ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

ബംഗാളിലെ സഫാരി പാർക്കിൽ അക്ബർ എന്നു പേരുള്ള ആൺസിംഹത്തിനൊപ്പം സീതയെന്ന പെൺസിംഹത്തെ താമസിപ്പിച്ചതിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ കോലാഹലമുണ്ടായിരുന്നു. വളർത്തുമൃഗങ്ങൾക്കും പക്ഷികൾക്കുമൊക്കെ നമ്മൾ ഓമനപ്പേരുകളിടാറുണ്ട്. ഓമനജീവികൾക്ക് ഉടമസ്ഥർ അവർക്കു പ്രിയപ്പെട്ട ആളുകളുടെ പേരിടുന്നതു പുതുമയല്ല. അതേസമയം, വികൃതികളായ ചില വന്യമൃഗങ്ങൾ‌ക്ക് നാട്ടുകാരിടുന്ന വട്ടപ്പേരുകൾ വാർത്തയാകാറുമുണ്ട്. പാലക്കാട് ധോണിയിൽനിന്നും പിടിച്ച കാട്ടാനയ്ക്കു പി.ടി. സെവൻ ധോണി, റേഷൻകടകളിൽനിന്ന് അരി മോഷ്ടിക്കുന്ന ആന അരിക്കൊമ്പൻ, ചക്കപ്രേമി ചക്കക്കൊമ്പൻ, ജലവിതരണപ്പൈപ്പ് തകർക്കുന്ന കാട്ടാന തണ്ണീർക്കൊമ്പൻ, പടയപ്പ എന്നിങ്ങനെ പോകുന്നു പേരിടൽ.

ഇതിൽനിന്നു വ്യത്യസ്തമാണ് പുതുതായി കണ്ടെത്തുന്ന ജീവിവർഗങ്ങൾക്കു പേരിടുന്നത്. അവയുടെ കണ്ടെത്തലിനു കാരണമായ ശാസ്ത്രജ്ഞരുടെയോ വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരോടുള്ള ആദരമായി അവരുടെയോ പേരുകൾ ഇങ്ങനെ കൊടുക്കാറുണ്ട്. 

മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിൽ ഒരു നിശാശലഭയിനം തന്നെയുണ്ട്. 2011ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപു തന്നെ അദ്ദേഹത്തിന്റെ പേര് പുതിയ ചിത്രശലഭത്തിനു നൽകിയിരുന്നു. വെറുതെ ഡോണൾഡ് ട്രംപ് എന്ന് നൽകാതെ അൽപം കൂടി ഗാംഭീര്യമുള്ള പേരാണ് ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത് – ‘നിയോപാൽപ ഡോണൾഡ് ട്രംപി’ എന്നാണ് കുഞ്ഞൻ ശലഭത്തിന്റെ മുഴുവൻ പേര്. കലിഫോർണിയയിലും മെക്സിക്കോയിലെ ബജയിലുമാണ് ഇവ കാണപ്പെടുന്നത്. 

(Photo: X/@SarroccoSabrina)
(Photo: X/@SarroccoSabrina)

ട്രംപിന്റെ സ്വർണ നിറത്തിലുള്ള തലമുടിക്കു സമാനമായ രീതിയിലാണ് ശലഭത്തിന്റെ ശൽക്കങ്ങൾ. കാനഡ സ്വദേശിയായ ഗവേഷകൻ വസ്രിക് നസാരിയാണ് ഡോണൾഡ് ട്രംപിയെ കണ്ടെത്തിയത്. ജീവികൾക്ക് നൽകുന്നത് പുരുഷ നാമമാണെങ്കിൽ അത് അവസാനിക്കുന്നത് 'ഇ' ശബ്ദത്തിൽ ആയിരിക്കണം എന്നതിനാലാണ് ഡോണൾഡ് ട്രംപി എന്ന് പേരിട്ടത്. പരിസ്ഥിതിയിലെ മാറ്റങ്ങൾ വേഗത്തിൽ ബാധിക്കുന്ന ഇത്തരം ചെറു ജീവികളുടെ സംരക്ഷണത്തിനു കൂടി ട്രംപ് മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയും ഈ പേരിടലിനു പിന്നിൽ ഉണ്ടായിരുന്നു. ഇതിലൂടെ, അമേരിക്കയിലെ ദുർബലമായ ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും ജീവശാസ്ത്രജ്ഞർ വിശ്വസിച്ചു. 

ഡോണൾഡ് ട്രംപിയുടെ മുൻചിറകുകളുടെ മുകൾഭാഗം ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാണുള്ളത്. ചിറകുകൾ വിരിച്ചു പിടിച്ചാൽ ഒരു സെന്റിമീറ്ററിൽ താഴെ മാത്രമാണ് നീളം. ഇലകളിൽ വൃത്താകൃതിയിൽ കറങ്ങുന്ന ട്വിര്‍ലർ നിശാശലഭ വർഗത്തിലാണ് ഇവ ഉൾപ്പെടുന്നത്. വർഷത്തിൽ ഉടനീളം കാണപ്പെടുന്ന ജീവികൾ കൂടിയാണ് ഇവ. എന്നാൽ ഈ ഇനം ഏതെങ്കിലും സസ്യത്തെ ആശ്രയിക്കുന്നുണ്ടോയെന്നും അവയുടെ ആയുർദൈർഘ്യം എത്രയാണെന്നും കണ്ടെത്താനായിട്ടില്ല. നഗരവൽക്കരണം ഇവരുടെ ആവാസ വ്യവസ്ഥ തകരാൻ കാരണമാകുന്നുണ്ട്. ഒരു വ്യക്തിയുടെ കാലശേഷവും അദ്ദേഹത്തിന്റെ പേര് അനശ്വരമായി തുടരുമെന്നതാണ് അതു ജീവിവർഗങ്ങൾക്കു നൽകുന്നതിന്റെ പ്രത്യേകതയെന്ന് വസ്രിക് നസാരി അഭിപ്രായപ്പെട്ടിരുന്നു.

നിയോപാൽപ ഡോണൾഡ് ട്രംപി. (Photo: X/@AngryMarkTrail)
നിയോപാൽപ ഡോണൾഡ് ട്രംപി. (Photo: X/@AngryMarkTrail)

ബറാക് ഒബാമ യുഎസ് പ്രസിഡന്റായിരിക്കെ ഒൻപതു ജീവിവർഗങ്ങൾക്കാണ് ശാസ്ത്രജ്ഞർ അദ്ദേഹത്തിന്റെ പേര് നൽകിയത്. വടക്കൻ കലിഫോർണിയയിൽ കണ്ടുവരുന്ന 'ആപ്‌റ്റോസ്റ്റിക്കസ് ബരാക്കോബാമൈ' എന്ന ട്രാപ്‌ഡോർ ചിലന്തി, കിഴക്കൻ യുഎസിൽ കാണപ്പെടുന്ന ശുദ്ധജല ഡാർട്ടർ മത്സ്യമായ 'എത്തിയോസ്റ്റോമ ഒബാമ', ആമസോണിൽ വസിക്കുന്ന 'നിസ്റ്റലസ് ഒബാമൈ', ആമകളെ ആശ്രയിക്കുന്ന പരാന്നഭോജിയായ 'ബരാക്ട്രീമ ഒബാമൈ' തുടങ്ങിയവയാണിത്. അമേരിക്കൻ പ്രസിഡന്റ് സ്ഥാനം വഹിച്ചവരിൽ സ്വന്തം പേരിൽ ഏറ്റവും അധികം ജീവിവർഗങ്ങളുള്ള വ്യക്തിയും ഒബാമയാണ്.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com