ഹാംഷറിൽ ചത്ത മൃഗങ്ങളെ ഉപേക്ഷിക്കുന്നതു തുടരുന്നു; ദുരൂഹത

Mail This Article
ഹാംഷർ∙ ഹാംഷറിലെ ബ്രൗട്ടനിലുള്ള കമ്യൂണിറ്റി ഷോപ്പിന്‍റെ പ്രവേശന കവാടത്തിൽ മൃഗങ്ങളുടെ ശവങ്ങൾ കാണപ്പെട്ടത് പ്രദേശവാസികളിൽ ഭീതിപരത്തുന്നതായി റിപ്പോർട്ട്. ഇതിനു പുറമെ പ്രദേശത്തെ പ്രൈമറി സ്‌കൂളിനു മുന്നിൽ 27 ചത്ത മുയലുകളെ സാമൂഹികവിരുദ്ധർ ഉപേക്ഷിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ മാൻ, ഇരപിടിയൻ പക്ഷികൾ എന്നിവയുടെ ശവങ്ങളും സമീപത്തെ റോഡുകളിലും വയലുകളിലും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
രാജ്യാന്തര ചൂതാട്ട സംഘങ്ങളുമായി ബന്ധമുള്ള വേട്ടക്കാരാണ് ഇതിനുപിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. നിയമവിരുദ്ധമായി തോക്കുകളും ആയുധങ്ങളും ഇവർ കൈവശം വയ്ക്കുന്നുണ്ടെന്നും വേട്ടയാടുന്നത് ഫെയ്സ്ബുക്കിൽ തത്സമയം സംപ്രേക്ഷണം ചെയ്തെന്നുമാണ് പൊലീസ് നിഗമനം. ‘‘ആഴ്ചയിൽ രണ്ടുതവണ, ഇത്തരത്തിൽ കൊന്ന മൃഗങ്ങളെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പൊലീസ് ഇക്കാര്യത്തിൽ കാര്യമായൊന്നും ചെയ്യുന്നില്ല. മൃഗങ്ങളുടെയും പക്ഷികളുടെയും മൃതദേഹങ്ങൾ ഇങ്ങനെ വലിച്ചെറിയുന്നതിലൂടെ കർഷകരെയും ഗ്രാമീണരെയും ഭയപ്പെടുത്തുന്നതിനാണ് വേട്ടക്കാർ ലക്ഷ്യമിടുന്നത്. ഇത് തികഞ്ഞ അരാജകത്വമാണ്’’– പ്രദേശത്തെ എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്ന കൺസർവേഷൻ മാനേജർ മൈക്ക് ജെലെൻ പറഞ്ഞു.
ഒരു ഹൊറർ സിനിമയിലേതു പോലെയുള്ള രംഗമാണ് അതെന്ന് പ്രദേശവാസിയായ മാൻഡി റോബിൻസൺ പറഞ്ഞു. ഈ ഭയാനകമായ കാഴ്ച പ്രൈമറി സ്കൂൾ കുട്ടികളെ ബാധിക്കുമെന്നും റോബിൻസൺ കൂട്ടിച്ചേർത്തു.