ചൊല്ലിപഠിക്കേണ്ട, ഡെസ്ക്കും ബെഞ്ചുമില്ല: എഐ കാലത്ത് പഠനമൊരു സ്വപ്നം പോലെ

Mail This Article
‘ഡെസ്ക്കും ബെഞ്ചും’ ഈ രണ്ടു വാക്കുകൾ ഒറ്റ വാക്കു പോലെ നമ്മുടെ മനസ്സുകളിൽ ഉറച്ചിരിക്കുകയാണ്. ക്ലാസ്മുറി എന്നു കേൾക്കുമ്പോൾ ഓർമ വരുന്ന ഡെസ്ക്കും ബെഞ്ചും എന്ന നൊസ്റ്റാൾജിയ ഇങ്ങനെ ഇനി എത്ര കാലമുണ്ടാകും? ഈ രൂപത്തിലും ഭാവത്തിലുമുള്ള ക്ലാസ്മുറികളിൽ തന്നെയാകുമോ ഇനി വരുന്ന തലമുറകളും വിദ്യാലയങ്ങളിൽ പഠിക്കുക? ഈ വരുന്ന ജൂണിൽ ഒന്നാം ക്ലാസിൽ ചേരുന്ന ഒരു കുട്ടി പത്താം ക്ലാസിലെത്തുമ്പോഴും വിദ്യാഭ്യാസ സമ്പ്രദായം ഇങ്ങനെയൊക്ക തന്നെയാകുമോ? വിദ്യാഭ്യാസ മേഖലയിൽ സാങ്കേതികവിദ്യ ചെലുത്തുന്ന സ്വാധീനം പരിഗണിച്ചാൽ, അടുത്ത ദശകത്തിന്റെ രണ്ടാം പാതിയിൽ പഠന സമ്പ്രദായം മാറിമറിഞ്ഞേക്കും. വികസിത രാഷ്ട്രങ്ങളിൽ ഇപ്പോഴേ ഇതിനുള്ള തുടക്കമായി. ഇന്ത്യയിലും കേരളത്തിലും എത്ര മാത്രം മാറ്റമുണ്ടാകുമെന്ന് ഇപ്പോൾ പറയാനാകില്ലെങ്കിലും മാറ്റങ്ങളോട് മുഖം തിരിക്കാൻ സാങ്കേതികവിദ്യയിലെ കുതിച്ചുചാട്ടം അധികകാലം സമ്മതിക്കില്ല.
സ്വപ്നം പോലെ പഠനം
നിർമിത ബുദ്ധി(എഐ), വെർച്വൽ റിയാലിറ്റി (വിആർ), ഓഗ്‌മെന്റഡ് റിയാലിറ്റി (എആർ) സാങ്കേതികവിദ്യകളിലുണ്ടായ വികസനമാണ് വിദ്യാഭ്യാസ മേഖലയിൽ പുതിയ വിപ്ലവത്തിനു വഴിതുറക്കുന്നത്. ഉദാഹരണത്തിന്, ഹിമാലയ പർവതത്തെയോ, എവറസ്റ്റ് കൊടുമടിയെയോ കുറിച്ചു പഠിക്കുന്ന വിദ്യാർഥിക്ക് ഇപ്പോൾ പുസ്തകങ്ങളിലെ പാഠങ്ങളും ചിത്രങ്ങളും സ്മാർട്ട് ക്ലാസ്റൂമിലോ ഓൺലൈൻ പഠന പ്ലാറ്റ്ഫോമുകളിലോ ലഭ്യമാകുന്ന വിഡിയോകളും ആണ് ആശ്രയം. ഇവയിൽ നിന്നു പഠിച്ചെടുക്കുന്ന അറിവിനു പുറമെയുള്ളതെല്ലാം ഓരോരുത്തരുടെയും ഭാവന പോലെയിരിക്കും. എന്നാൽ, വിആർ, എആർ സാങ്കേതികവിദ്യകൾ ക്ലാസ്മുറികളിലെത്തുന്നതോടെ വിദ്യാർഥി ഹിമാലയ പർവതത്തിലോ എവറസ്റ്റ് കൊടുമുടിയിലോ എത്തിയ അനുഭവത്തോടെയായിരിക്കും പഠിക്കുക.
എഐ മെന്റർ
ഇപ്പോൾ, എല്ലാ കുട്ടികളെയും ഒരേ പാഠമാണ് ചൊല്ലിപ്പഠിപ്പിക്കുന്നത്. പക്ഷേ, ഇനി വരാൻ പോകുന്നത് ഓരോ വിദ്യാർഥിയുടെയും ശക്തിദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അതിനു യോജ്യമായ രീതിയിലുള്ള പഠനമായിരിക്കും. ഇക്കാര്യങ്ങളുടെയെല്ലാം മർമസ്ഥാനത്ത് എഐ ആയിരിക്കുമെന്നതിനാൽ പഠിപ്പിച്ചതിനു പിന്നാലെ എത്ര മാത്രം പഠിച്ചു കഴിഞ്ഞു, പുരോഗതി എങ്ങനെ തുടങ്ങിയവ തത്സമയം വിലയിരുത്തലും നടക്കും. ഇതിനനുസരിച്ച് തുടർപഠനം ക്രമീകരിക്കുകയും ചെയ്യാം. ശാസ്ത്ര വിഷയങ്ങൾ പഠിക്കുമ്പോൾ സങ്കീർണമായ പരീക്ഷണങ്ങൾ എആർ, വിആർ സഹായത്തോടെ കുട്ടികൾക്കു തന്നെ ചെയ്തു പഠിക്കാമെന്ന മേൻമയുമുണ്ട്.
പല വിദ്യാലയങ്ങളിലും വിദ്യാർഥികൾക്ക് മെന്റർ(മാർഗദർശകർ) ആയി അധ്യാപകർ പ്രവർത്തിക്കാറുണ്ട്. ഒരു കുട്ടിയുടെ അല്ലെങ്കിൽ ഒരു കൂട്ടം കുട്ടികളുടെ പഠനകാര്യങ്ങളിൽ കൃത്യമായി മാർഗനിർദേശം നൽകുകയാണ് ലക്ഷ്യം. ഈ റോൾ സമീപഭാവിയിൽ എഐ മെന്റർ ആയിരിക്കും ചെയ്യുകയെന്നാണ് ഈ വിഷയത്തിൽ ഗവേഷണം നടത്തുന്ന വിദഗ്ധർ നൽകുന്ന സൂചന. കുട്ടികളുടെ പഠനകാര്യങ്ങൾക്കപ്പുറും മാനസികാരോഗ്യ കാര്യങ്ങളിലും എഐ മെന്റർ വഴികാട്ടിയാകും.

ചൊല്ലിപ്പഠിക്കേണ്ട
പാഠഭാഗങ്ങൾ ഓർത്തുവയ്ക്കുക എന്ന ശൈലിക്കു പകരം പ്രായോഗിക നൈപുണ്യം വികസിപ്പിക്കുന്നതിലും വിമർശനബുദ്ധിയോടെ വിഷയങ്ങൾ അപഗ്രഥിക്കുന്നതിനുമുള്ള കഴിവുകൾ കുട്ടികൾക്കു ലഭ്യമാക്കുന്നതിനായിരിക്കും ഊന്നൽ. ഇനി വരുന്ന ദശകങ്ങളിലുള്ള തൊഴിലുകൾ ആവശ്യപ്പെടുക ഇത്തരം കഴിവുകളായിരിക്കും. ക്ലാസ്മുറിയിൽ ചെന്നിരുന്നു പഠിക്കുന്നതിനു പകരം നേരിട്ടുള്ള അധ്യാപനവും ഇന്റർനെറ്റ് അധിഷ്ഠിത അധ്യാപനവും സംയോജിക്കുന്ന ഹൈബ്രിഡ് രീതി നിലവിൽ വരും. അതുകൊണ്ടു തന്നെ, ഇപ്പോഴത്തെ സ്കൂളുൾക്കും ക്ലാസ്മുറികൾക്കും കാര്യമായ രൂപമാറ്റം വരും. ഈ നൂറ്റാണ്ടിന്റെ രണ്ടാം പാതിയിലും തുടർന്നും നമ്മുടെ ഭൂഗോളം നേരിടാൻ സാധ്യതയുള്ള വെല്ലുവിളികൾ അതിജീവിക്കാൻ പ്രാപ്തിയുള്ള ആഗോള പൗരന്മാരെ വളർത്തുകയെന്ന ലക്ഷ്യമാകും വിദ്യാഭ്യാസത്തിന്. ഞാൻ, എനിക്ക്, എന്റെ നാടിന് എന്ന ചിന്താഗതിയിൽനിന്നു മാറി നമുക്ക്, ഈ ലോകത്തിന്, ഭൂഗോളത്തിന് എന്നു ചിന്തിക്കാൻ ആ തലമുറിലെ കുട്ടികൾ പ്രാപ്തരാകട്ടെ. ഏയ് ഓട്ടോ എന്ന സിനിമയിൽ മോഹൻ ലാലിന്റെ കഥാപാത്രം പറഞ്ഞതു പോലെ, കുട്ടികളേ... ‘‘ഗോ ടു യുവർ ക്ലാസസ്’’