ബേക്കർ ജംക്‌ഷനു സമീപം കൂട്ടയിടി, 3 കാറുകൾ തകർന്നു...

Mail This Article
കോട്ടയം ∙ ബേക്കർ ജംക്‌ഷനു സമീപം കാറുകളുടെ കൂട്ടയിടി, 3 കാറുകൾ തകർന്നു. ആർക്കും കാര്യമായ പരുക്കില്ല. ഇന്നലെ മൂന്നിനു വൈഡബ്ല്യുസിഎയ്ക്ക് സമീപമാണ് അപകടം. നാഗമ്പടത്തു നിന്നു ബേക്കർ ജംക്‌ഷൻ ഭാഗത്തേക്കു വേഗത്തിലെത്തിയ കാർ എതിരെ വന്ന 2 കാറുകളിൽ ഇടിക്കുകയായിരുന്നു. ബേക്കർ ജംക്‌ഷനിലേക്കു കയറ്റം കയറി ചെന്ന കാർ മുന്നിൽ പോയ ഓട്ടോറിക്ഷയെ മറികടക്കാനുള്ള ശ്രമത്തിനിടെ തെറ്റായ ദിശയിലേക്കു കയറി.
നാഗമ്പടം ഭാഗത്തേക്ക് ഇറക്കം ഇറങ്ങുകയായിരുന്ന കാറിൽ ഇടിച്ചു. നാഗമ്പടം ഭാഗത്തേക്കു പോയ കാർ നിയന്ത്രണം വിട്ട് വട്ടം കറങ്ങി 10 മീറ്റർ ദൂരേക്കു തെന്നിമാറി. മറ്റൊരു കാറിലും ഇടിച്ചു. ഈ കാറിൽ 2 കന്യാസ്ത്രീകളാണുണ്ടായിരുന്നത്. ഒരാളുടെ നെറ്റിക്കു നേരിയ പരുക്കുണ്ട്. പിന്നാലെ എത്തിയ വാഹനങ്ങൾ നിർത്തിയതിനാൽ കൂടുതൽ അപകടമുണ്ടായില്ല.
അമിതവേഗവും മീഡിയൻ ഇല്ലാത്തതും അപകടകാരണം
കോട്ടയം ∙ എംസി റോഡിൽ ബേക്കർ ജംക്‌ഷൻ മുതൽ നാഗമ്പടം വരെ മീഡിയൻ ഇല്ലാത്തതും അശാസ്ത്രീയ ഇറക്കവും വളവുമാണു സ്ഥിരം അപകടത്തിനു കാരണം. രണ്ടുവരിപ്പാതയെ വേർതിരിക്കാൻ വെള്ളവര മാത്രമാണുള്ളത്. ഈ വര ശ്രദ്ധിക്കാതെ തെറ്റായ ദിശയിൽ വാഹനങ്ങൾ ഓടുന്നതു പതിവാണ്. ഇന്നലെ 3 കാറുകൾ തമ്മിൽ കൂട്ടിയിടിച്ചതിനു കാരണവും ഇതുതന്നെ.ബേക്കർ ജംക്‌ഷൻ മുതൽ നെഹ്റു സ്റ്റേഡിയം ജംക്‌ഷൻ വരെ അരക്കിലോമീറ്റർ റോഡിൽ കുത്തിറക്കവും കൊടും വളവുമാണ്. എംസി റോഡിൽ മറ്റു സ്ഥലങ്ങളിൽ ഉള്ള വീതി ഇവിടെ ഇല്ല. ഇറക്കമായതിനാൽ വാഹനങ്ങൾ അമിതവേഗത്തിലാകുന്നതും മുന്നിൽ പോകുന്ന വാഹനങ്ങളെ മറികടക്കുന്നതും പതിവാണ്.
കഴിഞ്ഞ വർഷം വൈഡബ്ല്യുസിഎയുടെ മുന്നിൽ വച്ച് കെഎസ്ആർടിസി ബസ് കയറി നട്ടാശേരി സ്വദേശി ബൈക്ക് യാത്രക്കാരൻ മരിച്ചു. ഏതാനും ദിവസത്തിനു മുൻപ് ഇതേ സ്ഥലത്ത് 3 ബൈക്കുകളാണ് മണലിൽ തെന്നി നിയന്ത്രണം വിട്ട് മറിഞ്ഞത്. ബൈക്ക് മറിഞ്ഞ് നഗരസഭാ ജീവനക്കാരന് പരുക്കേറ്റിരുന്നു. ബേക്കർ ജംക്‌ഷനിലൂടെ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾക്ക് മുൻപിൽ വൈഡബ്ല്യുസിഎയുടെ എതിർ വശത്ത് നിന്നു ശാസ്ത്രി റോഡിൽ പ്രവേശിക്കുന്ന റോഡിലേക്കു പോകാനായി പെട്ടെന്നു വാഹനങ്ങൾ തിരിയുമ്പോൾ അപകടം ഉണ്ടാകുന്നതും പതിവാണ്.
അപകടങ്ങൾ കൂടിയത് പഴയ മീഡിയൻ മാറ്റിയതിനു ശേഷം
∙ കെഎസ്ടിപിയുടെ റോഡ് നവീകരണത്തിനു മുൻപ് പഴയ റോഡിൽ ഈ ഭാഗത്ത് മീഡിയൻ ഉണ്ടായിരുന്നു. എംസി റോഡ് വീതികൂട്ടി നവീകരിച്ചപ്പോൾ മീഡിയൻ നീക്കം ചെയ്തു. ഇതിനു ശേഷമാണ് അപകടങ്ങൾ വർധിച്ചത്.
"മീഡിയൻ ഇല്ലാത്തതാണ് അപകടകാരണം. പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിനും കെഎസ്ടിപിക്കും മോട്ടർ വാഹനവകുപ്പ് കത്ത് നൽകിയിട്ടുണ്ട്." - ടോജോ എം. തോമസ് (എൻഫോഴ്സ്മെന്റ് ആർടിഒ, കോട്ടയം)