ADVERTISEMENT

മാള ∙ വികാരിയച്ചനെ കയ്യേറ്റം ചെയ്തയാൾക്ക് പള്ളിക്കമ്മിറ്റി വിധിച്ച ശിക്ഷ ഇതായിരുന്നു:  ഞായറാഴ്ച പൊതുകുർബാനയുടെ മധ്യേ മാപ്പുപറയുക. ‘പ്രതി’ ‍26നു പള്ളിയിലെത്തിയത് മാപ്പുപറയാൻ തയാറായിട്ടാണ്.  പള്ളി നിറയെ ആൾക്കാർ ആ നിമിഷം കാത്തുനിന്നു. വികാരി ഫാ. നവീൻ ഊക്കൻ കുർബാനമധ്യേ അദ്ദേഹത്തെ അൾത്താരയ്ക്കു സമീപത്തേക്കു വിളിച്ചു. ഇടവകജനത്തോടായി പറഞ്ഞു: പള്ളിക്കമ്മിറ്റിയുടെ തീരുമാനമനുസരിച്ച് ഇദ്ദേഹം വന്നല്ലോ. അത് അഭിനന്ദനീയമാണ്.

എന്നിട്ട് അച്ചൻ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അദ്ദേഹത്തിന്റെ സമീപത്തിരുന്ന് ക്രിസ്തു, ശിഷ്യന്മാരുടെ കാൽ കഴുകിയതുപോലെ കാൽ കഴുകി, കാലിൽ ചുംബിച്ചു. ‘സഹോദരാ എനിക്ക് അങ്ങയോട് ഒരു ദേഷ്യവുമില്ല...’. വിശ്വാസികൾ ഞെട്ടിത്തരിച്ചു നിന്നു.  അവരുടെ കണ്ണുകൾ  ഈറനണിഞ്ഞു. ചിലർ പൊട്ടിക്കരഞ്ഞു. ക്ഷമയുടെ പാഠം പറയുക മാത്രമല്ല, പ്രവർത്തിക്കുകയും ചെയ്യണമെന്നു പഠിച്ച, പഠിപ്പിച്ച നിമിഷങ്ങൾ... അൾത്താരയിൽവച്ച് അച്ചൻ കുർബാനയപ്പം  സ്വീകരിച്ചു. അദ്ദേഹത്തിനും കൊടുത്തു.

മനസ്സിൽ കളങ്കമോ, വിദ്വേഷമോ ഉണ്ടെങ്കിൽ അതു പറഞ്ഞുതീർത്തശേഷം മാത്രമേ കുർബാന സ്വീകരിക്കാവൂ എന്നാണു ക്രൈസ്തവ വിശ്വാസം..ഇദ്ദേഹം മാപ്പു പറയാൻ തയാറായാണു വന്നത്. ഇനി അതു പറയിക്കരുതെന്നാണ് എന്റെ അഭിപ്രായം. അതിനെ അനുകുലിക്കുന്നെങ്കിൽ നിങ്ങൾ എഴുന്നേറ്റുനിന്നു കയ്യടിക്കുക, അല്ലെങ്കിൽ മാപ്പു പറയിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാം – ഫാ. നവീൻ പറഞ്ഞു.  പള്ളി നിറഞ്ഞ ജനം എഴുന്നേറ്റുനിന്നു. ചിറകടി ശബ്ദം പോലെ കയ്യടിമുഴങ്ങി. 

തുമ്പരശേരി സെന്റ് മേരീസ് പള്ളിയിലാണ് ക്ഷമയുടെ സന്ദേശം പകർന്ന ഈ വൈകാരിക നിമിഷങ്ങൾ അരങ്ങേറിയത്. പ്രായമായവരെ ഫാ. നവീൻ ഊക്കൻ കഴിഞ്ഞദിവസം വിനോദയാത്രയ്ക്കു കൊണ്ടുപോയിരുന്നു. തിരിച്ചുവരാൻ വൈകിയെന്നു പറഞ്ഞാണ് ഇടവകയിലൊരാൾ അച്ചനെ കയ്യേറ്റം ചെയ്തത്. കഴിഞ്ഞ പ്രളയകാലത്ത് നാട്ടിലെ നാനാജാതി മതസ്ഥരെ സഹായിക്കാൻ മുന്നിൽനിന്ന ഫാ. നവീനോട് നാട്ടുകാർക്കെല്ലാം പ്രിയമാണ്. മുനിപ്പാറ സെന്റ് ജൂഡ് പള്ളിയിലേക്കു ഈയാഴ്ച സ്ഥലം മാറിപ്പോകുകയാണ് ഫാ. നവീൻ .

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com