ഓണ്‍ലൈന്‍ വഴി സാധ്യമല്ലാത്ത സേവനങ്ങള്‍ മാത്രം സേവന കേന്ദ്രങ്ങളിൽ

Mail This Article
ദോഹ∙ ഓണ്‍ലൈന്‍ വഴി സാധ്യമല്ലാത്ത സേവനങ്ങള്‍ മാത്രമേ ഇനി മുതല്‍ പാസ്പോര്ട് ജനറല്‍ ഡയറക്ടറേറ്റിലും സേവന കേന്ദ്രങ്ങളിലും ലഭിക്കുകയുള്ളുവെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ്-19 വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിത്. പാസ്പോര്ട് ഡയറക്ടറേറ്റിലും സേവന കേന്ദ്രങ്ങളിലും സന്ദര്‍ശകരുടെ പ്രവേശനം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യം. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് 2 മൊബൈല്‍ ആപ്ലിക്കേഷനിലും വെബ്സൈറ്റിലും ലഭിക്കാത്ത സേവനങ്ങള്‍ മാത്രമേ ഇനി ഇവിടെ ലഭിക്കുകയുള്ളു.
മന്ത്രാലയത്തിലെ വിവിധ വകുപ്പുകളുടെ 200 ലധികം സേവനങ്ങള്‍ വ്യക്തികള്‍ക്കും കമ്പനികള്‍ക്കുമായി മെട്രാഷ് 2 വില്‍ ലഭ്യമാണ്. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉപയോക്താക്കളും വാഹന ലൈസന്‍സ് പുതുക്കല്‍, ദേശീയ മേല്‍വിലാസം റജിസ്റ്റര്‍ ചെയ്യല്‍, റസിഡന്‍സി പെര്‍മിറ്റ് പുതുക്കല്‍, വീസ നീട്ടല്‍, ഗതാഗത ലംഘന തുക അടയ്ക്കല്‍ എന്നിവക്കായാണ് മെട്രാഷ് ഉപയോഗിച്ചിരിക്കുന്നത്.
വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് മാറ്റല്‍, സുരക്ഷാ വകുപ്പില്‍ ക്രിമിനല്‍ പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ദേശീയ മേല്‍വിലാസത്തില്‍ നവജാത ശിശുക്കളുടെ വിവരങ്ങള്‍ ചേര്‍ക്കല്‍ തുടങ്ങി ഒട്ടേറെ പുതിയ സേവനങ്ങളും മെട്രാഷിലുണ്ട്.