‘അടിച്ചു കയറി വാ’: വിനോദസഞ്ചാരത്തിനൊപ്പം ജോലിയും; ഇന്ത്യക്കാരെ ആകർഷിക്കാൻ വീസ ബാലറ്റുമായി ഓസ്‌ട്രേലിയ
Mail This Article
സിഡ്നി ∙ ഇന്ത്യക്കാർക്കായി വർക്ക് ആൻഡ് ഹോളിഡേ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ച് ഓസ്‌ട്രേലിയ. ഇന്ത്യയ്ക്കൊപ്പം ചൈന, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനാണ് ഓസ്‌ട്രേലിയൻ സർക്കാർ വീസ ബാലറ്റ് പ്രക്രിയ അവതരിപ്പിച്ചിരിക്കുന്നത്.
വർക്ക് ആൻഡ് ഹോളിഡേ വീസ വഴി സഞ്ചാരികൾക്ക് ഓസ്‌ട്രേലിയയിൽ അവധിക്കാലം ആസ്വദിക്കാനും ഒപ്പം തൊഴിൽ ചെയ്ത് വരുമാനം നേടാനും അവസരമുണ്ട്. അതേസമയം തിരഞ്ഞെടുത്ത രാജ്യങ്ങൾക്ക് മാത്രമേ ഈ പ്രോഗ്രാമിൽ പങ്കാളികളാകാൻ കഴിയൂ. പുതുക്കിയ വീസ നയ പ്രകാരം 2024-25 വർഷത്തിൽ ചൈന, വിയറ്റ്‌നാം, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വർക്ക് ആൻഡ് ഹോളിഡേ (സബ്‌ക്ലാസ് 462) വീസയ്ക്ക് വിഭാഗത്തിൽ മുൻകൂറായി അപേക്ഷകൾ നൽകാം.
ബാലറ്റ് വഴിയാണ് ആദ്യ വർക്ക്-ഹോളിഡേ വീസ അപേക്ഷകൾ തിരഞ്ഞെടുക്കുന്നത്. 25 ഓസ്‌ട്രേലിയൻ ഡോളറാണ് ബാലറ്റ് പ്രക്രിയയുടെ റജിസ്ട്രേഷൻ ഫീസ്. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് അവരുടെ വർക്ക് ആൻഡ് ഹോളിഡേ വീസ ഓൺലൈനായി അപേക്ഷിക്കാം.
ഇതിനകം തന്നെ വർക്ക്-ഹോളിഡേ വീസ ലഭിച്ചിട്ടുള്ള ചൈന, വിയറ്റ്‌നാം, ഇന്ത്യൻ പൗരന്മാർക്ക് ബാലറ്റിന് പകരം ഓസ്ട്രേലിയൻ സർക്കാർ അനുവദിച്ചിട്ടുണ്ട്. റജിസ്റ്റർ ചെയ്ത അക്കൗണ്ട് (https://online.immi.gov.au/lusc/login) വഴി ഓൺലൈനായി രണ്ടാമത്തെയോ മൂന്നാമത്തെയോ വർക്ക്-ഹോളിഡേ വീസയ്ക്ക് അപേക്ഷിക്കാം.
18 മുതൽ 30 വയസ്സ് വരെ പ്രായമുള്ളവർക്കാണ് ആദ്യ വർക്ക് ആൻഡ് ഹോളിഡേ വീസ അനുവദിക്കുന്നത്. വീസ ഉപയോഗിച്ച് അവധിക്കാലം ആസ്വദിക്കാനും തൊഴിലെടുക്കുവാനും നാല് മാസം വരെ രാജ്യത്ത് പഠിക്കാനും സാധിക്കും. കൂടാതെ ഓസ്‌ട്രേലിയയിലേക്കും തിരിച്ചും എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും കഴിയും. നിലവിൽ വർക്ക് ആൻഡ് ഹോളിഡേ വീസ കൈവശമുള്ളവർക്കും രണ്ടാമത്തെ വർക്ക് ആൻഡ് ഹോളിഡേ വീസയക്ക് ശ്രമിക്കാം.