ഭക്ഷ്യയോഗ്യമല്ലാത്ത 70 കിലോ മീനും 28 കിലോ ഞണ്ടും പിടികൂടി നശിപ്പിച്ചു
Mail This Article
പാലക്കാട് ∙ ഭക്ഷ്യസുരക്ഷ, ഫിഷറീസ് വകുപ്പുകൾ സംയുക്തമായി പാലക്കാട്ടെ മത്സ്യമാർക്കറ്റുകളിൽ നടത്തിയ പരിശോധനയിൽ ഭക്ഷ്യയോഗ്യമല്ലാത്ത 70 കിലോ മീനും 28 കിലോ ഞണ്ടും പിടിച്ചെടുത്തു നശിപ്പിച്ചു. പുതുനഗരത്തുള്ള മത്സ്യമാർക്കറ്റിൽ പരിശോധന നടത്തിയെങ്കിലും വീഴ്ച കണ്ടെത്തിയിട്ടില്ല. അകം ദ്രവിച്ചു ചീഞ്ഞ നിലയിലായിരുന്നു മീനും ഞണ്ടും. പാലക്കാട്ട് ഇത്രയേറെ ഞണ്ടു പിടികൂടി നശിപ്പിക്കുന്നത് ആദ്യമായാണ്. ശീതീകരിച്ചു സൂക്ഷിക്കുന്നതിൽ ഗുരുതര വീഴ്ചയും കണ്ടെത്തി. മാർക്കറ്റ് റോഡിലുള്ള മീൻചന്തയിലും പട്ടിക്കര ബൈപാസിലെ മാർക്കറ്റിലുമാണു പരിശോധന നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. മഴക്കാലത്തു ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ പരിശോധന നടത്തിയത്.
അതേ സമയം രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടില്ല. മൊബൈൽ ലാബിന്റെ സഹകരണത്തോടെ 3 മാർക്കറ്റുകളിൽ നിന്നായി 25 സാംപിളുകളാണു പരിശോധിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണർ വി.ഷൺമുഖൻ, ഓഫിസർമാരായ എസ്.നയനലക്ഷ്മി, ആർ.ഹേമ, ജോബിൻ എ.തമ്പി, ഫിഷറീസ് ഉദ്യോഗസ്ഥരായ ശ്രുതി, അമല, മൊബൈൽ ലാബ് ടെക്നീഷ്യൻമാരായ എസ്.വിനയൻ, ജി.ആനന്ദ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പകർച്ചവ്യാധി സാഹചര്യത്തിൽ ജില്ലയിലെ മത്സ്യമാർക്കറ്റുകളിൽ സംയുക്ത പരിശോധന തുടരും.