ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

മനുഷ്യരെ ആക്രമിക്കുകയും ഭക്ഷിക്കുകയും ചെയ്യുന്ന കടുവകളെ നരഭോജിക്കടുവകൾ എന്നാണ് വിളിക്കുന്നത്. ഒട്ടേറെ നരഭോജിക്കടുവകൾ ലോകചരിത്രത്തിലുണ്ടായിട്ടുണ്ട്. ഇന്ന് ലോകത്തെ കടുവകളുടെ എണ്ണത്തിൽ 70 ശതമാനവും ഇന്ത്യയിലാണ്. ഇന്ത്യൻ കടുവകൾ അക്രമണോത്സുകതയുടെ കാര്യത്തിൽ മറ്റെല്ലാ കടുവ വിഭാഗങ്ങളെയും നിഷ്പ്രഭരാക്കുമെന്നും ചില പ്രകൃതിഗവേഷകർ പറയുന്നു.

ലോകത്തിലെ ഏറ്റവും അപകടകാരിയായ കടുവ ജീവിച്ചത് ഇന്ത്യയിലാണ്. 436 പേരെയാണ് ഇതു കൊലപ്പെടുത്തിയത്. ചംപാവതിലെ കടുവ എന്ന പേരിൽ ഈ പെൺകടുവ ചരിത്രത്തിന്റെ താളുകളിൽ ഉറങ്ങുന്നു. ഒരു നൂറ്റാണ്ടു മുൻപ് ഇന്ത്യയെയും നേപ്പാളിനെയും 7 വർഷത്തോളം നടുക്കിയിരുന്നു ചംപാവതിലെ ഈ ഭീകരി.

നേപ്പാളിലെ റൂപാലിലാണ് പെൺകടുവ ആദ്യമായി ആക്രമണം തുടങ്ങിയത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലായിരുന്നു ഇത്. അന്ന് ഇന്ത്യയിൽ ബ്രിട്ടീഷ് വാഴ്ചയാണ്.പതുങ്ങിയിരുന്ന് ഇരയുടെ മേൽ ചാടി വീണ് മൂർച്ചയേറിയ നഖങ്ങളും പല്ലുകളും ഉപയോഗിച്ച് കൊല്ലും. തുടർന്ന് വലിച്ചുനീക്കി ഇരയുടെ ശരീരം ഭക്ഷിക്കും. ഇതായിരുന്നു കടുവയുടെ ആക്രമണരീതി. ആക്രമണം നടന്നയിടങ്ങളിലെ രക്തപ്പാടുകൾ കണ്ടാണ് ഇതു കടുവയുടെ ആക്രമണമാണെന്നു നേപ്പാളിലെ ഗ്രാമീണരും സൈന്യവും വിലയിരുത്തിയത്. കടുവയുടെ ശല്യം നാൾക്കുനാൾ കൂടിയതോടെ നേപ്പാൾ സൈന്യം കടുവയെ ഓടിക്കാൻ ശ്രമങ്ങൾ തുടങ്ങി. ഒടുവിൽ കടുവ ശാരദാ നദി കടന്ന് ഇന്ത്യയിലേക്കെത്തി.

ജിം കോർബറ്റ് (Photo: Twitter/ @Corbettwildiris)
ജിം കോർബറ്റ് (Photo: Twitter/ @Corbettwildiris)

ഉത്തരാഖണ്ഡിലെ കുമയൂൺ ജില്ലയിലേക്കായിരുന്നു കടുവയുടെ കടന്നുവരവ്. ഇവിടത്തെ ചംപാവത് ഗ്രാമം അതു തട്ടകമാക്കി. കുമയൂൺ മേഖലയിലെ എല്ലാ മേഖലകളും കടുവയുടെ ഭീകരതയാൽ വിറച്ചു. ഒരു ദിവസം 32 കിലോമീറ്റർ വരെ യാത്ര ചെയ്ത് വേട്ടകൾ നടത്താൻ കടുവയ്ക്കു ശേഷിയുണ്ടായിരുന്നത്രേ.

വളരെ ബുദ്ധിമതിയായിരുന്നു ഈ നരഭോജിമൃഗം. ദൂരെസ്ഥലങ്ങളിൽ ചെന്ന് മനുഷ്യനെ കൊന്നു തിന്നശേഷം പെട്ടെന്നു തന്നെ അവിടം വിട്ട് അടുത്തമേഖലയിലേക്കു മാറുന്നതിനാൽ ഇതിനെ പിടിക്കുക ശ്രമകരമായ ദൗത്യമായി മാറി. കാട്ടിൽ നിന്നു വിറക് തേടാനും പുല്ലുപറിക്കാനുമൊക്കെ നിരായുധരായി എത്തിയവരെയാണ് കടുവ പ്രധാനമായി ഇരയാക്കിയത്.

ഇതോടെ കുമയൂണിൽ കടുവയെക്കുറിച്ചുള്ള ഭീതി ഉടലെടുത്തു. ആളുകൾ പുറത്തിറങ്ങാതായി. ജോലി ചെയ്യാൻ ആളില്ലാതെയായതോടെ പ്രദേശത്തിന്റെ സാമ്പത്തികസ്ഥിതി തകർന്നു. 4 വർഷങ്ങൾ... വർഷം 1907 ആയി. ആളുകൾക്ക് എങ്ങനെയെങ്കിലും ഈ കടുവയെ പിടിക്കുകയോ കൊന്നുകളയുകയോ ചെയ്താൽ മതിയെന്നായി. അവർ ജിം കോർബറ്റിന്റെ സഹായം തേടി. 

jim-corbett-3
(Photo: Twitter/@Sancus2_)

ഇന്ത്യയിൽ താമസിച്ചിരുന്ന ബ്രിട്ടിഷ് കുടുംബത്തിൽ ജനിച്ച വ്യക്തിയായിരുന്നു ജിം. ഒരേസമയം പ്രകൃതി സ്‌നേഹിയും ദുഷ്ടമൃഗങ്ങളുടെ വേട്ടക്കാരനും. സൈന്യത്തിൽ കേണൽ സ്ഥാനം വഹിച്ചിരുന്ന ജിമ്മിന്റെ വേട്ടക്കാരൻ എന്ന നിലയിലുള്ള പ്രശസ്തി വളരെ ദൂരം വ്യാപിച്ചിരുന്നു. 

ഇത്തരത്തിൽ, നരഭോജിയായ ഒരു മൃഗത്തിനായി അദ്ദേഹം ഏറ്റെടുത്ത ആദ്യകാല വേട്ടയായിരുന്നു ചംപാവതിലെ കടുവയുടേത്. ജിം കോർബറ്റ് ദൗത്യമേറ്റെടുത്ത് നാളുകൾക്കുള്ളിൽ തന്നെ കടുവ തന്റെ അടുത്ത ഇരയെ കൊന്നുതിന്നു. ചംപാവതിനു സമീപമുള്ള ഫുൻഗാർ ഗ്രാമത്തിലെ പ്രേംക ദേവി എന്ന 16 വയസ്സുകാരിയായിരുന്നു അത്.

Read Also: വരണം, വരണം..! പുതുതായി വന്ന ചിമ്പാൻസിയെ കെട്ടിപ്പിടിച്ച് സ്വാഗതം ചെയ്ത് മറ്റ് ചിമ്പാൻസികൾ–വിഡിയോ

പ്രേംക ദേവി ആക്രമണത്തിനിരയായ സ്ഥലത്തെ ചോരപ്പാടുകൾ പിന്തുടർന്ന ജിം കോർബറ്റ് താമസിയാതെ അവളുടെ ശരീര അവശേഷിപ്പുകൾ കിടക്കുന്ന സ്ഥലത്തെത്തി. അദ്ദേഹത്തെ കാത്ത് വലിയ അപകടം അവിടെത്തന്നെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആ കടുവ തന്നെയായിരുന്നു അത്. കടുവ ജിമ്മിന്റെ നേർക്ക് എടുത്തു ചാടി. സാധാരണ കടുവകൾ മനുഷ്യരുമായി ഒരു സംഘട്ടനം ഒഴിവാക്കി പോകുന്നവരാണ്. എന്നാൽ നരഭോജിക്കടുവകളിൽ നിന്ന് അതു പ്രതീക്ഷിക്കേണ്ടെന്നും തങ്ങളുടെ ഇരകളെ അവ തെല്ലും ഭയക്കില്ലെന്നുമുള്ള ആദ്യപാഠം അദ്ദേഹം പഠിച്ചത് അപ്പോഴാണ്. പെട്ടെന്നു തന്നെ മനസ്സാന്നിധ്യം നേടിയ ജിം തന്റെ റൈഫിളിൽ നിന്നു 2 തവണ വെടിയുതിർത്തു. വലിയ വെടിശബ്ദത്തിൽ ഭയന്ന് തൽക്കാലം കടുവ പിന്തിരിഞ്ഞു. 

Night Safari in Jim Corbett National Park (Photo: Twitter/@VertigoWarrior)

·
Night Safari in Jim Corbett National Park (Photo: Twitter/@VertigoWarrior) ·

പിറ്റേന്നു തന്നെ ചംപാവതിലെ തഹ്‌സിൽദാറെ കണ്ട് ജിം സഹായമഭ്യർഥിച്ചു. തുടർന്ന് 300 ഗ്രാമീണർ അടങ്ങുന്ന ഒരു പട്രോളിങ് സംഘം ജിമ്മിനോടൊപ്പം ചേർന്നു. കാടരിച്ചുള്ള തിരച്ചിലിനൊടുവിൽ ഉച്ചയോടെ പെൺകടുവ വേട്ടസംഘത്തിനു മുന്നിൽ പെട്ടു. ജിം കോർബറ്റിന്റെ റൈഫിളിൽ നിന്നുള്ള ഉന്നം തെറ്റാത്ത വെടിയിൽ കടുവ മറിഞ്ഞുവീണു ചത്തു. ചംപാവത്തിന്റെ പേടിസ്വപ്‌നം ഒഴിഞ്ഞതിൽ നാട്ടുകാർ ഹർഷാരവം മുഴക്കി.

സംഭവം ജിം കോർബറ്റിനു ബ്രിട്ടിഷ് അധിനിവേശ ഇന്ത്യയിലെ ഏറ്റവും വലിയ വേട്ടക്കാരനെന്ന ഖ്യാതി നേടിക്കൊടുത്തു. പിന്നീട് ഒരു ഡസനോളം നരഭോജിക്കടുവകളെയും പുലികളെയും അദ്ദേഹം കൊന്നു. ഒടുവിൽ ജിം വേട്ട അവസാനിപ്പിച്ചു പ്രകൃതി സംരക്ഷണത്തിലേക്കു തിരിഞ്ഞു.

English Summary: The Life of Jim Corbett how an ex hunter solved man animal conflit in a village

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com