ADVERTISEMENT

കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭാര്യയുമൊത്തു കോസ്റ്റ്‌കോയിൽ (Costco) ഷോപ്പിങ്ങിനു പോകുന്ന വഴി റോഡിൻറെ അരികിലൂടെ നിറയെ കാറുകൾ മെല്ലെ മുന്നോട്ടുപോകുന്നു. റോഡിൽ തിരക്കില്ല എന്നാൽ കാറുകളുടെ എണ്ണം അദ്ഭുതപ്പെടുത്തി. അതിൽ ആളുകൾ ഇരിപ്പുണ്ട് പക്ഷെ ഒക്കെ ശാന്തരായി വണ്ടി നീക്കി മുന്നോട്ടുപോകുന്നു. യാത്രയുടെ എതിർ ദിശയിലായിരുന്നതുകൊണ്ടു അവരോടു ചോദിക്കാനും തരപ്പെട്ടില്ല.

രാവിലെ പോയാൽ തിരക്കുകുറയും എന്ന് കരുതിയാണ് ഷോപ്പിങ് രാവിലെ ആക്കിയത്. എന്നാൽ പ്രതീക്ഷക്കു വിരുദ്ധമായി നിറയെ ആളുകൾ. വലിയ ഷോപ്പിങ് കാർട്ടുകളുമായി ഉറുമ്പുകൾ പോലെ നീങ്ങുന്നു. കയറുന്ന ഭാഗത്തുതന്നെ വിലകുറച്ചു വച്ചിരിക്കുന്ന അത്യാവശ്യസാധങ്ങൾ, അറിയാതെ കൈവച്ചുപോകുന്ന പ്രേരണ ആർക്കും ഉണ്ടാകും. ഒക്കെ വലിയ അളവിൽ. ചിലതൊക്കെ പെറുക്കി ഷോപ്പിങ് ക്വാർട്ടിൽ ഇട്ടു, ഭാര്യയുടെ ഒറ്റ നോട്ടത്തിൽ തിരിച്ചറിഞ്ഞു അവ ഒരിക്കലും ഉപയോഗിക്കാത്ത സാധങ്ങൾ ആണെന്ന്, അത് പതുക്കെ തിരിച്ചുവച്ചു മുന്നോട്ടുപോയി.

പിന്നെയും പ്രലോഭനങ്ങളിൽ പെടുത്താതെ കാത്തോണേ എന്ന പ്രാർഥനയോടെ മുന്നോട്ടുപോയെങ്കിലും വേണ്ടാത്ത ചിലതെങ്കിലും വീണ്ടും ക്വാർട്ടിൽ ഇടംപിടിച്ചു. ഒരു തരത്തിൽ ഷോപ്പിങ് ചെക്ക് ഔട്ട് ലൈനിൽ ചെന്നപ്പോൾ വലിയ നിര. ചിലർ ഒന്നിൽ കൂടുതൽ കാർട്ടുകളിൽ കുത്തിനിറച്ച സാധങ്ങളുമായി നിരന്നുനീങ്ങുന്നു. മിക്കവാറും മാസങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന ഗ്രോസറി സാധനങ്ങൾ. പണം ഉരച്ചശേഷം നിർദാക്ഷണ്യം സാധങ്ങൾ അവർ കാർട്ടിലേക്കു വലിച്ചെറിയുമ്പോൾ നീളുന്ന ബില്ലിന്റെ നീളത്തിലും കടുപ്പത്തിലും പരിഭവപ്പെട്ടു ഭാര്യയെ ഒന്നുകൂടി ക്രൂരമായി നോക്കി പുറത്തേക്കു വന്നു.

തിരിയെ വരുന്ന വഴി മുൻപുകണ്ട കാറുകളുടെ നിര നന്നേനേർത്തു, പതുക്കെ അവിടെ നിറുത്തി എന്താണ് അവിടെനടക്കുന്നതു എന്ന് നോക്കി. തീപിടിച്ച പച്ചയും മഞ്ഞയും നിറത്തിലുള്ള വെസ്റ്റുകൾ ധരിച്ച ചിലർ കാറുകളെ ഒരു സ്ഥലത്തേക്ക് നയിക്കുന്നു, ഫുഡ് ബാങ്ക് ആണ്എന്ന് മനസ്സിലായി. ഇത്രയും അധികം ആളുകൾ ധനാഢ്യമായ ഈ പ്രദേശത്തു ഭക്ഷണത്തിനായി കാത്തുനിൽക്കുന്ന സാഹചര്യം നടുക്കി. മില്യൻ ഡോളർ ഏതു ചവറുവീടിനും കിട്ടുന്ന സ്ഥലത്തെ ദാരിദ്ര്യത്തിന്റെ അവസ്ഥ കണ്ണുതുറപ്പിച്ചു. വീടും കാറും താമസവും ഉണ്ടെകിലും ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കാത്തിരിക്കുന്ന കുടുംബങ്ങൾ നമ്മൾക്കുചുറ്റും ഉണ്ട്, അവർ നിലനിൽക്കുന്നത് നല്ലമനസ്സുള്ള വളരെപ്പേരുടെ കരുണയിലാണ്.

സന്നദ്ധ സംഘടനകൾ സമാഹരിക്കുന്ന ഫുഡ് ഡ്രൈവ് കൊണ്ടുമാത്രം ഇത്തരം ആവശ്യങ്ങൾ തീരില്ല. ഒറ്റയ്ക്ക് കുട്ടികളെ വളർത്തേണ്ടി വരുന്ന അമ്മമാർക്ക് അവരുടെ ശമ്പളം കൊണ്ട് ബില്ലുകൾ കൊടുക്കാൻ കഴിയുമെങ്കിലും പലപ്പോഴും ഭക്ഷണത്തിനു തികയില്ല, അപ്പോൾ ഇത്തരം ഇടങ്ങളാണ് അവരെ സഹായിക്കുന്നത്. ലക്ഷങ്ങളോളം കുടുംബങ്ങൾ ഇങ്ങനെ ജീവിക്കുന്നു. പട്ടിണി എന്നും എവിടെയും ഒരു യാഥാർഥ്യമാണ് മേയ് 28 അതിനെ ഓർമപ്പെടുത്തുന്നു World Hunger Day.

എല്ലാ വർഷവും മേയ് 28 ന് ആചരിക്കുന്ന വേൾഡ് ഹംഗർ ഡേ, 2011-ൽ ദി ഹംഗർ പ്രോജക്ട് ആരംഭിച്ച ഒരു ആഗോള പരിപാടിയാണ്. ഇത് ലോക വിശപ്പ് അവസാനിപ്പിക്കുന്നതിനുള്ള ബോധവൽക്കരണവും പ്രചോദനവും നൽകുന്നു. 2021-ലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ലോകത്ത് പ്രതിദിനം 7,750 മുതൽ 15,345 വരെ പട്ടിണി മരണങ്ങൾ കണക്കാക്കുന്നു. 2024 മേയ് 28-ന് വ്യക്തികളും സംഘടനകളും ഗവൺമെന്റുകളും കൈവരിച്ച പുരോഗതി ആഘോഷിക്കാനും പട്ടിണിക്കെതിരായ പോരാട്ടത്തിൽ നിലനിൽക്കുന്ന വെല്ലുവിളികളെ അംഗീകരിക്കാനും ഉള്ള സമയമാണ്. ലോക വിശപ്പ് ദിനത്തിലെ നമ്മുടെ പങ്കാളിത്തം വിശപ്പ് ബാധിച്ചവരുടെ ദുരവസ്ഥ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ സഹായിക്കും.

നിരവധി കുട്ടികൾ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ ഓരോ ദിവസവും പട്ടിണിയുമായി ബന്ധപ്പെട്ട കാരണങ്ങളാൽ മരിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. ഈ മരണങ്ങൾ തടയാവുന്നവയാണ്, പട്ടിണിക്കെതിരായ പോരാട്ടം ജീവകാരുണ്യത്തിന്റെ മാത്രമല്ല, നീതിയുടെയും മനുഷ്യാവകാശങ്ങളുടെയും കാര്യമാകുന്നു.

കമ്മ്യൂണിറ്റികളിൽ ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ ആഘാതം വളരെ വലുതാണ്. അവബോധം വളർത്തുന്നതിനായി ഈ അറിവ് സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സോഷ്യൽ മീഡിയ പിന്തുടരുന്നവരുമായും പങ്കിടുക. പട്ടിണി നിവാരണ സംഘടനകളെ പിന്തുണയ്ക്കുക. ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള ഒരു മാർഗം പഞ്ചസാരയില്ലാതെ ഒരു ആഴ്ച പരീക്ഷിക്കുക, അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിലെ മറ്റ് ചില നിർണായക ഘടകങ്ങൾ ഒഴിവാക്കുക ഒക്കെയാണ്. പ്രാദേശിക ഫുഡ് ബാങ്കിനെ സഹായിക്കുക, ഫുഡ് ഡ്രൈവുകളിൽ പങ്കെടുക്കുക, അല്ലെങ്കിൽ ആവശ്യമുള്ളവർക്ക് ഭക്ഷണം വിതരണം ചെയ്യുന്ന ഓർഗനൈസേഷനുകളുമായി സഹകരിക്കുക എന്നിവ ഇതിൽ ഉൾപ്പെടാം. നിങ്ങൾക്ക് എടുക്കാൻ കഴിയുന്ന ഏറ്റവും ലളിതവും എന്നാൽ ഫലപ്രദവുമായ പ്രവർത്തനങ്ങളിലൊന്ന് നിങ്ങളുടെ ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക എന്നതാണ്. കുറച്ച് മാംസം കഴിക്കുക, സസ്യാധിഷ്ഠിത ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുക, ഒക്കെ നമുക്ക് ഏറ്റെടുക്കാവുന്ന ചെറിയ കാര്യങ്ങളാണ്, ലോകത്തിന്റെ വലിയ സാധ്യതകളും.

രാവിലെ ജോലിക്കു കയറുന്നതിനു മുൻപ് ഒരു കാപ്പി ഓഫിസിനു മുന്നിലുള്ള ഫുഡ് കോർട്ടിൽ നിന്നും പതിവായി വാങ്ങാറുണ്ട്. സ്ഥിരമായി വാങ്ങുന്ന ആൾ ആയതിനാൽ എന്റെ കോഫിയുടെ രീതികൾ അയാൾക്ക്‌ നന്നായി അറിയാം. അങ്ങനെ കോഫി പിക്ക് ചെയ്യാൻ ലൈനിൽ നിന്നപ്പോൾ ഒരാൾ അടുത്തുവന്നു ഒരു ഡോണട്ട് ചൂണ്ടിക്കാട്ടി, അതെനിക്ക് വാങ്ങിത്തരാമോ എന്ന് പതുക്കെ ചോദിച്ചു. അതിനെന്താ ഒരു കോഫി കൂടി ആവട്ടെ എന്ന് ചോദിച്ചു, അതുവേണ്ട ഡോണട്ട് മാത്രം മതി എന്ന് പറഞ്ഞു അയാൾ അതും വാങ്ങി നന്ദിപറഞ്ഞു ആൾക്കൂട്ടത്തിൽ മറഞ്ഞു. കോഫിയുമായി ഓഫിസിന്റെ പടികൾ കയറുമ്പോൾ ആ മനുഷ്യന്റെ മുഖം എന്നെ വല്ലാതെ ഉലച്ചുകളഞ്ഞു.

English Summary:

World Hunger Day Valkannadi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com