ഹൗസ് ബോട്ടുകളുടെ മാതൃകയിൽ പുതിയ നടപ്പാലം, അകത്ത് നിന്ന് നഗരദൃശ്യങ്ങളും സൂര്യാസ്തമയവും കാണാം

Mail This Article
ആലപ്പുഴ ∙ പുതിയ ഇരുമ്പുപാലം നടപ്പാലം മുല്ലയ്ക്കൽ ചിറപ്പിന് മുൻപ് പൂർത്തിയാക്കും. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന നടപ്പാലത്തിന് അമൃത പദ്ധതിയിൽപ്പെടുത്തി നഗരസഭ 60 ലക്ഷം രൂപ ചെലവഴിക്കും. ഇരുമ്പുപാലത്തിന്റെ സമാന്തരമായി ഇപ്പോഴുള്ള നടപ്പാലത്തിൽ നിന്നും 10 മീറ്റർ കിഴക്കോട്ട് മാറിയാണ് പുതിയ നടപ്പാലം. വാണിജ്യ തോടിന്റെ തെക്കും വടക്കും കരകളിൽ നിന്നും പാലത്തിലേക്ക് കയറുന്ന ഭാഗത്ത് 2 ഹൗസ് ബോട്ടുകളുടെ മാതൃകയിലാണ് പാലത്തിന്റെ മേൽക്കൂര. ഇതിനുള്ളിൽ കുറെ നേരം തങ്ങാനുള്ള സ്ഥലം ഉണ്ടാകും.
ഇവിടെ നിന്നും നഗരദൃശ്യങ്ങളും സൂര്യാസ്തമയവും കാണാം. നഗരസഭ എൻജിനീയറിങ് വിഭാഗം മറ്റ് വാസ്തുശിൽപികളുടെ കൂടി സഹകരണത്തിലാണ് നടപ്പാലത്തിന്റെ മാതൃക തയാറാക്കിയത്.ടെൻഡറും പ്രവൃത്തി അനുമതിയും കഴിഞ്ഞ ശേഷം പാലത്തിന്റെ തൂണുകൾ കോൺക്രീറ്റ് ചെയ്യാൻ തുടങ്ങി. മറ്റൊരു സ്ഥലത്തിട്ട് കോൺക്രീറ്റ് ചെയ്ത തൂണുകൾ 24 ദിവസത്തിനു ശേഷം കൊണ്ടുവന്ന് പൈലിങ് ചെയ്യും.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
നഗരഹൃദയത്തിലെ പ്രധാന പാലമായ ഇരുമ്പുപാലത്തിന്റെ സമാന്തരമായി നേരത്തെ ഉണ്ടായിരുന്ന നടപ്പാലം അടച്ചിട്ട് മാസങ്ങളായി.പാലം ദ്രവിച്ചതിനെ തുടർന്ന് അപകടം സംഭവിക്കും എന്നതായിരുന്നു കാരണം. ഇതിനിടെയാണ് 2023–24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കുന്നതെന്ന് നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ പറഞ്ഞു.