ശരീരത്തിൽ തുളഞ്ഞു കയറിയ അമ്പുമായി കരടികൾ ;അനധികൃത വേട്ടക്കാരെ തിരഞ്ഞ് പൊലീസ്

Mail This Article
വന്യമൃഗങ്ങളെ അനധികൃതമായി വേട്ടയാടി കൊല്ലുന്നത് എല്ലാ രാജ്യങ്ങളിലും ശിക്ഷാർഹമായ കുറ്റമാണ്. പ്രത്യേക സംരക്ഷണം നൽകി വരുന്ന മൃഗങ്ങൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഏറെ ഗൗരവതരമായാണ് നിയമ സംവിധാനങ്ങൾ കാണുന്നത്. എന്നാൽ ഇതിനെയെല്ലാം അവഗണിച്ചുകൊണ്ട് വന പ്രദേശങ്ങളിൽ അനധികൃത വേട്ടയാടൽ ധാരാളമായി നടക്കുന്നുണ്ട്. ഭൂരിഭാഗം ആളുകളും ഇറച്ചിക്കുവേണ്ടിയാണ് മൃഗങ്ങളെ കൊല ചെയ്യുന്നതെങ്കിൽ മറ്റു ചിലർ വിനോദത്തിനായി മാത്രം വേട്ടയ്ക്കിറങ്ങാറുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഓറിഗണിൽ ഇത്തരത്തിൽ വേട്ടക്കാർ കൊന്നത് രണ്ട് കരടികളെയാണ്.
അമ്പെയ്ത ശേഷം അവയെ നരകയാതന അനുഭവിക്കുന്നതിനായി ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു വേട്ടക്കാർ. ഓറിഗൺ ഡിപ്പാർട്ട്മെന്റ് ഓഫ് ഫിഷ് ആൻഡ് വൈൽഡ് ലൈഫിലെ ഉദ്യോഗസ്ഥരാണ് ബ്ലാക്ക് ബെയർ വിഭാഗത്തിൽപ്പെട്ട കരടികളുടെ ജഡങ്ങൾ മരത്തിൽ തങ്ങിയിരിക്കുന്ന നിലയിൽ കണ്ടെത്തിയത്. 125 കിലോഗ്രാം ഭാരം വരുന്ന പെൺ കരടിയെയാ നെഞ്ചിൽ അമ്പ് തറിഞ്ഞിരിക്കുന്ന നിലയിൽ ആദ്യം കണ്ടെത്തിയത് ഇതിനുപുറമേ കരടിക്ക് വെടിയേറ്റതായും തിരിച്ചറിഞ്ഞു.
ഈ കരടിയുടെ ജഡം കണ്ടെത്തിയിടത്തു നിന്ന് അല്പം അകലെയായി മറ്റൊരു മരത്തിലാണ് രണ്ടാമത്തെ കരടിയുട ജഡവും കണ്ടെത്തിയത്. എന്നാൽ രണ്ടാമത്തെ കരടിയുടെ ജഡം താഴെ എത്തിക്കാനാവാത്ത നിലയിലായതിനാൽ അതേ നിലയിൽ തന്നെ ഉപേക്ഷിച്ചതായും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇരു കരടികളുടെയും കൊലയ്ക്ക് പിന്നിൽ ഒരു സംഘമാവുമെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. സംഭവം ഗൗരവമായെടുത്ത് കുറ്റകൃത്യം ചെയ്തവരെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാക്കിയതായി അധികൃതർ വ്യക്തമാക്കി.
അമേരിക്കയിൽ എണ്ണത്തിൽ മുന്നിലുള്ള കരടിയിനം ആണ് ബ്ലാക്ക് ബെയറുകൾ. ഒറിഗണിൽ മാത്രം 30,000 ഓളം ബ്ലാക്ക് ബെയറുകൾ ഉണ്ടെന്നും കണക്കാക്കപ്പെടുന്നു. ഈ ഗണത്തിൽപ്പെട്ട പൂർണവളർച്ചയെത്തിയ ആൺ കരടികൾക്ക് 250 കിലോഗ്രാം വരെയും പെൺ കരടികൾക്ക് 170 കിലോഗ്രാം വരെയും ഭാരമുണ്ടാവും. ഏപ്രിൽ, മെയ് മാസങ്ങളിലും ഓഗസ്റ്റ് മുതൽ ഡിസംബർ വരെയുമുള്ള മാസങ്ങളിലും മാത്രമേ ഇവയെ വേട്ടയാടാൻ അനുവാദമുള്ളൂ. ഒരാൾക്ക് ഒന്നിലധികം കരടികളെ വേട്ടയാടാനുമാവില്ല. വേട്ടയാടൽ അധികൃതരെ അറിയിക്കുകയും പത്ത് ദിവസത്തിനുള്ളിൽ വേട്ടയാടിയെ കരടിയുടെ തലയോട്ടി ഡിപ്പാർട്ട്മെന്റിന് മുൻപാകെ ഹാജരാക്കുകയും ചെയ്യണമെന്നും നിബന്ധനയുണ്ട്. കരടികളുടെ എണ്ണം സന്തുലിതമായി നിയന്ത്രിച്ചു നിർത്താനുള്ള പരിശ്രമങ്ങളെ വിഫലമാക്കുന്നവയാണ് ഇത്തരത്തിലുള്ള അനധികൃത വേട്ടയാടലുകളെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
English Summary: Poachers Who Shot Black Bears With Arrow, Left Them to Die Hunted by Police