കുട്ടികളുടെ നേട്ടങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടോ? പണി പിന്നാലെ വരും

Mail This Article
കുട്ടികളെ വളര്‍ത്തുന്ന കാര്യത്തില്‍ പണ്ടെല്ലാം കാര്‍ന്നോന്മാരില്‍നിന്നായിരുന്നു പലരും ഉപദേശ, നിർദേശങ്ങൾ തേടിയിരുന്നത്. എന്നാല്‍, ഇന്ന് പലരും അതിനായി ആശ്രയിക്കുന്നത് സമൂഹമാധ്യമങ്ങളിലെ ചില പേരന്റിങ് ട്രെന്‍ഡുകളെയാണ്. ചിലതൊക്കെ നിങ്ങളുടെ കാര്യത്തില്‍ ക്ലിക്കായിട്ടുണ്ടാകാമെങ്കിലും ഇത്തരം ട്രെന്‍ഡുകളില്‍ എല്ലാമൊന്നും അത്ര നല്ലതാകണമെന്നില്ല. ഇനി പറയുന്ന ചില പേരന്റിങ് ട്രെന്‍ഡുകളോട് ഗുഡ് ബൈ പറയുന്നത് കുറച്ചു കൂടി നല്ല മാതാപിതാക്കളാകാന്‍ നിങ്ങളെ സഹായിച്ചേക്കും.
∙കുത്തി നിറയ്‌ക്കപ്പെട്ടുന്ന എക്‌സ്‌ട്രാ കരിക്കുലര്‍ പ്രവര്‍ത്തനം
കാര്യം ശരി തന്നെ. കുട്ടികള്‍ പാട്ടു പാടണമെന്നും വയലിന്‍ വായിക്കണമെന്നും കോഡിങ്ങും കരാട്ടെയുമൊക്കെ പഠിച്ച് മിടുക്കരാകണമെന്നും ഏത് മാതാപിതാക്കള്‍ക്കും മോഹമുണ്ടാകും. എന്നും പറഞ്ഞ് അവരുടെ ഒഴിവു നേരങ്ങള്‍ മുഴുവന്‍ ഇത്തരം പലവിധ പ്രവര്‍ത്തനങ്ങളുടെ ക്ലാസുകളുമായി കുത്തിനിറയ്‌ക്കരുത്. ഇത് കുട്ടികള്‍ക്ക് അമിത സമ്മര്‍ദം സൃഷ്ടിക്കും. ഇത്തരം കുത്തിനിറയ്‌ക്കലുകള്‍ ലഘൂകരിച്ച് അവര്‍ സ്വതന്ത്രമായി കളിച്ചു നടക്കാനുള്ള സമയവും അനുവദിക്കണം. ഇത് അവരുടെ സർഗാത്മകത വളരാന്‍ അനുവദിക്കും. ചുരുക്കിപ്പറഞ്ഞാൽ കുട്ടികള്‍ക്കു കുട്ടികളായി ഉല്ലസിച്ചു നടക്കാന്‍ കുറച്ചു സമയം അനുവദിക്കുക. എന്തെന്നാല്‍, അവരുടെ കുട്ടിക്കാലവും എന്നെന്നും നിലനില്‍ക്കില്ല എന്നോര്‍ക്കണം.
∙ സമൂഹ മാധ്യമങ്ങളിലെ നിരന്തര താരതമ്യം
കുട്ടികളുടെ കഴിവുകളും നേട്ടങ്ങളുമൊക്കെ മാതാപിതാക്കള്‍ മത്സരിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്‌ക്കുന്ന കാലമാണ് ഇത്. ഇതെല്ലാം കണ്ട് തന്റെ കുട്ടിക്ക് ഈ കഴിവില്ലല്ലോ ആ കഴിവില്ലല്ലോ എന്നു പറഞ്ഞ് താരതമ്യപഠനത്തിന് കുട്ടികളെ വിധേയരാക്കരുത്. ഇത് അവരുടെ ആത്മവിശ്വാസത്തെ ബാധിക്കും.

∙ വിനോദമെന്നത് സ്‌ക്രീന്‍ ടൈം അല്ല
കുട്ടികളുടെ വിനോദമെന്നത് ടാബിനും കംപ്യൂട്ടറിനും ടിവിക്കും മുന്നില്‍ മാത്രമാകുന്നതും അപകടമാണ്. ഇത് കുട്ടികളുടെ സാമൂഹികശേഷിയെയും ശാരീരികാരോഗ്യത്തെയും വികസനത്തെയും ബാധിക്കാം. പുറത്തിറങ്ങിയുള്ള കളികള്‍, വായന, സർഗാത്മക പ്രവര്‍ത്തനങ്ങള്‍ എന്നിവയെയും പ്രോത്സാഹിപ്പിക്കണം.
∙ നോ പറയാത്ത പേരന്റിങ്
കുട്ടികള്‍ പറയുന്ന എല്ലാത്തിനും തലയാട്ടുന്നതാണ് നല്ല പേരന്റിങ് എന്നും കരുതരുത്. കുട്ടികളോടു സ്‌നേഹവും കരുതലും ഒക്കെ വേണം. എന്നുവച്ച് അതിര്‍വരമ്പുകള്‍ നിശ്ചയിക്കാതെ അവര്‍ പറയുന്നതിന് എല്ലാം യെസ് പറയുകയും എല്ലാം സാധിച്ചു കൊടുക്കുകയും ചെയ്യേണ്ടതില്ല. ഇത് അച്ചടക്കമില്ലാതെ കുട്ടി വളരാന്‍ കാരണമാകാം.

∙ ഉറക്കത്തിന് അമിതശ്രദ്ധ
വളരെ ചെറിയ കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ഉറക്കം നഷ്ടപ്പെടുന്നതിനെ ചൊല്ലി പലപ്പോഴും ഉത്‌കണ്‌ഠയുണ്ടാകാറുണ്ട്. ഉറക്കത്തിന് മുന്‍ഗണന നല്‍കേണ്ടത് ആവശ്യമാണ്. എന്നു വച്ച് സദാസമയവും കുട്ടിയെ ഉറക്കുന്നതാണ് ബെസ്‌റ്റ് പേരന്റിങ് എന്നു കരുതേണ്ട ആവശ്യമില്ല.