ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫിസുകളുടെ ഉപയോഗത്തിനായി 250 വൈദ്യുത വാഹനങ്ങൾ കൂടി വാങ്ങാൻ എനർജി എഫിഷ്യൻസ് സർവീസസ് ലിമിറ്റഡ്(ഇ  ഇ എസ് എൽ). ടാറ്റ മോട്ടോഴ്സിൽ നിന്ന് കോംപാക്ട് എസ് യു വിയായ ‘നെക്സൻ ഇ വി’ 150 എണ്ണവും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യയുടെ പ്രീമിയം വൈദ്യുത എസ് യു വിയായ കോന 100 എണ്ണവുമാണു കേന്ദ്ര ഊർജ മന്ത്രാലയത്തിനു കീഴിലെ ഇ ഇ എസ് എൽ സ്വന്തമാക്കുന്നത്.  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നിലവിൽ ഉപയോഗിക്കുന്ന പെട്രോൾ, ഡീസൽ കാറുകൾക്കു പകരക്കാരായിട്ടാവും ഈ വൈദ്യുത വാഹനങ്ങളുടെ വരവ്. 

വിദേശ നിർമാതാക്കളടക്കം പങ്കെടുത്ത ടെൻഡർ നടപടിക്രമങ്ങൾക്കൊടുവിലാണു വാഹനം ലഭ്യമാക്കാൻ ടാറ്റ മോട്ടോഴ്സിനെയും ഹ്യുണ്ടേയിയെയും തിരഞ്ഞെടുത്ത്. 14.86 ലക്ഷം രൂപയ്ക്കാണു ടാറ്റ മോട്ടോഴ്സ് ‘നെക്സൻ ഇ വി’ ഇ ഇ എസ് എല്ലിനു വിൽക്കുക; വാഹനത്തിന്റെ ഷോറൂം വിലയായ 14.99 ലക്ഷം രൂപയെ അപേക്ഷിച്ച് 13,000 രൂപ കുറവാണിത്. അധിക സഞ്ചാര ശേഷിയുള്ള ‘കോന’യാവട്ടെ 21.36 ലക്ഷം രൂപയ്ക്കാണു ഹ്യുണ്ടേയ് ഇ ഇ എസ് എല്ലിനു വിൽക്കുക; മൂന്നു വർഷ വാറന്റി സഹിതമെത്തുന്ന മോഡലിന്റെ വിപണി വിലയെ അപേക്ഷിച്ച് 11% കുറവാണിത്. ഏഷ്യൻ വികസന ബാങ്കി(എ ഡി ബി)ൽ നിന്നുള്ള ധനസഹായം പ്രയോജനപ്പെടുത്തിയാണ് ഇ ഇ എസ് എൽ വൈദ്യുത വാഹനങ്ങൾ വാങ്ങുന്നത്. 

പുതിയ വൈദ്യുത വാഹനം വാങ്ങാനുള്ള ഓർഡറുകൾ ടാറ്റ മോട്ടോഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ ഗ്വന്റെർ ബട്ഷെക്കിന്റെ സാന്നിധ്യത്തിൽ ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്രയ്ക്കും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ഡയറക്ടർ(സെയിൽസ്, മാർക്കറ്റിങ് ആൻഡ് സർവീസ്) തരുൺ ഗാർഗിനും ഇ ഇ എസ് എൽ കൈമാറിയിട്ടുണ്ട്. 

ഇ മൊബിലിറ്റി പദ്ധതിയുടെ പിന്തുണയോടെ വൈദ്യുത വാഹനങ്ങളിലേക്കുള്ള പരിവർത്തനം അസംസ്കൃത എണ്ണയ്ക്കായി ഇറക്കുമതിയെ ആശ്രയിക്കുന്നതു കുറയ്ക്കാൻ സഹായിക്കുമെന്ന് ഇ ഇ എസ് എൽ എക്സിക്യൂട്ടീവ് വൈസ് ചെയർപഴ്സൻ സൗരഭ് കുമാർ അഭിപ്രായപ്പെട്ടു. ഇതോടൊപ്പം രാജ്യത്ത് ഊർജഭദ്രത കൈവരിക്കാനുള്ള ശ്രമങ്ങളെയും വൈദ്യുത വാഹന വ്യാപനം സഹായിക്കും. വൈദ്യുത വാഹനങ്ങളുടെ ബാറ്ററി ചാർജ് ചെയ്യാനായി ചാർജിങ് സ്റ്റേഷൻ ശൃംഖല സ്ഥാപിക്കാനും നടപടി സ്വീകരിക്കുമെന്ന് സൗരഭ് കുമാർ വ്യക്തമാക്കി. 

ഇ ഇ എസ് എൽ മുഖേന വൈദ്യുത വാഹനം വാങ്ങാൻ കേരള സർക്കാരും തയാറെടുക്കുന്നുണ്ട്. പാരമ്പര്യേത ഊർജത്തിനും ഗ്രാമീണ സാങ്കേതികവിദ്യയ്ക്കുമുള്ള ഏജൻസിയായ ‘അനെർട്ട്’ മുഖേന ഇ ഇ എസ് എല്ലിൽ നിന്ന് ആദ്യഘട്ടത്തിൽ ദീർഘദൂര സഞ്ചാര പരിധിയുള്ള 300 വൈദ്യുത വാഹനം വാങ്ങാനാണു പദ്ധതി.

English Summary: Tata Nexon EV, Hyundai Kona Electric To Be Supplied to EESL

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com