ADVERTISEMENT

കണ്ണൂർ ∙ കോവിഡ് മുക്ത ജില്ലയ്ക്കായി കണ്ണൂരിന്റെ കാത്തിരിപ്പ് നീളും. ഇന്നലെ പുതുതായി ഒരു കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ 10 ദിവസം നീണ്ടു നിന്ന ജില്ലയുടെ പ്രതീക്ഷകൾ അസ്തമിച്ചു. 14 ദിവസം ഒരു കേസു പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നാൽ റെഡ്സോണിൽ തുടരുന്ന ജില്ലയ്ക്ക് ഓറഞ്ച് സോണിലെ ഇളവുകളിലേക്കു മാറാൻ അവസരം ലഭിക്കുമായിരുന്നു. ഇതര സംസ്ഥാനങ്ങളിലെ റെഡ്സോണിൽ നിന്ന് എത്തിയവരും വിദേശത്തു നിന്നെത്തിയ പ്രവാസികളും ചേരുമ്പോൾ കോവിഡ് കേസുകൾ വരും ദിവസങ്ങളിൽ ഇനിയും കൂടുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം.

ഇന്നലെ കോവിഡ് സ്ഥിരീകരിച്ച കേളകം സ്വദേശിയായ പൊലീസുകാരൻ മാനന്തവാടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. ‌‌‌വയനാട്ടിൽ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് ഇദ്ദേഹത്തിന്റെ സ്രവ പരിശോധന നടത്തിയത്. ഇതിനിടെ പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് ചികിത്സയിൽ കഴിയുന്ന 82 വയസ്സുകാരന്റെ ഒരു സ്രവ സാംപിൾ കൂടി പരിശോധിക്കാൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു. ഇതിനായി ഇന്നു വീണ്ടും പരിശോധന നടത്തും.

191 പ്രവാസികള്‍ കോവിഡ് കെയർ സെന്ററുകളിൽ

ഗൾഫ് നാടുകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിൽ തിരിച്ചെത്തിയവരിൽ സർക്കാർ ഒരുക്കിയ കൊറോണ കെയർ സെന്ററുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ 618 പേർ. ഇതിൽ 191 പേർ ഗൾഫ് പ്രവാസികളും 427 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. വിദേശത്തു നിന്നെത്തിയ മൂന്നു പേർ ആശുപത്രി നിരീക്ഷണത്തിലുമുണ്ട്.

ഇതര സംസ്ഥാനങ്ങളിൽ നിന്ന് തിരികെയെത്തിയവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നാണു വ്യവസ്ഥ. എന്നാൽ പ്രായമുള്ളവർ, കുട്ടികൾ, രോഗികൾ തുടങ്ങിയവർ ഉള്ളതു കാരണം വീടുകളിൽ ക്വാറന്റീനിൽ കഴിയാൻ ബുദ്ധിമുട്ടുള്ളവർ കൊറോണ കെയർ സെന്ററുകളിലാണ് കഴിയുന്നത്.

നീരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ ഉയർന്നു

മറ്റു സംസ്ഥാനങ്ങളിലെ റെഡ്സോണുകളിൽ നിന്നു ജില്ലയിലെത്തിയത് 1999 പേർ. നിലവിൽ ഇവരെല്ലാം ഹോം ക്വാറന്റീനിലാണ്. ഇവരെ എല്ലാ ദിവസവും ആരോഗ്യവകുപ്പ് അധികൃതർ ബന്ധപ്പെടുന്നുണ്ട്. ഇവരിൽ രോഗലക്ഷണങ്ങളുള്ളവരെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റാനാണു തീരുമാനം. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2497 ആയി ഉയർന്നു. 38 പേർ ആശുപത്രിയിലും 2459 പേർ വീടുകളിലുമാണു കഴിയുന്നത്.

‘പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണം’

കണ്ണൂർ ∙ വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ ജില്ലയിൽ കൂടുതലായി എത്തുന്ന സാഹചര്യത്തിൽ പ്രാദേശിക തലത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ജില്ലാ ആസൂത്രണ സമിതി തദ്ദേശസ്ഥാപനങ്ങൾക്കു നിർദേശം നൽകി.

പ്രവർത്തനങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപന സെക്രട്ടറിമാർ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് ദിവസവും റിപ്പോർട്ട് സമർപ്പിക്കണമെന്നു ജില്ലാ ആസൂത്രണ സമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി.സുമേഷ് നിർദേശിച്ചു. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com