ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവം: പ്രതികൾക്ക് മാപ്പ് നൽകി ഷെയ്ഖ് മുഹമ്മദ്
Mail This Article
അബുദാബി ∙ ഈജിപ്തിലെ സമലാക്, പിരമിഡ്സ് ക്ലബുകൾ തമ്മിൽ അടുത്തിടെ അബുദാബിയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെ നടന്ന അക്രമസംഭവത്തിൽ ഉൾപ്പെട്ട പ്രതികൾക്ക് മാപ്പ് നൽകാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശം നൽകി.
യുഎഇയും ഈജിപ്തും തമ്മിലുള്ള ശക്തമായ ബന്ധം പരാമർശിച്ചുകൊണ്ടാണ് തീരുമാനം. ഇരു രാജ്യങ്ങളെയും അവരുടെ ജനങ്ങളെയും ഒന്നിപ്പിക്കുന്ന സാഹോദര്യത്തിന്‍റെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍റെ അചഞ്ചലമായ പ്രതിബദ്ധതയെ ഇത് പ്രതിഫലിപ്പിക്കുന്നു.
ഈ മാസം 20നായിരുന്നു സംഭവം. പിരമിഡ്‌സ് ക്ലബിനെതിരായ ഈജിപ്ഷ്യൻ സൂപ്പർ കപ്പ് സെമിഫൈനൽ മത്സരത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരെ അക്രമിച്ചതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും സമാലകിലെ കളിക്കാര്‍ കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. എല്ലാവരേയും ഒരു മാസം തടവിനും 2 ലക്ഷം ദിർഹം വീതം പിഴയ്ക്കും കോടതി വിധിക്കുകയും ചെയ്തു. നബീൽ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്ബോൾ ഡയറക്ടർ അബ്ദുൽ വാഹെദ് എൽ സെയ്ദ് എന്നിവരെ ഒക്ടോബർ 21 തിങ്കളാഴ്ച ചോദ്യം ചെയ്യുന്നതിനായി പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചതായി അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടതാണെന്ന് കോടതി വിധിയിൽ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷന്‍റെ അന്വേഷണത്തിനിടെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ സ്ഥിരീകരിച്ച ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കൂടാതെ, പ്രതികൾ സംഘടനാ ചട്ടങ്ങൾ പാലിച്ചില്ലെന്നും കായിക പരിപാടി സുരക്ഷിതമാക്കുന്നതിന് ഉത്തരവാദികളായ പൊതു ജീവനക്കാരെ ആക്രമിച്ചതായും സ്ഥിരീകരിച്ചു. യുഎഇ പ്രസിഡന്‍റ് മാപ്പ് നൽകിയത് ഏതായാലും ഫുട്ബോൾ കളിക്കാർക്ക് വലിയ ആശ്വാസമാകും.