പുലിപ്പേടിയിൽ മുക്കംപാലമൂട് ; പുലിയെ കണ്ടതായി നാട്ടുകാർ

Mail This Article
മലയിൻകീഴ് ∙ വിളപ്പിൽ, മലയിൻകീഴ് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ മൂങ്ങോട്, മുക്കംപാലമൂട്, ചെറുകോട് ഭാഗങ്ങളിൽ പുലിയെ കണ്ടതായി നാട്ടുകാർ. വനംവകുപ്പ് പരിശോധന നടത്തിയെങ്കിലും പുലി വന്നതിന്റെ സൂചന ഒന്നും ലഭിച്ചില്ല. ബുധനാഴ്ച രാത്രി എട്ടരയോടെ വീടിനു മുന്നിലൂടെ പുലി നടന്നുപോകുന്നത് കണ്ടതായി വിളപ്പിൽ പഞ്ചായത്തിലെ മുക്കംപാലമൂട് മേലെചെറുകോട് വിട്ടിയംപാട് വീട്ടിൽ എം.തങ്കമണി പറയുന്നു. വീട്ടിലെ പ്രകാശത്താൽ പുലിയെ വ്യക്തമായി കണ്ടതായി മരംവെട്ടുകാരനായ ഇദ്ദേഹം സ്ഥിരീകരിക്കുന്നു.
വിളപ്പിൽ പൊലീസും വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. ദിവസങ്ങൾക്കു മുൻപ് ചെറുകോട് ഭാഗത്തെ മൊബൈൽ ടവറിനു സമീപം പുലിയെ കണ്ടതായി ഒരു സ്ത്രീ പറഞ്ഞിരുന്നു. അന്നും പരിശോധനകൾ നടത്തിയെങ്കിലും തെളിവൊന്നും ലഭിച്ചില്ല. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം കുറയുന്നതിൽ ആശങ്ക ഉണ്ടെന്നു നാട്ടുകാരിൽ ചിലർ സൂചിപ്പിച്ചു.
എന്നാൽ വളർത്തു മൃഗങ്ങൾക്കു നേരെ ഇതുവരെ ആക്രമണം ഉണ്ടായിട്ടില്ല. വിശാലമായ റബർത്തോട്ടങ്ങളും കാടുമൂടിയ സ്വകാര്യ ഭൂമികളും പാറക്കെട്ടും നിറഞ്ഞ പ്രദേശം ആയതിനാൽ പുലിയുടെ സാന്നിധ്യം പൂർണമായും വനംവകുപ്പ് തള്ളിക്കളയുന്നില്ല. ഉടൻ 2 ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.
പുലിയെ കണ്ടെന്നു പറയുന്ന സ്ഥലങ്ങളിൽ ഐ.ബി.സതീഷ് എംഎൽഎ, വിളപ്പിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ഷാജി, ബ്ലോക്ക് അംഗം ആർ.ബി.ബിജുദാസ് എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. വിഷയം വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും ക്യാമറ ഉൾപ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കാൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഐ.ബി.സതീഷ് എംഎൽഎ അറിയിച്ചു.