ലണ്ടൻ ട്യൂബിൽ മൂന്നു ലൈനുകളിൽ ഇ - ബൈക്കുകൾക്ക് ഇന്നു മുതൽ നിരോധനം

Mail This Article
ലണ്ടൻ ∙ മടക്കി സൂക്ഷിക്കാൻ കഴിയാത്ത ഇലക്ട്രോണിക് ബൈക്കുകൾക്ക് ലണ്ടൻ ട്യൂബിൽ നിരോധനം. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് ട്രാൻസ്പോർട്ട് ഫോർ ലണ്ടന്റെ (ടിഎഫ്എൽ) ഈ തീരുമാനം. ഓവർ ഗ്രൗണ്ട്, എലിസബത്ത് ലൈൻ, ഡിഎൽആർ എന്നീ ലൈനുകളിലാണ് ആദ്യഘട്ട നിരോധനം. ഭാവിയിൽ മറ്റു ലൈനുകളിലേക്കും ഈ നിരോധനം വ്യാപിപ്പിക്കാനാണ് ആലോചന.
നോർത്ത് വെസ്റ്റ് ലണ്ടനിലെ റെയ്നേഴ്സ് ലെയ്ൻ ട്യൂബ് സ്റ്റേഷനിലും സട്ടൻ സ്റ്റേഷനിലും രണ്ടാഴ്ച മുൻപ് ഇലക്ട്രോണിക് ബൈക്കിന് തീപിടിച്ചുണ്ടായ അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിയന്ത്രണം. സമാനമായ നാൽപത് അപകടങ്ങളാണ് ഒരു വർഷത്തിനിടെ ഇലക്ട്രോണിക് ബൈക്കുമൂലം ലണ്ടൻ നഗരത്തിൽ ഉണ്ടായത്.
സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ച് ഇ-ബൈക്കുകൾ ട്രെയിനിൽ കയറ്റുന്നത് നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ യൂണിയൻ രംഗത്ത് എത്തിയിരുന്നു. തുടർന്ന് ടിഎഫ്എൽ നടത്തിയ റിസ്ക് അസസ്സ്മെന്റിനെ തുടർന്നാണ് സുരക്ഷിതമായി മടക്കി സൂക്ഷിക്കാൻ കഴിയാത്ത ഇ- ബൈക്കുകൾക്ക് നിരോധനം ഏർപ്പെടുത്താനുള്ള തീരുമാനം ഉണ്ടായത്.
മടക്കാൻ കഴിയാത്ത ബൈക്കുകൾ എസ്കേപ്പ് റൂട്ടുകളിൽ തടസം സൃഷ്ടിക്കുന്നതാണ് മറ്റൊരു പ്രശ്നം. വിലകുറഞ്ഞ ബാറ്ററിയുടെ ഉപയോഗം, കൃത്യമായ ചാർജറുകൾ ഉപയോഗിക്കാത്തത്, രൂപകൽപനയിൽ വരുത്തുന്ന മാറ്റങ്ങൾ, ബാറ്ററി തണുക്കാതെ വീണ്ടും ചാർജ് ചെയ്യുന്നത്, ബാറ്ററി മുഴുവൻ ചാർജായിട്ടും ചാർജർ നീക്കം ചെയ്യാതിരിക്കുന്നത് തുടങ്ങിയവയാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.