരിക്കലും സംഭവിക്കരുത്. കാരണം ഏതു അവസ്ഥയിലും എന്റെ കൂടെ മാതാപിതാക്കളുണ്ട് എന്ന കുട്ടിയുടെ വിശ്വാസം അതോടെ ഇല്ലാതാകും. ഒരു കുട്ടിക്ക് മാതാപിതാക്കള്‍ കൂടെയുണ്ടെന്ന് ഉറപ്പുനല്‍കുന്നത് വിശ്വാസയോഗ്യമായ ബന്ധം വളര്‍ത്തിയെടുക്കുകയും അവരിലെ സുരക്ഷിതത്വബോധം ഊട്ടിയുറപ്പിക്കുകയും ചെയ്യും.
ദൈനംദിന ജീവിതത്തില്‍ മാതാപിതാക്കള്‍ നല്‍കുന്ന ഇത്തരം സ്ഥിരീകരണങ്ങള്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെ ആരോഗ്യകരമായി സ്വാധീനിക്കും. അതിനാല്‍ ഇത്തരം സ്ഥിരീകരണങ്ങള്‍ ബോധപൂര്‍വം ജീവിതത്തില്‍ ഉയയോഗിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതാണ്. ദൈനംദിന സ്ഥിരീകരണങ്ങളുടെ ഈ കലയില്‍ മാതാപിതാക്കള്‍ക്കുണ്ടാകുന്ന ഉണര്‍വ് കുട്ടികളുടെ വൈകാരികവും സാമൂഹികവും വൈജ്ഞാനികവുമായ വികാസത്തെ പരിപോഷിപ്പിക്കുകയും ആത്മവിശ്വാസമുള്ള, വൈകാരികമായി സുരക്ഷിതരായ വ്യക്തികള്‍ക്ക് അടിത്തറ പാകുകയുംചെയ്യും.