വാഹനത്തിന്റെ കണ്ണാടികൾ ക്രമീകരിക്കേണ്ടത് എങ്ങനെ, അറിയാമോ ഈ കാര്യങ്ങൾ ?

Mail This Article
വാഹനത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നാണ് കണ്ണാടികൾ. വശങ്ങളിലൂടേയും പുറകേയും വരുന്ന വാഹനങ്ങളെ കണ്ട് സുരക്ഷിതമായി വാഹനമോടിക്കാനാണ് കണ്ണാടികൾ. വാഹനത്തിൽ കയറിയാൽ ആദ്യം ചെയ്യേണ്ട കാര്യങ്ങളിലൊന്നാണ് കണ്ണായുടെ ക്രമീകരണം. വീട്ടിൽ ഇരുന്ന വാഹനം അതേപടി റോഡിലിറക്കിയതാണു പണി കിട്ടും. നമുക്കെല്ലാവർക്കും സംഭവിക്കാവുന്ന അബദ്ധമാണിത്. ജീവിതവും കാശും സമയവും നഷ്ടമാകാതിരിക്കാൻ ഒന്നു മുഖം നോക്കുന്നതു നന്നായിരിക്കും
വേണ്ട ഇനി കാക്കനോട്ടം
മുഖം മനസിന്റെ കണ്ണാടിയാണെന്നാണല്ലോ എന്നാൽ കാറിലെ കണ്ണാടി മുഖം തന്നെയാണ്. ഡ്രൈവറുടെ മറ്റൊരു മുഖം. ഡ്രൈവർ സീറ്റിന്റെ ഉയരവും സ്റ്റിയറിങ്ങിൽ നിന്നുള്ള അകലവും ക്രമീകരിച്ചതിനുശേഷം ഹെഡ്റെസ്റ്റിൽ തലചായ്ച്ചുവേണം കണ്ണാടിയിലേക്കു നോക്കാൻ. അല്ലാതെ തോന്നും പടി സീറ്റ് സെറ്റ് ചെയ്തിട്ട് കാക്കനോട്ടം പോലെ ചാഞ്ഞും ചരിഞ്ഞുമല്ല കണ്ണാടിയിലേക്കു നോക്കാൻ. ഹെഡ്റെസ്റ്റിൽ തലചായ്ച്ചശേഷം തല തിരിച്ചാൽ മൂന്നു കണ്ണാടികളിലേക്കും കണ്ണെത്തണം. ഇതാണ് കണ്ണാടി ക്രമീകരിക്കാനുള്ള സീറ്റിങ് പൊസിഷൻ.
ഇനി കണ്ണാടികൾ എങ്ങനെയാണു ക്രമീകരിക്കേണ്ടത്?
ആദ്യം ഉൾവശത്തെ മിറർ. ഈ കണ്ണാടിയെ തിരശ്ചീനമായി രണ്ടു ഭാഗങ്ങളാക്കാം. കാൽഭാഗം ആകാശം കാണാനും മുക്കാൽ ഭാഗം റോഡ് കാണാനും. ഇനി പുറത്തെ രണ്ടു കണ്ണാടികളുടെ കാര്യം ഇടത്തേ കണ്ണാടി മടക്കിവച്ച് വണ്ടിയോടിക്കുന്ന ചിലരുണ്ട്. ആ കണ്ണാടിയിലേക്കു നോക്കുകയേ വേണ്ട എന്നു കരുതി അഡ്ജസ്റ്റ് ചെയ്യാത്തവരുണ്ട്. പുറത്തെ രണ്ടു കണ്ണാടിയും ശരിയായി ക്രമീകരിച്ചാൽ മാത്രമേ കാഴ്ച വേണ്ടവിധം ലഭിക്കുകയുള്ളൂ. ഇരു കണ്ണാടികളേയും മൂന്നാക്കി വിഭജിക്കാം. ഉള്ളിലെ പകുതിയിൽ കാറിന്റെ ബോഡി കാണണം. മറ്റു രണ്ടു പകുതികളിൽ റോഡും ചുറ്റുപാടുകളുമായിരിക്കണം.
ഇങ്ങനെ മിററുകൾ അഡ്ജസ്റ്റ് ചെയ്താൽ, തലയുടെ തിരിവുകൾകൊണ്ടുതന്നെ കാറിന്റെ എല്ലാ വശങ്ങളിലേക്കും കണ്ണെത്തും (കാക്കനോട്ടം വേണ്ട എന്നർഥം) മാത്രമല്ല, ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ടന്ന ചൊല്ല് നമുക്കു മാറ്റാം. കണ്ണാടി നന്നായാൽ ചങ്ങാതി വേണ്ട എന്നാക്കാം. അതായത് ചങ്ങാതിയെക്കൊണ്ട് ചുറ്റുപാടും നോക്കിക്കേണ്ട എന്നർഥം.
English Summary: How to Adjust Car Mirrors