ADVERTISEMENT

പത്തു ലക്ഷത്തിലും കുറവു വിലയില്‍ പുതിയൊരു ഇവി കൂടി അണിയറയില്‍ ഒരുങ്ങുന്നു. ഇക്കുറി റെനോയാണ് നിര്‍മാതാക്കള്‍. റെനോയുടെ എന്‍ട്രി ലെവല്‍ കാറായ ക്വിഡിന്റെ ഇവി പതിപ്പാണ് ഇന്ത്യയില്‍ എത്തുക. ഏതാണ്ട് 18 മാസത്തിനകം ഇന്ത്യന്‍ വിപണിയിലെത്തുന്ന ക്വിഡ് ഇവിയുടെ ബാറ്ററി അടക്കമുള്ള സുപ്രധാന ഭാഗങ്ങള്‍ പ്രാദേശികമായി ഉത്പാദിപ്പിക്കാനും പദ്ധതിയുണ്ട്. 

 

ക്വിഡിന്റെ വൈദ്യുത കാര്‍ ഇതിനകം തന്നെ വ്യത്യസ്തമായ പേരില്‍ ചൈനയിലും യൂറോപിലുമെല്ലാം അവതരിപ്പിച്ചിട്ടുണ്ട്. ഡാഷ്യ, ഡോങ്‌ഫെങ് എന്നൊക്കെ ഈ വിപണികളില്‍ അറിയപ്പെടുന്ന ക്വിഡ് ഇവി ഒരു ബജറ്റ് വാഹനമായിട്ടാവും ഇന്ത്യയിലേക്കെത്തുക. താരതമ്യേന വിശാലമായ ഉള്‍ഭാഗവും ക്രോസ്ഓവര്‍ ലുക്കും ക്വിഡ് ഇ.വിയെ വ്യത്യസ്തമാക്കും. 

 

രൂപത്തിലും ഉള്ളിലും മാറ്റങ്ങള്‍ വരുത്തിയാണ് ക്വിഡിനെ ഇ.വിയാക്കി അവതരിപ്പിച്ചത്. ക്വിഡിന്റെ പിന്നിലെ ഇന്ധന ടാങ്ക് മാറ്റി. ബാറ്ററി വാഹനത്തിന് അടിയിലാണ് സ്ഥാപിച്ചത്. കൂടുതല്‍ ഭാരം താങ്ങാന്‍ ശേഷിയുള്ള രീതിയിലേക്ക് സസ്‌പെന്‍ഷനില്‍ മാറ്റങ്ങള്‍ വരുത്തി. ടാറ്റ മോട്ടോഴ്‌സിന്റെ തിയാഗോ ഇവി, സിട്രോണ്‍ ഇസി3, എംജി കോമറ്റ് എന്നിവയോടാവും റെനോ ക്വിഡ് ഇ.വിയുടെ പ്രധാന മത്സരം. 

 

'വൈദ്യുത കാര്‍ പദ്ധതികളുമായി ഞങ്ങള്‍ മുന്നോട്ടു തന്നെയാണ്. സിഎംഎഫ്-എ പ്ലാറ്റ്‌ഫോമില്‍ നിര്‍മിക്കുന്ന കാര്‍ 2024ലോ 2025ലോ ആയിരിക്കും പുറത്തിറങ്ങുക. പരമാവധി നേരത്തെയാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. തുടക്കത്തില്‍ ആദ്യത്തെ ഇ.വിയുടെ 55-60 ശതമാനം ഭാഗങ്ങളും പ്രാദേശികമായി നിര്‍മിക്കാനും പദ്ധതിയുണ്ട്. ബാറ്ററി ഇന്ത്യയില്‍ നിര്‍മിക്കാനായാല്‍ വില കുറക്കാനും സാധിക്കും. ഇതു സംബന്ധിച്ച് പല ബാറ്ററി നിര്‍മാതാക്കളുമായും ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. ഭാവിയില്‍ 90 ശതമാനം ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മിക്കും'റെനോ ഇന്ത്യ എം.ഡി വെങ്കട്‌റാം മാമില്ലാപ്പള്ളി പറഞ്ഞു. 

 

യൂറോപ്യന്‍ വിപണിയിലുള്ള ക്വിഡ് ഇവിയില്‍ 26.8kWh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. 44hp കരുത്തും പരമാവധി 125Nm ടോര്‍ക്കും ഈ വാഹനത്തിനുണ്ട്. ഒറ്റ ചാര്‍ജില്‍ 295 കിലോമീറ്റര്‍ സഞ്ചരിക്കാം. താരതമ്യേന ചെറിയ ബാറ്ററി വഴി കുറഞ്ഞ സമയത്തില്‍ ചാര്‍ജ് ചെയ്യാനാവും. ഇന്ത്യന്‍ വിപണിയിലിറങ്ങുന്ന ക്വിഡ് ഇ.വിയുടെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. എന്‍ട്രി ലെവല്‍ വൈദ്യുത കാറായതുകൊണ്ടുതന്നെ വില എത്രയാവുമെന്നതും ക്വിഡ് ഇ.വിയുടെ വില്‍പനയുടെ കാര്യത്തില്‍ നിര്‍ണായകമാവും.

 

English Summary: Renault to Launch Atleast Two Electric Vehicles, Including Kwid EV, in next 3-4 years

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com