ADVERTISEMENT

നെല്ലിയാമ്പതി∙ കനത്ത മഴ തുടങ്ങിയതു മുതൽ മരങ്ങൾ വീണും പിന്നീട് ഉണ്ടായ ശക്തമായ ഉരുൾപൊട്ടലിലും ഗതാഗത സൗകര്യം മുടങ്ങിയ നെല്ലിയാമ്പതിയിലേക്ക് ഒരു കെഎസ്ആർടിസി ബസ് ഓടിത്തുടങ്ങി. തകർന്ന റോഡ് പൂർവ സ്ഥിതിയിലായില്ലെങ്കിലും താൽക്കാലിക സംവിധാനമായി ബസ് ഓടിക്കാൻ തീരുമാനിക്കുകയായിരുന്നു. നെല്ലിയാമ്പതിക്കാർക്ക് നെന്മാറയിലേക്കും തിരിച്ചും ഗതാഗത സൗകര്യം ഒരുക്കാനാണു ബസ് സർവീസ് ആരംഭിച്ചത്. എന്നാൽ ഓടിത്തുടങ്ങിയ ബസിന്റെ സർവീസ് കാരപ്പാറയിലേക്കു ദീർഘിപ്പിക്കാതെ നൂറടിയിൽ അവസാനിപ്പിച്ചതിൽ യാത്രക്കാർക്ക് പരാതിയുണ്ട്.

അകലെയുള്ള കാരപ്പാറ മുതൽ 10 കിലോമീറ്ററിലധികം സഞ്ചരിച്ചെത്തേണ്ട ഒട്ടേറെ യാത്രക്കാർക്ക് ടാക്സി ജീപ്പിനെ ആശ്രയിക്കേണ്ടി വരുന്നത് വലിയ ബാധ്യതയാണ്. പുതിയ ബസിൽ പരിചയ സമ്പന്നരായ ജീവനക്കാരെ നിയോഗിച്ചു പ്രദേശത്തെ ജനങ്ങൾക്ക് അത്യാവശ്യ കാര്യങ്ങൾ ചെയ്യാൻ സംവിധാനം ഒരുക്കണണമെന്നാണ് ആവശ്യം. മഴക്കെടുതിയുമായി ബന്ധപ്പെട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ഇന്ന് നടക്കുന്ന ചിറ്റൂർ താലൂക്ക് യോഗത്തിൽ നെല്ലിയാമ്പതി വിഷയം ചർച്ചയാക്കും.

ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ വലിയ പാറക്കഷ്ണങ്ങളും മറ്റും റോഡിൽ വിവിധ ഇടങ്ങളിലായി വീണു കിടന്നത് നീക്കം ചെയ്യാൻ കൂടുതൽ സമയമെടുത്തതു കൊണ്ടാണ് ഗതാഗതം പുനരാരംഭിക്കാൻ വൈകിയത്. സംരക്ഷണ ഭിത്തി തകർന്നു പോയ ഭാഗത്ത് സുരക്ഷയ്ക്കായി മണൽ ചാക്കുകളും മറ്റും നിരത്തിയിരിക്കുകയാണ്. കൂടുതൽ ബസുകൾ ഉൾപ്പെടെ വലിയ വാഹനങ്ങൾക്കു കടന്നുപോകുന്നതിനു ഇനിയും ഒരാഴ്ച കൂടി വേണ്ടിവരുമെന്നാണു വിലയിരുത്തൽ.  കൂടുതൽ മണ്ണിടിച്ചിൽ സാധ്യത നിലനിൽക്കുന്നതിനാൽ നെല്ലിയാമ്പതി ചുരം പാതയിൽ രാത്രി യാത്രാനിരോധനം തുടരുകയാണ്. മഴയില്ലാത്തത് കൊണ്ട് താൽക്കാലികമായി ഒരുക്കിയ ഇടുങ്ങിയ പാതയിലൂടെ ബസ് ഓടുന്നത് പ്രശനമല്ലെങ്കിലും മഴ പെയ്താൽ വീണ്ടും പ്രതിസന്ധിയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com