കിട്ടിയത് 10 കോടിയുടെ ‘ആംബർഗ്രിസ്’; ഒറ്റ രാത്രി കൊണ്ട് കോടിപതിയായി മത്സ്യത്തൊഴിലാളി!
Mail This Article
ഭാഗ്യം ഏതു സമയത്ത് എങ്ങനെയാണ് നമ്മളെ തേടിയെത്തുക എന്ന് പ്രവചിക്കാൻ കഴിയില്ല. അപ്രതീക്ഷിത രൂപത്തിലാകും പലപ്പോഴും ഭാഗ്യം കടന്നുവരിക. തായ്‌ലൻഡിൽ ഒരു മത്സ്യത്തൊഴിലാളിയെ ഭാഗ്യം കടാക്ഷിച്ചത് ആംബർഗ്രിസിന്റെ രൂപത്തിലാണ്. നരോങ് ഫെച്ചാരാജ് എന്ന മത്സ്യത്തൊഴിലാളിക്കാണ് സൂററ്റ് താനി പ്രവിശ്യയിലെ നിയോം കടൽത്തീരത്തു നിന്നും പാറക്കഷണം പോലുള്ള ഒരു വസ്തു കിട്ടിയത്. ആംബർഗ്രിസിനെക്കുറിച്ച് കേട്ടിട്ടുള്ളതിനാൽ കൈയിൽ കിട്ടിയ വസ്തുവിനെ സൂക്ഷ്മമായി തന്നെ പരിശോധിച്ചു. പാറക്കഷണം പോലെ തോന്നിക്കുന്ന വസ്തുവിൽ മെഴുകുപോലുള്ള ആവരണം കണ്ടപ്പോൾ തന്നെ ഇത് തിമിംഗലത്തിന്റെ ദഹനശിഷ്ടമായ ആംബർഗ്രിസ് ആണെന്ന് മനസ്സിലാക്കി. വിശദമായ പരിശോധനയ്ക്കായി സോങ്ക്‌ല യൂണിവേഴ്സിറ്റിയിലെ വിദഗ്ധരെയും കാണിച്ചു. അതിനു ശേഷമാണ് കോടികൾ വിലമതിക്കുന്ന ആംബർഗ്രിസാണ് തനിക്കു കിട്ടിയതെന്ന് ഉറപ്പിച്ചത്. 30 കിലോയോളം ഭാരമുള്ള ആംബർഗ്രിസാണ് നരോങ് ഫെച്ചാരാജിന് ലഭിച്ചത്.വിപണിയിൽ ഇതിന് 10 കോടിയോളം വില ലഭിക്കും.
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നൊക്കെയാണ് സ്പേം തിമിംഗലങ്ങളുടെ ദഹനശിഷ്ടം അഥവാ ആംമ്പർഗ്രിസ് അറിയപ്പെടുന്നത്. അത്യപൂർവമാണണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങളുടെ നിർമാണത്തിനാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്. തിമിംഗലം പുറന്തള്ളുമ്പോൾ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോൾ ഇതിനുണ്ടാകും. പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. ഇതിന് നേരിയ സുഗന്ധവുമുണ്ടാകും. വിപണിയിൽ സ്വർണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമിക്കാനാണ് ആംമ്പർഗ്രിസ് ഉപയോഗിക്കുക.
എന്താണ് ആംബർഗ്രിസ്?
സ്പേം തിമിംഗലത്തിന്റെയും പിഗ്മി സ്പേം തിമിംഗലത്തിന്റെയും ചെറുകുടലും മലാശയവും വഴി ആംബർഗ്രിസ് വിസർജിക്കപ്പെടുകയാണ്. തിമിംഗലങ്ങളുടെ കുടലിൽ ദഹനപ്രക്രിയയുമായി ബന്ധപ്പെട്ടുള്ള ചില പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്ന പ്രകൃതിദത്ത ഉൽപന്നമാണിത്. വംശനാശത്തിന്റെ നിഴലിൽ നിൽക്കുന്ന എണ്ണത്തിമിംഗലത്തിൽ (സ്പേം തിമിംഗലം) നിന്നാണിവ പ്രധാനമായും ലഭിക്കുന്നത്. എണ്ണത്തിമിംഗലത്തിന്റെ കുടലിൽ രോഗനിദാനവസ്തുവായി (കോപ്രോലിത്ത്) രൂപം കൊള്ളുന്നതാണിത്. ആൺ, പെൺ എണ്ണത്തിമിംഗലങ്ങളിലും, അപൂർവമായി കുള്ളൻ (പിഗ്മി) എണ്ണത്തിമിംഗലത്തിലും (കോഗിയ ബ്രെവിസെപ്സ്) ആംബർഗ്രിസ് ഉണ്ടാകാറുണ്ട്.
എണ്ണത്തിമിംഗലങ്ങളുടെ പ്രധാന ആഹാരം കണവയും കൂന്തലും ആണ്. പ്രായപൂർത്തിയായ ഒരു തിമിംഗലത്തിന് ഒരു ദിവസം ഒരു ടൺ വരെ കണവ അകത്താക്കാൻ കഴിയും. പശുക്കളെ പോലെ എണ്ണത്തിമിംഗലങ്ങൾക്കും ആമാശയത്തിൽ 4 അറകളുണ്ട്. ഒരു അറയിൽ നിന്ന് മറ്റൊന്നിലേക്കു കടന്നുപോകുന്ന കണവ വഴിയിലുടനീളം ദഹനപ്രക്രിയയ്ക്കു വിധേയമാകുന്നു. എന്നാൽ കണവയുടെ ശരീരത്തിലെ ദഹിക്കാത്ത ഭാഗങ്ങളായ ചുണ്ട് അഥവാ കൊക്ക്, നാക്ക് അഥവാ പേന (internal shell) എന്നിവ ആമാശയത്തിൽ അടിഞ്ഞുകൂടുന്നു. സാധാരണ അവസ്ഥയിൽ തിമിംഗലങ്ങൾ, ദഹിക്കാത്ത വസ്തുക്കളെ അപ്പപ്പോൾ ഛർദിക്കുകയാണു പതിവ്. ദഹിക്കാത്ത വസ്തുക്കളുടെ ഈ മിശ്രിതമാണു യഥാർഥ തിമിംഗല ഛർദി. ഇത് ആംബർഗ്രിസ് അല്ല.
എന്നാൽ ഏതാണ്ട് ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിൽ, ദഹിക്കാത്ത കണവച്ചുണ്ടുകളും മറ്റും ചെറുകുടലിൽ എത്തിപ്പെടും. അവിടെ എത്തിക്കഴിഞ്ഞാൽ, കൂർത്ത മുനകളുള്ള ഇവ അതിലോലമായ കുടലിന്റെ ഉള്ളിൽ ഉരഞ്ഞ് അതിന്റെ അന്തസ്ഥരത്തെ ഉത്തേജിപ്പിക്കും. ഇതിനു പ്രതികരണമെന്ന നിലയിൽ, കുടൽ ഒരു കൊഴുപ്പ് അഥവാ കൊളസ്ട്രോൾ അടങ്ങിയ വസ്തുവിനെ സ്രവിപ്പിക്കും. ഇത് ദഹിക്കാതെ കിടക്കുന്ന കണവനാക്കിനു മീതെ പാട പോലെ പടരുകയും അതിനെ മൃദുവാക്കുകയും ചെയ്യും. ഇത്, തുടർന്നു കൊണ്ടേയിരിക്കും.
ചെറുകുടൽ വെള്ളം വലിച്ചെടുക്കുന്നതിലൂടെ, ഇതു ക്രമേണെ കട്ടിയാവുകയും ഉറപ്പുള്ള വസ്തുവാകുകയും ചെയ്യും. ഈ പ്രക്രിയകൾ ആവർത്തിക്കപ്പെടുകയും മലാശയത്തിൽ വച്ച് നിരവധി പാളികൾ കൂട്ടിച്ചേർക്കപ്പെടുകയും ഇവ ക്രമേണ വലുതാവുകയും പിന്നീട് ആംബർഗ്രിസ് ആവുകയും ചെയ്യും. എണ്ണത്തിമിംഗലങ്ങളിൽ ചെറുകുടലിൽ ദഹിക്കപ്പെടാതെ അടിഞ്ഞുകൂടുന്ന കണവയുടെ ശരീരഭാഗങ്ങളിൽ കുടലിലെ സ്രവങ്ങൾ, വിസർജ്യ വസ്തുക്കൾ എന്നിവ കൂടിച്ചേർന്നു പാറപോലുള്ള വസ്തുവാകുന്നതാണ് ആംബർഗ്രിസ്.
വിസർജ്യത്തോടൊപ്പം പുറന്തള്ളുകയാണു പതിവ്. പക്ഷേ, വളരെ വലുതായിക്കഴിഞ്ഞാൽ അതു സാധിക്കാതെ വരും. ഇതോടെ, മലാശയത്തിൽ തന്നെ കിടക്കുകയും മലാശയം പൊട്ടി തിമിംഗലം ചാവുന്നതോടെ പുറത്തെത്തുകയും ചെയ്യും. ഇല്ലെങ്കിൽ, തിമിംഗലം സ്വാഭാവികമായി ചത്ത്, ശരീരം ചീയുമ്പോൾ പുറത്തെത്തും. വെറും ഒരു ശതമാനം എണ്ണത്തിമിംഗലങ്ങളിലാണ് ഈ പ്രക്രിയ നടക്കുന്നത്. അതുകൊണ്ടുതന്നെ ആംബർഗ്രിസ് അപൂർവവസ്തുവാണ്. കടൽവെള്ളത്തേക്കാൾ അൽപം സാന്ദ്രത കുറവായതിനാൽ, ആംബർഗ്രിസ് വെള്ളത്തിൽ പൊങ്ങിയും മുങ്ങിയും കടലിൽ ഒഴുകിനടക്കും.
ഇതിനിടയിൽ, മാറ്റങ്ങൾക്കു വിധേയമാവും. ഉപ്പുവെള്ളത്താൽ ഓക്സീകരിക്കപ്പെടും. സൂര്യപ്രകാശത്താൽ നിരവധി ഭ്രംശങ്ങൾക്കും വിധേയമാകും. തിരമാലകളും ഇതിൽ മാറ്റങ്ങളുണ്ടാക്കും. സമുദ്രപ്രവാഹങ്ങൾ ഇവയെ എവിടെ എത്തിക്കും എന്നു പ്രവചിക്കാൻ കഴിയില്ല. എണ്ണത്തിമിംഗലങ്ങളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങളിൽ ആംബർഗ്രിസിന്റെ സാന്നിധ്യം അധികമാവും. ഇന്ത്യൻ തീരങ്ങളിലും കേരള തീരത്തും ഇവയുടെ സാന്നിധ്യം അപൂർവമായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്, അതിനാൽ ആംബർഗ്രിസ് നമ്മുടെ തീരങ്ങളിലും വിരളമായി കണ്ടെത്തിയിട്ടുണ്ട്.
കടലിൽ എത്തുമ്പോൾ ആംബർഗ്രിസ് കൂടുതൽ ദൃഢവും മലത്തിന്റെ ഗന്ധമുള്ളതും ആയിരിക്കും. എന്നാൽ വർഷങ്ങളായി, ഒരുപക്ഷേ പതിറ്റാണ്ടുകളായി, കടലിൽ കിടക്കുമ്പോൾ ഇവ മൃദുവാകുകയും സങ്കീർണ്ണമായ വാസനകൾ (നല്ല പുകയില, പഴകിയ തടി, കടൽ പായൽ, ചന്ദനം, തുടങ്ങിയവയുടെ) ആഗിരണം ചെയ്യുകയും ചെയ്യും. തിമിംഗലങ്ങളുടെ ശരീരത്തിൽനിന്നു ലഭിക്കുന്നവയെ ‘ബോഡി ആംബർഗ്രിസ്’ എന്നും കടലിൽ പൊങ്ങിക്കിടക്കുന്നവയെ ‘ഫ്ലോട്ട്സം’ എന്നും പ്രവാഹങ്ങളിലൂടെ തീരത്ത് എത്തുന്നവയെ ‘ജെറ്റ്സം’ എന്നും വിളിക്കുന്നു. ടെർപീൻ വിഭാഗത്തിൽ (രൂക്ഷഗന്ധമുള്ള രാസവസ്തുക്കൾ) പെടുന്ന ആംബ്രിനിൽ നിന്നുണ്ടാകുന്ന അംബ്രോക്സാനും ആംബ്രിനോലും ആംബർഗ്രിസിനു പ്രത്യേക ഗന്ധം നൽകുന്നു. ജൈവസംയുക്തമായ സ്റ്റിറോളുകളിൽ നിന്നു വ്യത്യസ്തമായ ബയോസിന്തറ്റിക് സംവിധാനം വഴിയാണ് ആംബ്രിൻ ഉൽപാദിപ്പിക്കപ്പെടുന്നത്.
ആംബ്രിനു മണമില്ല. കാലം ചെല്ലുമ്പോൾ, ആംബർഗ്രിസ് പതിയെ അംബ്രിൻ സുഗന്ധമുള്ള സംയുക്തങ്ങളുടെ സമൃദ്ധമായ മിശ്രിതമായി രൂപാന്തരപ്പെടുന്നു. അതിലൊന്ന് പുകയിലയുടെ ഗന്ധമുള്ള ഡൈഹൈഡ്രോ-ഗാമ-അയണോൺ ആണ്. മറ്റൊന്ന് സമുദ്രജലം പോലെ മണക്കുന്ന ബ്യൂട്ടനാലിന്റെ വകഭേദമാണ്. മൂന്നാമത്തേത് ആൽഫ-ആംബ്രിനോൾ ആണ്. ആംബർഗ്രിസ് ഓക്സൈഡ് എന്നും അറിയപ്പെടുന്ന നാഫ്തോഫുറാനും ഇതിൽ അടങ്ങിയിട്ടുണ്ട്. സുഗന്ധദ്രവ്യവിപണിയിൽ ആംബർഗ്രിസിന് ആവശ്യകത എറിയതിനാൽ ഗുണനിലവാരമനുസരിച്ച് ഒരു കിലോക്ക് ഒരു കോടി രൂപ മുതൽ 1.5 കോടി രൂപ വരെ ലഭിക്കും.
English Summary: Thai Fisherman Finds 30 Kilos Of Whale Vomit Worth Almost Rs 10 Crore