ADVERTISEMENT

സണ്‍റൂഫ് സൗകര്യമുള്ള ആദ്യത്തെ സിഎന്‍ജി ഹാച്ച്ബാക്ക് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. ആറു വേരിയന്റുകളില്‍ പുറത്തിറങ്ങുന്ന ടാറ്റ ആള്‍ട്രോസ് iCNGയുടെ വില 7.55 ലക്ഷം രൂപ മുതല്‍ 10.54 ലക്ഷം രൂപ വരെയാണ്. സിഎന്‍ജി ടാങ്കുകള്‍ക്ക് ഡുവല്‍ സിലിണ്ടര്‍ സെറ്റപ്പില്‍ വരുന്ന ടാറ്റയുടെ ആദ്യ വാഹനം കൂടിയാണ് ആള്‍ട്രോസ് iCNG. 

 

പെട്രോള്‍ മോഡലില്‍ നിന്നും കാര്യമായ വ്യത്യാസങ്ങള്‍ ഒറ്റ നോട്ടത്തില്‍ സിഎന്‍ജി മോഡലിനില്ല. പിന്‍ഭാഗത്തെ iCNG ബാഡ്ജ് മാത്രമാണ് പുറത്ത് ആകെയുള്ള വ്യത്യാസം. സിഎന്‍ജി മോഡലുകളുടെ പ്രധാന വെല്ലുവിളിയായ ബൂട്ട് സ്‌പേസിലെ കുറവ് പരിഹരിക്കാന്‍ പുതിയ മോഡലില്‍ ടാറ്റ മോട്ടോഴ്‌സ് ശ്രമിച്ചിട്ടുണ്ട്. കൂടുതല്‍ ബൂട്ട് സ്‌പേസ് ലഭിക്കുന്നതിനായി 30 ലീറ്റര്‍ വീതമുള്ള രണ്ട് സിഎന്‍ജി ടാങ്കുകളാണ് ടാറ്റ മോട്ടോഴ്‌സ് ആള്‍ട്രോസ് സിഎന്‍ജിക്ക് നല്‍കിയിരിക്കുന്നത്. പെട്രോള്‍ ആള്‍ട്രോസിനെ(345 ലീറ്റര്‍) അപേക്ഷിച്ച് 135 ലീറ്റര്‍ കുറവുള്ള ബൂട്ട് സ്‌പേസാണ് സിഎന്‍ജി ആള്‍ട്രോസിനുള്ളത്. എങ്കിലും നേരത്തെ ഏതാണ്ട് പൂര്‍ണമായി തന്നെ ബൂട്ട് സ്‌പേസ് സിഎന്‍ജി ടാങ്കുകള്‍ അപഹരിച്ചിരുന്നുവെന്നതിന് പകരം 210 ലീറ്ററിന്റെ ബൂട്ട്‌സ്‌പേസ് പുതിയ മോഡലില്‍ ലഭിക്കുന്നുവെന്ന മേന്മയുമുണ്ട്. 

 

ഉള്ളിലും പെട്രോള്‍ ആള്‍ട്രോസിനെ അപേക്ഷിച്ച് കാര്യമായ മറ്റു മാറ്റങ്ങള്‍ സിഎന്‍ജി മോഡലിനില്ല. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും സപ്പോര്‍ട്ടു ചെയ്യുന്ന 7.0 ഇഞ്ച് ടച്ച് സ്‌ക്രീനും എയര്‍ പ്യൂരിഫെയറും വയര്‍ലെസ് ചാര്‍ജറും ഓട്ടോമാറ്റിക് ഹെഡ്‌ലാംപുമെല്ലാം രണ്ടു മോഡലുകളിലുമുണ്ട്. ഏറ്റവും ഉയര്‍ന്ന XM+ (S), XZ+ (S), XZ+ O (S) മോഡലുകളില്‍ വോയ്‌സ് ആക്ടിവേറ്റഡ് സിംഗിള്‍ പാന്‍ സണ്‍ റൂഫാണ് പ്രധാന വ്യത്യാസങ്ങളിലൊന്ന്.

 

ആറു മോഡലുകളിലാണ് ടാറ്റ ആള്‍ട്രോസ് സിഎന്‍ജി വിപണിയിലേക്കെത്തുക. ബേസ് മോഡലായ എക്‌സ്ഇക്ക് 7.55 ലക്ഷം രൂപയാണെങ്കില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ XZ+O(S)ന് 10.55 ലക്ഷം രൂപയാണ് വില. മാരുതി സുസുക്കി ബലേനോ സിഎന്‍ജിയും(8.35 ലക്ഷം രൂപ- 9.28 ലക്ഷം രൂപ) ടൊയോട്ടേ ഗ്ലാന്‍സ സിഎന്‍ജിയുമാണ്(8.50 ലക്ഷം രൂപ-9.53 ലക്ഷം രൂപ) വിപണിയിലെ ആള്‍ട്രോസ് സിഎന്‍ജിയുടെ പ്രധാന എതിരാളികള്‍. ബലേനോ സിഎന്‍ജിയെ അപേക്ഷിച്ച് ആള്‍ട്രോസ് സിഎന്‍ജിയുടെ ബേസ് വേരിയന്റിന് 80,000 രൂപയും ഗ്ലാന്‍സ സിഎന്‍ജിയെ അപേക്ഷിച്ച് 95,000 രൂപയും കുറവാണ്. എന്നാല്‍ ഉയര്‍ന്ന വേരിയന്റിലേക്ക് വരുമ്പോള്‍ ആള്‍ട്രോസിന് ബലേനോയേക്കാള്‍ 1.27 ലക്ഷം രൂപയും ഗ്ലാന്‍സയേക്കാള്‍ 1.2 ലക്ഷം രൂപയും കൂടുതലും വരും. 

 

5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എൻജിനാണ് ആള്‍ട്രോസിന് ടാറ്റ നല്‍കിയിരിക്കുന്നത്. പെട്രോള്‍ മോഡില്‍ ഇത് 88hp കരുത്തും 115 Nm പരമാവധി ടോര്‍ക്കും പുറത്തെടുക്കുമെങ്കില്‍ സിഎന്‍ജിയിലേക്കെത്തുമ്പോള്‍ ഇത് യഥാക്രമം 77hpയും 103Nm ഉം ആയി കുറയുന്നു. എതിരാളികാ ബലേനോ സിഎന്‍ജിയേയും ഗ്ലാന്‍സ സിഎന്‍ജിയേയും പോലെ ടാറ്റ ആള്‍ട്രോസ് സിഎന്‍ജിയേയും നേരിട്ട് സി.എന്‍.ജി മോഡില്‍ സ്റ്റാര്‍ട്ടു ചെയ്യാനാവും.

 

English Summary: Tata Altroz CNG Launched In India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com