പുതിയ ഹിമാലയന്‍ കരുത്തൻ എൻജിൻ, ഉടൻ വിപണിയിൽ
Mail This Article
കൂടുതല്‍ കരുത്തും കൂടുതല്‍ വേഗവും കൂടുതല്‍ വലിപ്പവുമുള്ള പുതിയ ഹിമാലയന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. റോയല്‍ എന്‍ഫീല്‍ഡ് സര്‍ക്കാരിലേക്ക് സമര്‍പ്പിച്ച ചില രേഖകളിലൂടെയാണ് ഹിമാലയന്‍ 450യുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഈ രേഖയില്‍ ഹിമാലയന്‍ 452 എന്നാണ് പുതിയ മോഡലിനെ വിശേഷിപ്പിക്കുന്നത്. പുതിയ ലിക്വിഡ് കൂള്‍ഡ് എന്ജിന് 451.65 സിസിയാണെന്നതാണ് ഹിമാലയന്‍ 452 എന്ന പേരിനു പിന്നില്‍.
8,000 ആര്‍പിഎമ്മില്‍ 29.44kW കരുത്ത് പുറത്തെടുക്കാന്‍ എന്ജിന് സാധിക്കുമെന്നതാണ് മറ്റൊരു സുപ്രധാന വിവരം. ഇതോടെ പുതിയ ഹിമാലയന്‍ എന്ജിന് 40.02hpയാണ് കരുത്തെന്ന് കണക്കുകൂട്ടാം. നിലവിലെ ഹിമാലയന്‍ 6,500ആര്‍പിഎമ്മില്‍ 24.3hpയാണ് കരുത്തുള്ളത്. ഇത് പുതിയ മോഡലിനാണ് കരുത്തു കൂടുതലെന്നതിന് അടിവരയിടുന്നു. പുതിയ ട്രയംഫ് സ്പീഡ് 400നും 8,000 ആര്‍പിഎമ്മില്‍ 40hp കരുത്തുള്ള എന്‍ജിനാണ്. എന്‍ജിന്റെ കരുത്തില്‍ ഏതാണ്ട് തുല്യമെങ്കിലും ഓഫ് റോഡില്‍ ഹിമാലയനായിരിക്കും മുന്‍തൂക്കമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഹിമാലയന്‍ 452വിന് 1,510എംഎം ആണ് വീല്‍ ബേസ് എന്ന വിവരവും ചോര്‍ന്നിട്ടുണ്ട്. നിലവിലെ ഹിമാലയന്‍ 411 ന് 1,465എംഎം ആണ് വീല്‍ബേസ്. നീളം 2,190എംഎമ്മില്‍ നിന്നും 2,245എംഎം ആയും വീതി 840എംഎമ്മില്‍ നിന്നും 852എംഎം ആയും കൂടിയിട്ടുണ്ട്. ഹാന്‍ഡ്ഗാര്‍ഡുകള്‍ കൂടി വെച്ചാല്‍ 900എംഎം ആയി വീതി വര്‍ധിക്കും.
നിലവിലെ ഹിമാലയന്‍ 199 കിലോഗ്രാമാണ് ഭാരം. ഭാരത്തിന്റെ കാര്യത്തില്‍ പുതിയ മോഡലില്‍ എന്തു വ്യത്യാസം വരുമെന്ന് വ്യക്തമല്ല. നവംബറില്‍ പുതിയ ഹിമാലയന്‍ 452 പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപ്പോള്‍ തന്നെയാവും റോയല്‍ എന്‍ഫീല്‍ഡ് പുതിയ ഹിമാലയന്റെ വില വിവരങ്ങളും പുറത്തുവിടുക.
English Summary: Upcoming Royal Enfield Himalayan 452 to get 40hp engine