ഓസ്ട്രിയൻ പാർലമെന്റ് മന്ദിരം സന്ദർശിച്ച് വി.ഡി. സതീശൻ; സ്റ്റൈലിഷ് ലുക്കിൽ പ്രതിപക്ഷ നേതാവ്, ചിത്രങ്ങൾ വൈറൽ

Mail This Article
വിയന്ന∙ ഓസ്ട്രിയൻ പാർലമെന്റ് സന്ദർശിച്ച് കേരള പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സ്റ്റൈലിഷ് ലുക്കിലുള്ള സന്ദർശന ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെ നിരവധി പേർ ചിത്രങ്ങൾ ഷെയർ ചെയ്തു. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയിൽ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) ആഗോള ലഹരി വിരുദ്ധ ക്യാംപെയ്ൻ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ഫെഡറേഷന്റെ വിവിധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് പാർലമെന്റ് മന്ദിരം സന്ദർശിച്ചത്. ഓസ്ട്രിയയിലെ സന്ദർശനം പൂർത്തിയാക്കി വി.ഡി. സതീശൻ കേരളത്തിലേക്ക് മടങ്ങി.
സ്ഥിരം ഖദർ മുണ്ടും ഷർട്ടും മാറ്റി സ്യൂട്ടും കോട്ടും ധരിച്ചാണ് പ്രതിപക്ഷ നേതാവ് ഓസ്ട്രിയൻ പാർലമെന്റ് മന്ദിരം സന്ദർശിച്ചത്. ഓസ്ട്രിയയിലെ ഭരണകക്ഷിയായ നിയോസ് (NEOS) പാർട്ടിയുടെ പാർലമെന്ററി പാർട്ടി ലീഡറും എംപിയുമായ യാനിക് ഷെട്ടിക്കൊപ്പമായിരുന്നു സന്ദർശനം. 2012ൽ രൂപീകരിച്ച നിയോസ് - ദി ന്യൂ ഓസ്ട്രിയ പാർട്ടിയുടെ അംഗമായ യാനിക് ഷെട്ടി ഓസ്ട്രിയയിൽ ജനിച്ച ഇന്ത്യൻ വംശജനാണ്. 2019ൽ 24-ാം വയസ്സിൽ ആദ്യമായി പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യാനിക് രണ്ടാം തവണയാണ് പാർലമെന്റ് അംഗമാകുന്നത്.
കേരളത്തിൽ വ്യവസായ നിക്ഷേപത്തിനുള്ള സാധ്യതകൾ ഉൾപ്പെടെ വിവിധ വിഷയങ്ങളെക്കുറിച്ച് യാനിക് ഷെട്ടിയും വി.ഡി. സതീശനും ചർച്ച നടത്തി. ചെറുപ്പക്കാർ രാഷ്ട്രീയ രംഗത്തും പാർലമെന്ററി രംഗത്തും ഉയർന്നു വരുന്നത് മാതൃകാപരമാണെന്നും യാനിക് ഷെട്ടിയുടെ പ്രവർത്തനങ്ങൾ അതിന് ഉത്തമ ഉദാഹരണമാണെന്നും വി.ഡി. സതീശൻ പറഞ്ഞു.


വിയന്നയിൽ വേൾഡ് മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച ആഗോള ലഹരി വിരുദ്ധ ക്യാംപെയ്നിൽ ലഹരിയുടെ ഉറവിടം കണ്ടെത്തി ഇല്ലാതാക്കുന്നതിലാണ് കേരളത്തിലെ ഡ്രഗ് എൻഫോഴ്‌സ്‌മെന്റ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും അവിശ്വസനീയമായി വളരുന്ന ലഹരിയുടെ വിതരണ ശൃംഖല തകർക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.