കൊച്ചിൻ കാർണിവൽ റാലി: നിശ്ചല ദൃശ്യങ്ങളുടെ മനോഹാരിത

Mail This Article
ഫോർട്ട്കൊച്ചി ∙ കൊച്ചിൻ കാർണിവൽ റാലിയിൽ 41–ാം വർഷം നിശ്ചല ദൃശ്യം ഒരുക്കി തോപ്പുംപടി ആതിര ആർട്സ് ക്ലബ്. കാർണിവലിന്റെ ചരിത്രത്തിൽ ഒരു വർഷം പോലും മുടങ്ങാതെ ഫ്ലോട്ട് ഇറക്കുന്ന ആതിര ആർട്സ് ഇത്തവണ വന്യജീവികൾ നാട്ടിലേക്കിറങ്ങി ഭീതി പരത്തുന്ന ദൃശ്യമാണ് കാടിറങ്ങുന്ന ഭീതി എന്ന പേരിൽ അവതരിപ്പിച്ചത്. 15 പേർ അണി നിരന്ന ഫ്ലോട്ടിന് ചെലവ് 1.5 ലക്ഷം രൂപ.
ഒന്നര മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ നിശ്ചല ദൃശ്യമെന്ന് പ്രസിഡന്റ് ടി.ബി.സുനിലും സെക്രട്ടറി എ.ആർ.സന്തോഷ് കുമാറും പറയുന്നു. പാണ്ടിക്കുടി ജിവിപി ഫ്രൻഡ്സ് ഇത് 20–ാമത് വർഷമാണ് കാർണിവൽ റാലിയിൽ ഫ്ലോട്ട് ഇറക്കുന്നത്. ഉദയന്നൂർ കൊട്ടാരത്തിലെ രാജകുമാരിയുടെ പിറന്നാൾ ദിനത്തിൽ ക്ഷേത്ര ദർശനത്തിന് പോകുന്ന രംഗമാണ് 80 അടി നീളമുള്ള ഫ്ലോട്ടിൽ ചിത്രീകരിച്ചിരിക്കുന്നത്. കഴിഞ്ഞ 19 വർഷത്തിൽ 15 വർഷവും 1–ാം സ്ഥാനം കരസ്ഥമാക്കിയെന്ന ബഹുമതിക്ക് ഉടമകളാണ് വി.വേണുവിന്റെ നേതൃത്വത്തിലുള്ള ജിവിപി ഫ്രൻഡ്സ്.
കാർണിവൽ റാലിയിലെ വിജയികൾ
ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവൽ റാലിയിൽ സമ്മാനം നേടിയവർ യഥാക്രമം 1 മുതൽ 5 വരെ: ഫ്ലോട്ട്– കൊച്ചിൻ ജയ കേരള പാണ്ടിക്കുടി (ചൈനീസ് കുങ്ഫു) , ആതിര ആർട്സ് വെൽഫെയർ അസോസിയേഷൻ തോപ്പുംപടി (ഗുണാ കേവ്), ജിവിപി ഫ്രൻഡ്സ് പാണ്ടിക്കുടി (രാജകുമാരിയുടെ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളിപ്പ്) ഫീനിക്സ് കൊച്ചിൻ തോപ്പുംപടി (പഞ്ചമിയുടെ സ്കൂൾ പ്രവേശനം), ആതിര ആർട്സ് തോപ്പുംപടി (കാടിറങ്ങുന്ന ഭീതി).ഫാൻസിഡ്രസ്– ലൈജു സി.വിൻസന്റ്, വി.എഫ്.മാത്യു കോച്ചേരി, ശിവരാജൻ മുളന്തുരുത്തി, സി.എസ്.സാജു ചെറായി, ഫിൻസൻ കണ്ണമാലി. ഗ്രൂപ്പ് ഫാൻസിഡ്രസ്– ഗോൾഡൻ ആരോസ് കരിപ്പാലം, ബഷീർ അമരാവതി, രഞ്ജിത്ത് പട്ടാളം, പി.എ.മൈക്കിൾ വെളി, സെബാസ്റ്റ്യൻ മിറാൻഡ എറണാകുളം.