ആയുഷ് പിജി എൻട്രൻസ്: അപേക്ഷ ഓഗസ്റ്റ് 18 വരെ
Mail This Article
ദേശീയതലത്തിൽ എല്ലാ ആയുഷ് ശാഖകളിലെയും (ആയുർവേദം, ഹോമിയോപ്പതി, സിദ്ധ, യൂനാനി) എംഡി, എംഎസ്, പിജി ഡിപ്ലോമ കോഴ്സുകളിലെ ഈ വർഷത്തെ പ്രവേശനത്തിനുള്ള ഏക പരീക്ഷയായ ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. ആയുഷ് മേഖലയിലെ എല്ലാ കോളജുകളും സ്ഥാപനങ്ങളും സർവകലാശാലകളും കൽപിത സർവകലാശാലകളും ഇതിൽപ്പെടും.
∙ അപേക്ഷ: ഓഗസ്റ്റ് 18 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ഓഗസ്റ്റ് 19 രാത്രി 11.50 വരെ 2700 രൂപ അപേക്ഷാഫീസ് അടയ്ക്കാം. സാമ്പത്തിക പിന്നാക്കക്കാർക്ക് 2450 രൂപ, പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1800 രൂപ എന്നിങ്ങനെയാണു ഫീസ്.
ഓഗസ്റ്റ് 22 രാത്രി 11.50 വരെ ഓൺലൈൻ അപേക്ഷയിലെ ചില ഫീൽഡുകളിൽ തിരുത്തുകൾ വരുത്താം. ഒന്നിലേറെ അപേക്ഷ ഒരാൾ അയയ്ക്കരുത്. അപേക്ഷാരീതി ഇൻഫർമേഷൻ ബ്രോഷറിൽ വിശദമായുണ്ട്.
∙ യോഗ്യത: അപേക്ഷകർ അംഗീകൃത ആയുർവേദ, ഹോമിയോ, സിദ്ധ, യൂനാനി ബാച്‌ലർ ബിരുദവും റജിസ്ട്രേഷനും നേടി, ഒരു വർഷത്തെ ഇന്റേൺഷിപ് പൂർത്തിയാക്കിയിരിക്കണം. ഈ വർഷം ഒക്ടോബർ 31ന് അകം ഇന്റേൺഷിപ് പൂർത്തിയാക്കിയാലും മതി. കൗൺസലിങ് സമയത്ത് ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.
ഈ എൻട്രൻസിൽ റാങ്ക് നേടുന്നവർ നാഷനൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷനൽ കമ്മിഷൻ ഫോർ ഹോമിയോപ്പതി, സംസ്ഥാനങ്ങൾ, പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ, സർവകലാശാലകൾ എന്നിവ നിഷ്കർഷിക്കുന്ന പ്രസക്ത യോഗ്യതകളുണ്ടെന്ന് ഉറപ്പാക്കണം.
∙ പരീക്ഷ: 120 മിനിറ്റ് ഓൺലൈൻ ടെസ്റ്റിൽ 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് 4 മാർക്ക്. തെറ്റിന് ഒരു മാർക്കു കുറയ്ക്കും. ദേശീയതലത്തിൽ ബന്ധപ്പെട്ട ബാച്‌ലർ പ്രോഗ്രാമിനു നിർദേശിച്ചിട്ടുള്ള സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ.
കേന്ദ്രസർക്കാർ സ്ഥാപനങ്ങളിൽ പട്ടികവിഭാഗം 15, പട്ടികവർഗം 7.5, പിന്നാക്കം 27, സാമ്പത്തിക പിന്നാക്കം 10 % സംവരണമുണ്ട്. ഓരോ കാറ്റഗറിയിലും ഭിന്നശേഷിക്ക് 5%. തിരുവനന്തപുരം, കോട്ടയം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കോയമ്പത്തൂർ, ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി ഉൾപ്പെടെ 93 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ഇവയിൽ നാലെണ്ണം അപേക്ഷയിൽ മുൻഗണനാക്രമത്തിൽ കാണിക്കണം. വെബ്: https://aiapget.nta.nic.in & https://nta.ac.in. ഹെൽപ്‌ലൈൻ: 011-40759000, aiapget@nta.ac.in
Content Summary : All India AYUSH Post Graduate Entrance Test (AIAPGET) 2022: Apply by August 18