സൂപ്പർഹിറ്റാണ്! റെക്കോർഡ് നേട്ടം കൊയ്ത് ഹ്യുണ്ടേയ് ക്രേറ്റ

Mail This Article
ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ്ക്ക് ഇന്ത്യൻ വിപണിയിലിപ്പോൾ സുവർണ കാലമാണ്. മിഡ് സൈസ് എസ് യു വിയായ ക്രേറ്റയെ ഹൃദയം കൊണ്ട് ഇന്ത്യക്കാർ സ്വീകരിച്ചപ്പോൾ 2025 ലെ ആദ്യ മാസത്തിൽ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപന എന്ന നേട്ടത്തിലെത്തിയിരിക്കുകയാണ് ഈ വാഹനം. 18522 യൂണിറ്റുകളാണ് കമ്പനി ജനുവരിയിൽ മാത്രം വിറ്റഴിച്ചത്. കഴിഞ്ഞ രണ്ടു വർഷങ്ങളിലും ക്രേറ്റയിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ നേട്ടം കൊയ്യുകയാണ് ഹ്യുണ്ടേയ്. 2023 ൽ 157311 യൂണിറ്റ് വിറ്റപ്പോൾ 2024 ൽ 186919 യൂണിറ്റുകൾ എന്ന നേട്ടത്തിലേക്ക് എത്താൻ കമ്പനിയ്ക്ക് കഴിഞ്ഞു.
ക്രേറ്റയുടെ ഈ മുന്നേറ്റത്തിൽ പിന്നിലേക്ക് പോയവരിൽ വാഹനലോകത്തെ വമ്പന്മാരായ മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, കിയ സെൽറ്റോസ്, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഹോണ്ട എലവേറ്റ്, സ്കോഡ കുഷാഖ്, ഫോക്‌സ്‌വാഗൺ ടൈഗൂൺ, എം ജി ആസ്റ്റർ എന്നിവരെല്ലാമുണ്ട്. ഇലക്ട്രിക് ക്രേറ്റ കൂടി വിപണിയിൽ എത്തുന്നതോടെ 2025 ൽ വില്പനയിൽ പുതുചരിത്രം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഹ്യുണ്ടേയ്.
2015ല്‍ പുറത്തിറക്കിയ ക്രേറ്റയുടെ മുഖം മിനുക്കിയ രണ്ടാം തലമുറ പതിപ്പാണ് ഇപ്പോള്‍ ഹ്യുണ്ടേയ് ഇന്ത്യയില്‍ വില്‍ക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്‌പോര്‍ട്ടി മോഡലായ ക്രേറ്റ എന്‍ ലൈനിന്റെ വില 16.82 ലക്ഷം മുതല്‍ 20.45 ലക്ഷം രൂപ വരെയാണ്. രണ്ട് പെട്രോള്‍ ഒരു ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ഈ എന്‍ജിനുകളില്‍ മാനുവല്‍, ഡിസിടി, iMT എന്നിങ്ങനെ വൈവിധ്യമാര്‍ന്ന ട്രാന്‍സ്മിഷനുകള്‍ ഹ്യുണ്ടേയ് വാഗ്ദാനം ചെയ്യുന്നു.