ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

പറഞ്ഞു മടുത്തു, 24 മണിക്കൂറും ഫോണിൽ നോക്കിക്കൊണ്ടിരിപ്പാ, എന്താണതിനു മാത്രം ഈ ഫോണിലുള്ളത് ആവോ ! വീട്ടിൽ നിന്ന് ഇങ്ങനെയൊരു പരാതി കേൾക്കാത്ത യുവാക്കൾ ഉണ്ടാകില്ല. ചുറ്റും നടക്കുന്ന ഒരു കാര്യവും ഇവർ അറിയുന്നില്ലെന്ന പരിഭവം വേറെ. എല്ലാവരും പറയുംപോലെ എന്താണ് ഈ യുവതുർക്കികൾ ഫോണിൽ പരതുന്നതെന്ന് നോക്കിയാലോ. ഫാഷനുകളിലും ഇവന്റുകളിലുമൊക്കെ മുൻപ് സിനിമകളാണ് ട്രെൻഡ് സെറ്ററായിരുന്നതെങ്കിൽ ഇന്നു സമൂഹ മാധ്യമങ്ങളാണ് ട്രെൻഡ് സെറ്റർ. കോളജിലെ ആർട്സ് പരിപാടികളിൽ തുടങ്ങി ടൂർ, ബർത്ത് ഡേ ഇവന്റ്, എന്തിന് ഒറ്റയ്ക്കു നിൽക്കുന്ന ഫോട്ടോയിൽ പോലും സമൂഹ മാധ്യമ ട്രെൻഡിങ്ങുകളുടെ സ്വാധീനം കാണാം. വാട്‌സാപ്, ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്, സ്നാപ്ചാറ്റ്, ത്രെഡ്സ് തുടങ്ങി ഇഷ്ടംപോലെ ആപ്പുകളാണ് വിരൽത്തുമ്പിലുള്ളത്. അവയിൽ തന്നെ ട്രെൻഡുകൾ മാറിമറിയുകയാണ്.

‘പരിപാടി എന്തായാലും സ്റ്റോറി മുഖ്യം ബിഗിലേ..!’
സമൂഹമാധ്യമത്തിൽ മാത്രം കണ്ടുവരുന്ന ഒട്ടേറെ ഭാഷാ പ്രയോഗങ്ങളുണ്ട്. കമന്റുകളായും ഫോട്ടോകളുടെ കാപ്ഷനുമായൊക്കെ ഇതു പ്രത്യക്ഷപ്പെടും. അതായത് ഇൻസ്റ്റഗ്രാമിലും മറ്റുമൊക്കെ ഇടപെട്ടാൽ മാത്രം പോരാ. യൂത്തിന്റെ പൾസ് കൂടി അറിഞ്ഞ് കമന്റിട്ടില്ലെങ്കിൽ നമ്മളെ പിടിച്ച് ‘തൊണ്ണൂറുകളുടെ വസന്തങ്ങളും, അമ്മാവൻമാരുമൊക്കെ’ ആക്കിമാറ്റും എന്നതാണ് മറ്റൊരു പ്രത്യേകത. അതായത് സമൂഹമാധ്യമങ്ങളുടെ പലതരം ട്രെൻഡുകളിൽപെട്ട ഒന്നാണ് കമന്റുകളിലെ ഭാഷാ പ്രയോഗങ്ങളും.

ക്യാംപസുകളിലെ ഏതൊരു പരിപാടിയും കളറാക്കുന്നതിൽ ഇന്നു മുഖ്യപങ്ക് വഹിക്കുന്നത് ഇൻസ്റ്റഗ്രാമിലെ സ്റ്റോറികളും വാട്സാപിലെ സ്റ്റേറ്റസും തന്നെയാണ്. സ്റ്റേറ്റസ് ഇടാൻ വേണ്ടി മാത്രം ഫോട്ടോകളും വിഡിയോയും മുപ്പത് സെക്കൻഡ് ദൈർഘ്യത്തിൽ എഡിറ്റ് ചെയ്ത് ഇറക്കാൻ വരെ ആളുകൾ ഉണ്ട്. ഇതു പിന്നീട് ഇൻസ്റ്റഗ്രാം ഹൈലൈറ്റ്സിൽ ഇടംപിടിക്കുന്നതു കൊണ്ട് ഒരു ‘ചരിത്രശേഷിപ്പായി’  അവിടെ നിലനിൽക്കുകയും ചെയ്യും. ഇങ്ങനെയൊക്കെ ആണെങ്കിലും ഓരോരുത്തർക്കും എത്ര ഫോളോവേഴ്സുണ്ട് എന്നതും കോളജുകളിലെ ചർച്ചാവിഷയമാണ്. പണം കൊടുത്താൽ ഫോളോവേഴ്സും ലൈക്കും കൂട്ടിത്തരുന്ന സംഘങ്ങളുമുണ്ട്. ഫോളോവേഴ്സിന്റെ എണ്ണമനുസരിച്ച് 3000 മുതൽ 10,000 രൂപയ്ക്കു മുകളിലേക്കാണ് നിരക്ക്.

ഫെയ്സ്ബുക്കിന് വയസ്സായോ ?
ആപ്പുകൾക്ക്  വയസ്സില്ലെങ്കിലും അവ ഉപയോഗിക്കുന്നവരെ അമ്മാവൻമാരാക്കുന്ന തമാശയാണ് മറ്റൊരു ട്രെൻഡ് എന്നുവേണമെങ്കിൽ പറയാം. ഫെയ്സ്ബുക്കിൽ മുഴുവൻ മുതിർന്ന ആളുകളാണ്, യൂത്തെല്ലാം ഇൻസ്റ്റഗ്രാമിലാണ് എന്നതു പൂർണമായും ശരിയല്ലെന്ന് ക്യാംപസുകൾ തന്നെ പറയുന്നു. ഗൗരവമായ ചർച്ചകൾ പലതും നടക്കുന്നത് ഫെയ്സ്ബുക്കിലാണെന്നും അത്തരം ചർച്ചകൾക്ക് തുടക്കമിടുന്നത് യുവാക്കൾ തന്നെയാണെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. ഒട്ടേറെ ആപ്പുകളുണ്ടെങ്കിലും ഇൻസ്റ്റഗ്രാം, വാട്സാപ്,ഫെയ്സ്ബുക്, സ്നാപ്ചാറ്റ്, ഷെയർചാറ്റ് തുടങ്ങിയവ തന്നെയാണ് മുൻപന്തിയിൽ. പഠനകാലത്തു തന്നെ സമൂഹമാധ്യമങ്ങളിലൂടെ സംരംഭകരായ ഒട്ടേറെ മിടുക്കരുമുണ്ട്. ടിക്ടോകിലൂടെ സെലിബ്രിറ്റികളായ പലരും അത് നിരോധിച്ചതോടെ ഇൻസ്റ്റഗ്രാം റീൽസിലേക്കു സ്വൈപ് ചെയ്തെന്നു പറയാം. ഡേറ്റിങ് ആപ്പുകൾക്ക് ഇപ്പോഴും ക്യാംപസുകളിൽ വലിയ സ്വീകാര്യത കിട്ടിയിട്ടില്ല. പലരും കൗതുകത്തിനായി എടുത്തുനോക്കുന്നുണ്ടെന്നു പറയുന്നു. 500 രൂപയ്ക്കു മുകളിലാണ് പ്രമുഖ ഡേറ്റിങ് ആപ്പുകളിലെല്ലാം മെംബർഷിപ് ഫീ ആയി ഈടാക്കുന്നത്.

irine-maria-joffy
ഐറിൻ മരിയ ജോഫി

 

സമൂഹമാധ്യമങ്ങളിൽ ഇൻസ്റ്റഗ്രാം, വാട്സാപ്, സ്നാപ്ചാറ്റ് തുടങ്ങിയവയിൽ ആക്ടീവ് ആണ്. ഫെയ്സ്ബുക് ഉപയോഗിക്കാറില്ല. ഓൺലൈൻ ഷോപ്പിങ്ങിനായി മിന്ത്ര പോലുള്ള ആപ്പുകളും ഉപയോഗിക്കുന്നു. കുക്കിങ് വിഡിയോസ്, ട്രോൾ റീൽസ് എന്നിവ കാണാറുണ്ട്. ഒഴിവുള്ള ദിവസമാണെങ്കിൽ ആറോ ഏഴോ മണിക്കൂറെങ്കിലും മൊബൈൽ ഉപയോഗം തന്നെയാണ്. വിഡിയോ എഡിറ്റ് ചെയ്യുന്ന ആപ്പുകളും ഫോണിലുണ്ട്. 
ഐറിൻ മരിയ ജോഫി കാലിക്കറ്റ് സർവകലാശാല

abraham-joseph
എബ്രഹാം ജോസഫ്.

ഒരു ദിവസം ഏകദേശം 4 മണിക്കൂർ ഫോൺ യൂസ് ചെയ്യുന്നുണ്ട്. ഇൻസ്റ്റഗ്രാം വാട്സാപ് എന്നിവയാണ് കൂടുതലും ഉപയോഗിക്കുന്നത്. മറ്റ് ആപ്പുകളിൽ അക്കൗണ്ട് ഉണ്ടെങ്കിലും ആക്ടീവ് അല്ല. കോളജ് ഗ്രൂപ്പുകളെല്ലാം ഇൻസ്റ്റ ഗ്രാമിലാണ്. വാട്സാപിൽ ഗ്രൂപ്പുകളുണ്ടെങ്കിലും എല്ലാവരും ഇൻസ്റ്റഗ്രാമിലാണ് മെസേജ് അയയ്ക്കാറ്. ഓട്ടോമോട്ടീവ്, ഫാഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട റീൽസുകൾ ശ്രദ്ധിക്കാറുണ്ട്. പ്രഫഷനൽ മേഖലകളിലെ അപ്ഡേറ്റുകൾക്ക് ലിങ്ക്ഡ് ഇൻ ഉപയോഗിക്കുന്നു.
എബ്രഹാം ജോസഫ്.
ക്രൈസ്റ്റ് എൻജിനീയറിങ് 
കോളജ് ഇരിങ്ങാലക്കുട

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com