ജോലികളുടെ സ്വഭാവം മാറിയ 10 വർഷങ്ങൾ; ഇനി എന്താണ് കാത്തിരിക്കുന്നത്?
![Career_Trends Career_Trends](https://img-mm.manoramaonline.com/content/dam/mm/mo/education/career-guru/images/2020/1/18/Career_Trends.jpg.image.845.440.jpg)
Mail This Article
പുതിയ ദശാബ്ദത്തിലേക്കു ചുവടുവയ്ക്കുമ്പോൾ, പുതിയ മാറ്റങ്ങളും പുതിയ സാധ്യതകളും വഴിതുറക്കുകയാണ്. കരിയർ, ജോലി മേഖലകളിൽ വൻ കുതിച്ചുചാട്ടമുണ്ടായ ദശാബ്ദമാണു കടന്നുപോകുന്നത്. അടുത്ത 10 വർഷം വരാനിരിക്കുന്ന സാധ്യതകൾ പ്രവചനാതീതവുമാണ്. ജോലിക്ക് അപേക്ഷ അയയ്ക്കുന്നതു മുതൽ കമ്പനികൾ ആളെ തിരഞ്ഞെടുക്കുന്നതു വരെയുള്ള കാര്യങ്ങൾ 10 വർഷം മുൻപുള്ളതു പോലെയല്ല ഇപ്പോൾ നടക്കുന്നത്. പോയ ദശാബ്ദത്തിൽ രൂപപ്പെട്ട പ്രധാനപ്പെട്ട ‘ജോബ് ട്രെൻഡുകൾ’ നമുക്കൊന്നു തിരിഞ്ഞുനോക്കാം.
കടന്നുകയറി നിർമിതബുദ്ധി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിതബുദ്ധി എല്ലാ മേഖലകളിലും പിടിമുറുക്കി. ജോലികളുടെ സ്വഭാവം തന്നെ മാറ്റിമറിച്ചു. വലിയ കമ്പനികളിൽ ഇപ്പോൾ അപേക്ഷകൾ തരം തിരിച്ചു തള്ളിക്കളയുന്നതൊക്കെ നിർമിതബുദ്ധിയാണ്. ഈ സാങ്കേതികവിദ്യയിൽ വിദഗ്ധരായ ഉദ്യോഗാർഥികളുടെ ഡിമാൻഡിനെക്കുറിച്ചു പറയേണ്ട കാര്യവുമില്ല. കക്ഷി ചില ജോലികൾ ഇല്ലാതാക്കിയെങ്കിലും പുതിയവ സൃഷ്ടിച്ചിട്ടുമുണ്ട്.
പവർഫുൾ സ്റ്റാർട്ടപ്പുകൾ
മുൻപില്ലാത്ത വിധം സ്റ്റാർട്ടപ്പുകളെ ആളുകൾ കാര്യമായി എടുത്തു തുടങ്ങി. പ്രഫഷനൽ കോഴ്സുകൾ പഠിക്കുന്ന മിക്ക വിദ്യാർഥികളുടെയും സ്വപ്നമാണ് സ്റ്റാർട്ടപ്പുകൾ തുടങ്ങി വിജയിപ്പിക്കുക എന്നത്. വമ്പൻ കമ്പനികളും കോടീശ്വരന്മാരും സ്റ്റാർട്ടപ്പുകളിൽ നിക്ഷേപങ്ങൾ നടത്തുന്നതും ഇപ്പോൾ സാധാരണ സംഭവമാണ്. ജോലി നൽകുന്നതിലും സ്റ്റാർട്ടപ്പുകൾ മുന്നിൽ തന്നെയുണ്ട്.
പതിവു വിട്ട ജോലികൾ
ഒട്ടേറെ പാർട്‌ടൈം ജോലികൾ ലോകമെങ്ങും സജീവമായി. ഓൺലൈൻ ഫുഡ് ഡെലിവറി, ഓൺലൈൻ ടാക്സികൾ തുടങ്ങിയവയിൽ പതിനായിരക്കണക്കിനു യുവാക്കൾ കേരളത്തിൽ തന്നെ ജോലിയെടുക്കുന്നുണ്ട്. സ്ഥിരം ജോലി എന്ന കാഴ്ചപ്പാടിനു മാറ്റം വന്നു. ഒരിടത്തു സെറ്റിൽ ചെയ്യാതെ പുത്തൻ സാധ്യതകളിലേക്കു ചാടുന്ന ന്യൂജെൻ പിള്ളേരാണ് ഇപ്പോഴത്തെ താരങ്ങൾ.
ഡിജിറ്റലാണു കാര്യങ്ങൾ
കമ്പനികൾ ഡിജിറ്റൽ മാർക്കറ്റിങ്ങിലേക്കു മാറിയതോടെ ആ മേഖലയിലെ ജോലിസാധ്യതകളും വർധിച്ചു. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ വൻ കമ്പനികളിലെ ജോലികൾ ഉദ്യോഗാർഥികളുടെ സ്വപ്നമാകുമെന്നു 10 വർഷം മുൻപ് ആരും ചിന്തിച്ചിട്ടു പോലുമുണ്ടാകില്ല. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയും ഒട്ടേറെപ്പേർക്കു ജോലി നൽകുന്നു.