ഭൂമിക്കായി പോസ്റ്റർ ഉയർത്തി; ഇന്ത്യൻ ബാലിക ഉച്ചകോടിയിൽ നിന്ന് പുറത്ത്
Mail This Article
ദുബായ് ∙ ഗ്രഹത്തെ രക്ഷിക്കാനും ഫോസിൽ ഇന്ധനങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ഉയർത്തിയതിന് ഇന്ത്യൻ ബാലികയെ കാലാവസ്ഥ ഉച്ചകോടിയിൽനിന്ന് പുറത്താക്കി. മണിപ്പുരിലെ മെയ്തേയ് ഗോത്രത്തിൽ നിന്നുള്ള വോക്കൽ ആക്ടിവിസ്റ്റായ 12കാരി ലിസിപ്രിയ കംഗുജത്തെയാണ് വേദിയിൽനിന്ന് ഒഴിവാക്കിയത്. യുഎൻ സെക്യൂരിറ്റി ഗാർഡുകൾ ബാഡ്ജ് എടുത്തുകളഞ്ഞെന്നും ഇന്നലത്തെ ഉച്ചകോടിയിൽ പ്രവേശനം നിഷേധിച്ചെന്നും ലിസിപ്രിയ പറഞ്ഞു.
ശ്വസിക്കാൻ ശുദ്ധവായു, കുടിക്കാൻ ശുദ്ധജലം, ജീവിക്കാൻ ശുദ്ധമായ ഗ്രഹം എന്നിവ ദുരിതബാധിതരായ ലക്ഷക്കണക്കിന് കുട്ടികളുടെ അടിസ്ഥാന ആവശ്യങ്ങളാണെന്നും നിശബ്ദരായ ആ ജനതയ്ക്കുവേണ്ടിയാണ് തന്റെ ശബ്ദമെന്നും ലിസിപ്രിയ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ലോക നേതാക്കളുടെ പൊള്ള വാഗ്ദാനങ്ങളിൽ കേട്ടുമടുത്തതിനാലാണ് പ്ലീനറി സെഷൻ തടസ്സപ്പെടുത്തിയതെന്നും നഷ്ടമുണ്ടായ ശേഷം നാശനഷ്ടത്തിനുള്ള ഫണ്ട് സ്വീകരിച്ച് കടക്കെണിയിൽ കുടുങ്ങാൻ കുട്ടികൾ ആഗ്രഹിക്കുന്നില്ലെന്നും പറഞ്ഞു.
ന്യായമായ ആവശ്യത്തിനുവേണ്ടി പ്രതിഷേധിച്ചതിന് വേദിക്കു പുറത്താക്കിയത് ബാലാവകാശ ലംഘനമാണെന്നും നിശബ്ദയായി ഇരിക്കില്ലെന്നും ഈ 12 വയസ്സുകാരി പറഞ്ഞു. മകളുടെ പ്രതിഷേധം ലോകത്തെ എല്ലാ കുട്ടികൾക്കും വേണ്ടിയാണെന്നും വാങ്ങിവച്ച ബാഡ്ജ് തിരിച്ചുതരണമെന്നും അമ്മ ബിദ്യറാണി ദേവി കംഗുജം ആവശ്യപ്പെട്ടു. ഭാവിയിൽ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയിൽ പങ്കെടുക്കാനാകില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞതായി ഇരുവരും സൂചിപ്പിച്ചു. ഇതേസമയം ഇക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണം ഉണ്ടായില്ല. ചുഴലിക്കാറ്റും ഉഷ്ണതരംഗവും മൂലം ഇന്ത്യയിലെ കുട്ടികൾ അനുഭവിക്കുന്ന ദുരിതത്തിനു അറുതി വരുത്താൻ ആറാം വയസ്സിൽ തുടങ്ങിയതാണ് ലിസിപ്രിയയുടെ പ്രതിഷേധം. ബാല ആന്ദോളൻ (കുട്ടികളുടെ പ്രസ്ഥാനം) എന്ന പേരിൽ ഒരു സന്നദ്ധ സംഘം രൂപീകരിച്ചാണ് പ്രവർത്തനം. മരങ്ങൾ നട്ടുപിടിപ്പിച്ചും ബോധവൽക്കരണം നടത്തിയും പ്രതിഷേധം സംഘടിപ്പിച്ചും പ്രവർത്തനം തുടരുന്നു. ഫോസിൽ ഇന്ധനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്റ് മന്ദിരത്തിന് സമീപം വെള്ളിയാഴ്ചകളിൽ പ്രതിഷേധം നടത്തുമെന്നും പറഞ്ഞു.